ലത്തീൻ: ജനുവരി 15 ബുധൻ, മർക്കോ. 1: 29-39 ക്രിസ്തുവിനെപ്രതി ത്യാഗം ചെയ്താൽ

വി. മർക്കോസിന്റെ സുവിശേഷം ഒന്നാം അധ്യായം 29 മുതൽ 39 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം. ക്രിസ്തു പത്രോസിന്റെ അമ്മായിയമ്മയെ സുഖപ്പെടുത്തുന്ന വചനഭാഗത്തെ മർക്കോസ് സുവിശേഷകൻ ഇവിടെ എടുത്തുകാട്ടുകയാണ്.

“എന്നെ അനുഗമിക്കുക” എന്ന ക്രിസ്തുവിന്റെ വാക്ക് കേട്ട് എല്ലാം ഉപേക്ഷിച്ച് അവനെ അനുഗമിച്ചവരാണ് ക്രിസ്തുശിഷ്യർ. തന്നെപ്രതി എല്ലാം ഉപേക്ഷിക്കുന്നവന് നൂറിരട്ടിയായി തിരിച്ചും ലഭിക്കും എന്നും ക്രിസ്തു ഈ വചനഭാഗത്ത് പറഞ്ഞുവയ്ക്കുന്നുണ്ട്. ക്രിസ്തുവിനെപ്രതി എല്ലാം ഉപേക്ഷിച്ചു എന്നതിന്റെ പേരിൽ ആർക്കും ഒരു നഷ്ടവും വരുന്നില്ല എന്നതിന് ഉത്തമ തെളിവാണ് ഇത്.

ക്രൈസ്തവരായ നാം ഓരോരുത്തരും മനസ്സിൽ സൂക്ഷിക്കേണ്ട ഒരു വചനഭാഗം കൂടിയാണിത്. ക്രിസ്തുവിനായി നാം എന്തൊക്കെ ഉപേക്ഷിച്ചാലും എത്രമാത്രം ത്യാഗം സഹിച്ചാലും അതിനെല്ലാം പ്രതിഫലമുണ്ട് എന്നുള്ളത് ഈ വചനഭാഗം നമുക്ക് തരുന്ന ഉറപ്പാണ്. അവൻ ആരെയും ഉപേക്ഷിക്കുന്നില്ല; അവൻ എല്ലാവരുടെയും വിഷമങ്ങളും വേദനകളും തിരിച്ചറിയുന്നവനാണ്. ഈ ചിന്ത എപ്പോഴും നമ്മുടെ കൂടെയുണ്ടാവട്ടെ.

ഫാ. ചാക്കോവടക്കേത്തലയ്ക്കൾ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.