യേശു തളർവാതരോഗിയെ സുഖപ്പെടുത്തുന്ന വചനഭാഗമാണ് ഇന്നത്തെ ധ്യാനവിഷയം. ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നമ്മുടെ ‘ലക്ഷ്യങ്ങൾ’. അവ നേടിയെടുക്കാൻ ഏതറ്റം വരെയും എന്തു സാഹസികതയും നാം എടുക്കും. വിശ്വാസജീവിതം ജീവിക്കാനും ഒരൽപം സാഹസികത ആവശ്യമാണ്. സഭയുടെ ചരിത്രവും വിശുദ്ധാത്മക്കളുടെ ജീവിതവുമെല്ലാം ഇതിന് ഉദാഹരണമാണല്ലോ. ഇപ്രകാരം വിശ്വാസജീവിതത്തിൽ സാഹസികത കാട്ടുന്ന ഒരു സംഭവമാണ് മർക്കോസ് സുവിശേഷകൻ ഇന്ന് പ്രതിപാദിക്കുന്നത്. ക്രിസ്തുവിന്റെ വചനം കേൾക്കാൻ തടിച്ചുകൂടിയിരുന്ന ജനക്കൂട്ടത്തെയും അതിജീവിച്ച് സൗഖ്യം തേടുന്ന തളർവാതരോഗിയുടെ ഉപമ.
ഇന്നത്തെ കാലഘട്ടത്തിൽ ക്രൈസ്തവജീവിതം ജീവിക്കാൻ ഒരൽപം സാഹസിക്ത ആവശ്യമാണ്. വിശ്വാസജീവിതത്തെയും ക്രിസ്തീയമൂല്യങ്ങളെയുമെല്ലാം നശിപ്പിക്കാനുതകുന്ന തിന്മ നിറഞ്ഞ ഈ ലോകത്തിൽ പരിശുദ്ധ കുർബാനയെയും കൂദാശകളെയുമെല്ലാം പരിഹസിക്കുന്ന, നിസ്സാരവത്ക്കരിക്കാൻ തക്കവിധമുള്ള തിന്മശക്തികളുള്ള ഈ കാലത്ത് വിശ്വാസജീവിതം മുന്നോട്ട് നയിക്കാൻ പ്രയാസമാണ്. അതിന് ക്രിസ്തു എന്ന ലക്ഷ്യം എന്നും നമ്മുടെ മുന്നിലുണ്ടാവണം. ലക്ഷ്യം തെറ്റിപ്പോയൽ ചിലപ്പോൾ ലക്ഷ്യം കണ്ടെത്താൻ ഒരുപാട് മാർഗതടസ്സങ്ങളുണ്ടാകും. അതിനാൽ കിസ്തു എന്ന ലക്ഷ്യത്തെ നെഞ്ചോടു ചേർത്തുപിടിക്കാൻ നമുക്ക് പരിശ്രമിക്കാം. പരിശുദ്ധ കുർബാനയെയും കൂദാശകളെയും സ്നേഹിക്കുന്ന, അതിൽ വികസിക്കുന്ന ഒരു അതിസാഹസികജീവിതം നമുക്ക് നയിക്കാം.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS