വി. ലൂക്കായുടെ സുവിശേഷം 21-ാം അധ്യായം 25 മുതൽ 28 വരെയും 34 മുതൽ 36 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. ക്രിസ്തുവിന്റെ രണ്ടാം വരവിനെക്കുറിച്ച് നാം ജാഗരൂകരായിരിക്കണമെന്നും അതിനായി എപ്പോഴും ഒരുങ്ങിയിരിക്കണമെന്നും ക്രിസ്തു ഇവിടെ പഠിപ്പിക്കുകയാണ്. ജീവിതത്തിലെ ചില മുന്നറിയിപ്പുകൾ ജീവിതത്തിന്റെ ചില മുന്നൊരുക്കങ്ങൾക്കുള്ളതാവണം. ക്രിസ്തു പഠിപ്പിക്കുന്ന ഈ ജാഗ്രത ഒരിക്കലും ഭയപ്പാടോടെയല്ല നാം വീക്ഷിക്കേണ്ടത്, മറിച്ച് ഏറ്റവും ഒരുക്കത്തോടെ അതിനെ എപ്രകാരം സ്വീകരിക്കാമെന്നാണ് അവൻ പഠിപ്പിക്കുന്നത്. ഈ ദിനത്തിനായി ഒരു ക്രൈസ്തവൻ എപ്പോഴും പ്രാർഥനയോടെ ആയിരിക്കണം. അതായത്, പ്രാർഥനയാണ് എല്ലാത്തിനുമുള്ള പരിഹാരമെന്ന് ക്രിസ്തു പറയാതെ പഠിപ്പിക്കുകയാണ്.
ഒരു ക്രൈസ്തവന്റെ ഏറ്റവും വലിയ ആഗ്രഹമാണ് സ്വർഗം പ്രാപിക്കുക എന്നത്. ആ സ്വർഗരാജ്യത്തിന് നാം അർഹരാകണമെങ്കിൽ ദൈവത്തിന്റെ ഹിതത്തിനൊത്തു ജീവിക്കാനും ദൈവികപുണ്യങ്ങളെയും മൂല്യങ്ങളെയും കൂട്ടുപിടിച്ച് ജീവിക്കാനും നമുക്കു സാധിക്കണം. അതുകൊണ്ട് എപ്പോൾ വരുമെന്നോ, എങ്ങനെ വരുമെന്നോ എന്നുള്ള മുന്നറിയിപ്പുകളില്ലാത്ത ആ ദിവസത്തിനായി പ്രാർഥനയോടെ, ജാഗ്രതയോടെ നമുക്ക് ഒരുങ്ങാം.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS