ഇന്ന് പുതുവത്സര ദിനമാണ്. വി. ലൂക്കായുടെ സുവിശേഷം രണ്ടാം അധ്യായം 16 മുതൽ 21 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. ക്രിസ്തുവിനെ ദർശിക്കാൻ ഭാഗ്യം ലഭിക്കുന്ന ആട്ടിടയന്മാർ പിന്നീട് ക്രിസ്തുവിനെ പ്രഘോഷിക്കുന്ന വ്യക്തിത്വങ്ങളായി മാറുന്ന വചനഭാഗമാണിത്. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരായിരുന്നെങ്കിലും ക്രിസ്തുവിന്റെ മുൻപിൽ അവർ ഭാഗ്യപ്പെട്ടവരായിരുന്നു. ക്രിസ്തു ജനിച്ചു എന്ന മംഗളകരമായ വാർത്ത ആദ്യം ലഭിച്ചവർ. തങ്ങൾക്ക് ലഭിച്ച ആ സന്തോഷത്തെ, ദർശിച്ച ആ ഭാഗ്യത്തെ അവർ മറ്റുള്ളവർക്ക് നൽകുക കൂടി ചെയ്യുന്നു.
ആട്ടിടയന്മാരുടെ ഈ മനോഭാവത്തെ നമുക്കും സ്വീകരിക്കാം. നമുക്ക് ലഭിക്കുന്ന, നമ്മൾ സ്വീകരിക്കുന്ന ക്രിസ്തുവിനെ മറ്റുള്ളവർക്കും നൽകാൻ നമുക്ക് പരിശ്രമിക്കാം. ഇന്ന് പുതിയൊരു വർഷത്തിലേക്ക് നാം കടക്കുകയാണ്. ജീവിതത്തിൽ ലഭിക്കുന്ന സന്തോഷങ്ങളെ സ്വാർഥമനോഭാവങ്ങൾ വെടിഞ്ഞ് മറ്റുള്ളവർക്കും കൂടി പകരുന്ന വ്യക്തിത്വങ്ങളായി വളരാൻ നമുക്ക് പരിശ്രമിക്കാം.
ഏവർക്കും പുതുവത്സരാശംസകൾ!
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS