ഇന്ന് തിരുസഭ കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ തിരുനാൾ ആഘോഷിക്കുകയാണ്. വി. മത്തായിയുടെ സുവിശേഷം 17-ാം അധ്യായം 10 മുതൽ 13 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. ക്രിസ്തുവിന്റെ രൂപാന്തരീകരണം ശിഷ്യരുടെ ജീവിതത്തിൽ ഒരുപാട് ബോധ്യങ്ങൾ നൽകുന്നതായിരുന്നു. പഴയ നിയമവും പുതിയ നിയമവും കണ്ടുമുട്ടുന്ന ഒരിടം എന്ന് ക്രിസ്തുവിന്റെ രൂപാന്തരീകരണഭാഗത്തെ വിശേഷിപ്പിക്കാം. സ്നാപകനെ പഴയനിയമത്തിലെ ഏലിയായോടാണ് ക്രിസ്തു ഉപമിച്ചത്. കാരണം, സ്നാപകൻ ക്രിസ്തുവിന് വഴിയൊഴുക്കാൻ വന്നവനായിരുന്നു. അതായിരുന്നു അവന്റെ നിയോഗം.
ജീവിതത്തിൽ നാമും ക്രിസ്തുവിനായി ജീവിക്കേണ്ടവരാണ്. ദൈവനിയോഗം മറന്ന് നാം ജീവിച്ചാൽ അവിടെ സ്വാർഥതയും അഹംഭാവവും നിറയും. സ്നാപകൻ പറഞ്ഞ വചനം എന്നും നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കട്ടെ – “അവൻ വളരുകയും ഞാൻ കുറയുകയും വേണം.”
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS