ലത്തീൻ: ഡിസംബർ 15 ഞായർ, ലൂക്കാ 3: 10-18 സ്നാപകന്റെ മഹത്വം

വി. ലൂക്കായുടെ സുവിശേഷം മൂന്നാം അധ്യായം 10 മുതൽ 18 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. ക്രിസ്തുവിനു മുന്നോടിയായി സ്നാപകൻ വിശ്വാസത്തിന്റെ വഴിയൊരുക്കുന്ന ചില ഭാഗങ്ങളാണ് ഈ വചനത്തിൽ നാം കാണുന്നത്. ക്രിസ്തുവിന് വഴിയൊരുക്കാൻ വന്നവനായിരുന്നു സ്നാപകൻ. അതുകൊണ്ടുതന്നെ ജനങ്ങളിലുള്ള പാപത്തിന്റെ കെട്ടുകളെ വലിച്ചെറിയാനും വിശ്വാസത്തിന്റെ പാത സ്വീകരിച്ച സ്നേഹത്തിൽ ചരിക്കാനും ക്രിസ്തുവിനെ വിശ്വാസത്തോടെ സ്വീകരിക്കാൻ തക്കവിധം മനസ്സിനെ ഒരുക്കാനും ജനങ്ങളെ സ്നാപകൻ ഉദ്ബോധിപ്പിക്കുന്നു. ഒരുപക്ഷേ, സ്നാപകന് ക്രിസ്തുവിനെപ്രതി ലഭിക്കാവുന്ന പല നേട്ടങ്ങളും അവൻ വേണ്ടെന്നുവച്ചതുകൊണ്ടുതന്നെ ജീവിതത്തിൽ വലിയ മഹത്വമാണ് സ്നാപകൻ ക്രിസ്തുവിനു നൽകുന്നത്.

ഒരു ക്രിസ്തുമസ് കാലത്തിനായി നാം ഒരുങ്ങുമ്പോഴും നാം ചെയ്യുന്ന ഓരോ ആത്മീയപ്രവർത്തികളും അധ്യാത്മികധ്യാനങ്ങളുമെല്ലാം ക്രിസ്തുവിന്റെ മഹത്വത്തിനായി ചെയ്യാൻ സ്നാപകൻ നമ്മെ ഓർമിപ്പിക്കുന്നു. അപ്പോഴാണ് നാം ചെയ്യുന്ന ഓരോ പുണ്യപ്രവർത്തികളും ഫലവത്താവുന്നത്. ‘ഞാൻ കുറഞ്ഞാലും അവൻ വളരണം’ എന്ന സ്നാപകന്റെ മനോഭാവത്തെ സ്വീകരിച്ചുകൊണ്ട് നമുക്കും ക്രിസ്തുവിൽ വളരാൻ പരിശ്രമിക്കാം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.