വി. മത്തായിയുടെ സുവിശേഷം 11-ാം അധ്യായം 28 മുതൽ 30 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ജീവിതത്തിൽ ക്ലേശങ്ങളും സഹനങ്ങളും ഭാരങ്ങളും ചുമക്കുന്നവർക്ക് ക്രിസ്തു നൽകുന്ന ഒരു ആശ്വാസത്തിന്റെ വചനമാണ് ഇത്. അന്നത്തെ ജനങ്ങളെ സംബന്ധിച്ച് അവർ യഹൂദനിയമങ്ങളുടെ ഒരുപാട് ഭാരങ്ങൾ വഹിക്കുന്നവരായിരുന്നു. പല നികുതികളും അവരുടെ ജീവിതത്തെ ആകുലപ്പെടുത്തുന്നവ ആയിരുന്നു. എന്നാൽ ആ ജനങ്ങളെ നോക്കിയാണ് ക്രിസ്തു തന്നിൽനിന്ന് പഠിക്കാനും തന്റെ അടുക്കലേക്കു വരാനും അവരെ സ്വാഗതം ചെയ്യുന്നത്.
ഇന്നത്തെ കാലത്ത് ജീവിക്കുന്ന നമ്മളും ജീവിതത്തിൽ ഒരുപാട് ക്ലേശങ്ങളും സഹനങ്ങളും നേരിടുന്നവരാണ്. ഇനിയെന്ത് എന്നോർത്ത് ജീവിതത്തെക്കുറിച്ച് ആകുലപ്പെടുന്നവരാണ്. എന്നാൽ, എല്ലാത്തിനുമുള്ള ഉത്തരം ക്രിസ്തുവാണ് എന്ന് നാം ഒരിക്കലും മറക്കരുത്. ക്രിസ്തുവിലേക്കു നോക്കി യാത്രചെയ്യുന്ന ഓരോ ക്രൈസ്തവനും ജീവിതത്തിൽ പ്രത്യാശ ഉള്ളവരായി മാറും എന്നതിന് വചനവും ചരിത്രവും സാക്ഷിയാണ്. അതുകൊണ്ട് ഭാരങ്ങൾ വഹിക്കുന്നവരും അധ്വാനിക്കുന്നവരുമായ എല്ലാവരെയും തന്നിലേക്ക് മാടിവിളിക്കുന്ന ക്രിസ്തുവിനെ നോക്കി നമുക്ക് യാത്ര ചെയ്യാം. ആ ക്രിസ്തുവായിരിക്കട്ടെ എന്നും നമ്മുടെ ഏക ആശ്രയം.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS