വി. ലൂക്കായുടെ സുവിശേഷം ഒന്നാം അധ്യായം 39 മുതൽ 45
വരെയുള്ള തിരുവചനഭാഗമാണ് ഇന്നത്തെ ധ്യാനവിഷയം. നമ്മുടെ ജീവിതത്തിൽ ദൈവം തരുന്ന കൃപകൾക്ക് നാം എത്രപേർ ദൈവത്തിന് നന്ദിപറയുന്നുണ്ട്? പലപ്പോഴും ജീവിതത്തിൽ ദൈവകൃപകൾ കിട്ടുന്നതുവരെയെ ഉള്ളൂ നമ്മുടെയൊക്കെ പ്രാർത്ഥന, അതുകഴിഞ്ഞാൽ ദൈവത്തിനും പ്രാർത്ഥനയ്ക്കും യാതൊരു സ്ഥാനവും ഇല്ലാതെപോകും. ഇവിടെയാണ് പരിശുദ്ധ അമ്മ വ്യത്യസ്തയാകുന്നത്. ദൈവം തനിക്ക് നൽകിയ കൃപകൾക്ക് നന്ദിപറയുന്ന പരിശുദ്ധ അമ്മയെയാണ് വചനം എടുത്തുകാട്ടുന്നത്. ഒന്നുമില്ലാതിരുന്ന തന്റെ ജീവിതത്തെ കൃപകൾ കൊണ്ട് നിറയ്ക്കുന്ന ദൈവത്തെ വാഴ്ത്തിപ്പാടുകയാണ് പരിശുദ്ധ അമ്മ. എളിയവരെ ഉയർത്തുന്ന, വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങൾ കൊണ്ട് സംതൃപ്തരാക്കുന്ന ദൈവത്തെ സ്തുതിച്ചുപാടുകയാണ് പരിശുദ്ധ മറിയം.
അനുദിനം എത്രയോ അനുഗ്രഹങ്ങൾ ദൈവത്തിൽനിന്ന് നമുക്ക് ലഭിക്കുന്നു. എന്നാൽ, അതിനെല്ലാം നന്ദിപറയാൻ നമ്മൾ മനസ്സാകുന്നുണ്ടോ എന്ന് ചിന്തിച്ചുനോക്കാം. എന്ത് കിട്ടി, എത്ര കിട്ടി എന്ന് നോക്കിയല്ല നന്ദിപറയേണ്ടത്, മറിച്ച് ദൈവം നമുക്ക് നൽകിയതിനെല്ലാം – ചെറിയവയെന്ന് തോന്നുന്നതിനുപോലും – നന്ദിപറയാൻ നാം മനസ്സാകണം. ലഭിക്കുന്ന അനുഗ്രഹങ്ങൾ എത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും അതിനെല്ലാം നന്ദി പറഞ്ഞ് ദൈവത്തെ മഹത്വപ്പെടുത്തുമ്പോഴാണ് ജീവിതത്തിന് അർഥമുണ്ടാകുന്നത്. നമ്മുടെയൊക്കെ ജീവിതവും പരിശുദ്ധ അമ്മയോടൊപ്പം ഇപ്രകാരം നമുക്ക് സമാഹരിക്കാം: ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. ദൈവത്തിന്റെ കൃപയിൽ ആശ്രയിച്ച് അനുദിനം ജീവിക്കാൻ ഈ വചനം നമുക്ക് ശക്തിയേകട്ടെ.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS