ജീവിതത്തിൽ കുരിശുകളും വേദനകളുമില്ലാതെ ആരും വിശുദ്ധിയെ പുൽകിയിട്ടില്ല. സത്യത്തിനുവേണ്ടി നിലകൊണ്ടവരെല്ലാം ഈ ലോകജീവിതത്തിൽ ഒരുപാട് വേദനകളെ സ്വീകരിച്ചിട്ടുണ്ട്. അതിന് ചരിത്രം സാക്ഷിയാണ്. സ്നാപകന്റെ ജീവിതത്തിനും ക്രിസ്തുവിന് വഴിയൊരുക്കുക എന്ന ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ, അവിടെയും അവന് വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും സ്വീകരിക്കേണ്ടിവന്നു. ക്രിസ്തു ഈ ലോകത്തിൽ വന്നത് സത്യത്തിന് സാക്ഷ്യം നൽകാനായിരുന്നു. ദൈവപുത്രൻ ആയിരുന്നെങ്കിലും പക്ഷെ, അവനും ക്രൂശിക്കപ്പെട്ടു.
ഇന്ന് ഒരു ക്രൈസ്തവൻ എന്ന നിലയിൽ ഈ ലോകത്തിൽ ഒരു ക്രിസ്തുസാക്ഷിയായി ഞാൻ ജീവിക്കുമ്പോൾ സഹനങ്ങളും വേദനകളും തീർച്ചയായും എന്റെ ജീവിതത്തിലുമുണ്ടാകും എന്നുള്ളത് മറക്കാതിരിക്കാം. പരാതികളോ, വലിപ്പങ്ങളോ ഇല്ലാതെ ദൈവഹിതത്തോടു ചേർത്തുവച്ച് അവയെ സ്വീകരിക്കുമ്പോഴാണ് ഞാനും ഒരു നല്ല ക്രിസ്ത്യാനിയാവുന്നത്, വിശുദ്ധിയുള്ള വ്യക്തിയാവുന്നത്. ഈശോയേ, വിശുദ്ധിയിൽ ജീവിക്കാൻ എന്നെ സഹായിക്കണമേ.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS