ലത്തീൻ: ജനുവരി 07 ചൊവ്വ, മർക്കോ. 6: 34-44 ക്രിസ്തു എന്ന പ്രത്യാശ

വി. മർക്കോസിന്റെ സുവിശേഷം ആറാം അധ്യായം 34 മുതൽ 44 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. ഈശോ അഞ്ചപ്പം കൊണ്ട് അനേകരെ തൃപ്തരാക്കുന്ന വചനഭാഗമാണിത്. തന്റെ മുൻപിലേക്ക് വചനം കേൾക്കാനായി ദാഹത്തോടെ വന്ന ജനത്തോട് അനുകമ്പ തോന്നുന്ന ക്രിസ്തു, അവരെ പഠിപ്പിക്കുന്ന ക്രിസ്തു, വിജനപ്രദേശമായതിനാൽ അവർക്ക് ഭക്ഷിക്കാൻ കൊടുക്കാൻ തങ്ങളുടെ പക്കൽ ഒന്നുമില്ലെന്നും അവരെ ഭക്ഷിക്കാൻ അയയ്ക്കണമെന്നും അപേക്ഷിക്കുന്ന ശിഷ്യന്മാർ. എന്നാൽ നിങ്ങളുടെ പക്കൽ ഉള്ളതുകൊണ്ട് അവരെ തൃപ്തരാക്കാൻ കൽപിക്കുന്ന ക്രിസ്തു. ഇവിടെയായിരുന്നു ശിഷ്യന്മാരുടെ പരാജയം. തങ്ങളുടെകൂടെ ക്രിസ്തു ഉണ്ടെന്നുള്ള ബോധ്യം അവരിൽ ഇല്ലായിരുന്നു. അസാധ്യതകളിലേക്കാണ് അവർ നോക്കിയത്. എന്നാൽ എല്ലാം സാധ്യമാക്കുന്ന ക്രിസ്തുവിലേക്കു നോക്കുന്നതിലും അവനിൽ പ്രതീക്ഷ അർപ്പിക്കുന്നതിലും അവർ പരാജിതരാകുന്നു.

പലപ്പോഴും ജീവിതത്തിൽ നമ്മളും ഈ ശിഷ്യന്മാരെപ്പോലെ പരാജിതരാവുകയല്ലേ. ജീവിതത്തിൽ നൊമ്പരങ്ങളും വേദനകളും സങ്കടങ്ങളും വരുമ്പോൾ ക്രിസ്തുവിലേക്ക്  – എന്നും എപ്പോഴും നമ്മുടെ കൂടെയുള്ള പരിശുദ്ധ കുർബാന ആയവനിലേക്ക് – നോക്കാൻ നാം പരാജിതരാകുന്നു. ഒരു ക്രൈസ്തവന്റെ അടിസ്ഥാനം എപ്പോഴും ക്രിസ്തു ആയിരിക്കണം. അപ്പോഴേ അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ  തൃപ്തരാക്കിയ ക്രിസ്തുവിൽ പ്രത്യാശയുള്ളവരാകാൻ നമുക്കാകൂ.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.