വി. യോഹന്നാന്റെ സുവിശേഷം മൂന്നാം അധ്യായം 22 മുതൽ 30 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. ജനമെല്ലാം യേശുവിന്റെ അടുത്തേക്ക് പോകുന്നു എന്ന് സ്നാപകന്റെ ശിഷ്യന്മാർ പറഞ്ഞപ്പോൾ സ്നാപകയോഹന്നാന്റെ മറുപടി, ഞാൻ കുറയുകയും അവൻ വളരുകയും വേണം എന്നതായിരുന്നു. ഒരുപക്ഷേ, നമ്മുടെയൊക്കെ ജീവിതത്തിൽനിന്നും അന്യമായിപ്പോകുന്ന ചില മനോഭാവങ്ങൾക്കുള്ള ഓർമപ്പെടുത്തലുകളാണ് ഈ ഒരു വാക്യം.
മറ്റുള്ളവർ വളരുന്നതും എന്റെ സാധ്യതകൾ തളരുന്നതുമായ ചില സാഹചര്യങ്ങൾ വരുമ്പോൾ പലപ്പോഴും ഉള്ളിന്റെയുള്ളിൽ നമുക്കുണ്ടാകുന്ന ചില അസൂയാമനോഭാവങ്ങളെല്ലാം മാറ്റിവച്ചുകൊണ്ട് സ്നാപകൻ വരച്ചുകാട്ടുന്ന ഈ ഒരു ക്രൈസ്തവ ആധ്യാത്മികതയിലേക്കു വളരാൻ നമുക്കു സാധിക്കട്ടെ. ഈയൊരു വളർച്ച നമ്മിൽ സാധ്യമാകാതെ പോകുമ്പോഴാണ് പലപ്പോഴും ഇടർച്ചകളും തളർച്ചകളും നമ്മുടെ സമൂഹബന്ധത്തിലും കുടുംബബന്ധത്തിലും രൂപപ്പെടുന്നത്.
മറ്റുള്ളവരുടെ വളർച്ചയിൽ സന്തോഷം കണ്ടെത്താനുള്ള നമ്മുടെ മനോഭാവം ഒരു കുറവായിട്ടല്ല കാണേണ്ടത്, മറിച്ച് വളർച്ചയുടെ ഒരു പൂർണ്ണതയായി വേണം അതിനെ നാം മനസ്സിലാക്കാൻ. എങ്കിൽ മാത്രമേ മറ്റുള്ളവരെ സ്നേഹിക്കാനും അംഗീകരിക്കാനും നമുക്ക് സാധിക്കൂ. ഈയൊരു മനോഭാവത്തെ സ്വന്തമാക്കാൻ പ്രത്യേകമായി നമുക്ക് പ്രാർഥിക്കാം.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS