ലത്തീൻ: ഡിസംബർ 18 ബുധൻ, മത്തായി 1: 18-24 കൂടെയുള്ള ദൈവം

യേശുവിന്റെ ജനനത്തെക്കുറിച്ച് മത്തായി സുവിശേഷം പ്രതിപാദിക്കുന്ന തിരുവചനഭാഗമാണ് ഇന്നത്തെ ധ്യാനവിഷയം. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തീരുമാനം എടുക്കേണ്ട നിമിഷത്തിൽ ദൈവത്തോട് ആലോചന ചോദിക്കുന്ന ജോസഫ് ആണ് ഇന്നത്തെ പ്രധാന ധ്യാനവിഷയം. ജീവിതത്തിൽ പലപ്പോഴും തകർച്ചകൾക്കും തളർച്ചകൾക്കും കാരണമാകുന്നത് നമ്മിലെ സംശയങ്ങളാണ്. എന്നാൽ, ഈ സംശയത്തിന്റെ നാളുകളിലും ജോസഫ് ജീവിതവിജയം നേടുന്നത് അവൻ ദൈവത്തോടൊത്തു ചിന്തിക്കാനും ദൈവഹിതത്തിനൊത്ത് പ്രവർത്തിക്കാനും മനസ്സ് കാണിക്കുമ്പോഴാണ്.

വചനം പറയുന്നു: “ജോസഫ് നിദ്രയിൽ നിന്നുണർന്ന് കർത്താവിന്റെ ദൂതൻ കൽപിച്ചതുപോലെ പ്രവർത്തിച്ചു.” ജീവിതത്തിൽ എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം എന്നൊക്കെ ഏറെ ആശങ്കപ്പെടുന്ന നിമിഷങ്ങളിൽ ദൈവം നമ്മോടുകൂടെ എന്ന വചനം മനസ്സിൽ സൂക്ഷിക്കാം. ജീവിതം തകർന്ന് തരിപ്പണമാകുമെന്ന് ചിന്തിക്കുമ്പോഴും ദൈവം നമ്മോടു കൂടെയുണ്ട് എന്ന വചനം തന്നെയാവട്ടെ ക്രിസ്തുമസ് നാളിൽ നമ്മുടെ ഓരോരുത്തരുടെയും വലിയ ശക്തി.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.