വി. മത്തായി സുവിശേഷമനുസരിച്ച് ജ്ഞാനികളും ഹേറോദേസും അന്വേഷകരാണ്. ജ്ഞാനികൾ സത്യത്തെ അതായത് ക്രിസ്തുവിനെ അന്വേഷിക്കുന്നു; ഹേറോദേസ് ആ സത്യത്തെ തകർക്കുന്ന വഴികളും. ഇരുവരുടെയും ലക്ഷ്യം ക്രിസ്തുവാണെങ്കിലും മാർഗങ്ങൾ പലതാണ്. ജ്ഞാനികൾ ദൈവഹിതത്തിനൊത്ത്, ദൈവം കാണിച്ചുതരുന്ന നക്ഷത്രത്തിനൊത്ത് യാത്ര ചെയ്യുമ്പോൾ ഇവിടെ ഹേറോദേസ് തന്റെ അധികാരത്തെ സംരക്ഷിക്കാനായി ദുഷിച്ച മാർഗങ്ങൾ തേടുന്നു. അത് ഒരുപാട് പേരുടെ നിഷ്കളങ്കരക്തം ചൊരിയുന്നതിനും കണ്ണീരിനും കാരണമാകുന്നു.
പലപ്പോഴും ലോകത്തിലുണ്ടാകുന്ന ദുരന്തങ്ങൾക്കു കാരണം മനുഷ്യന്റെ ചില തെറ്റായ മാർഗങ്ങളാണ്. ജ്ഞാനികൾ ദൈവതിരുമനസ്സിനൊത്ത് യാത്ര ചെയ്തപ്പോൾ അവർക്ക് ക്രിസ്തുവിനെ സ്വന്തമാക്കാൻ സാധിച്ചു. എന്നാൽ സ്വന്തം മാർഗങ്ങളെ തേടിയ ഹേറോദേസിനാകട്ടെ, ജീവിതം മുഴുവൻ അസ്വസ്ഥതയും.
എന്നും സന്തോഷം തേടുന്നവരാണ് മനുഷ്യർ. എന്നാൽ ആ സന്തോഷം നേടാനായി നമ്മൾ പുൽകുന്ന മാർഗങ്ങൾ എപ്രകാരമെന്ന് ചിന്തിക്കാം. ദൈവതിരുമനസ്സിനൊത്ത് യാത്ര ചെയ്താൽ ശാശ്വതമായ സന്തോഷം നമുക്ക് ലഭിക്കും. ജ്ഞാനികളെപ്പോലെ സത്യസന്ധമായ വഴിയെ നമുക്ക് സത്യം തേടാം.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS