ലത്തീൻ: നവംബർ 29 വെള്ളി, ലൂക്കാ 21: 29-33 തിരിച്ചറിവുകൾ

വി. ലൂക്കായുടെ സുവിശേഷം 21-ാം അധ്യായം 29 മുതൽ 33 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. കാലത്തിന്റെ വ്യതിയാനങ്ങളെ മനസ്സിലാക്കി മനുഷ്യൻ തന്റെ ജീവിതത്തെ ക്രമപ്പെടുത്തുന്നതുപോലെ നമ്മുടെ ആത്മീയജീവിതത്തെയും ചില അടയാളങ്ങളിലൂടെ മനസ്സിലാക്കി ക്രമപ്പെടുത്താൻ നാം പരിശ്രമിക്കണമെന്ന് വചനഭാഗം ഓർമപ്പെടുത്തുന്നു. അത്തിവൃക്ഷം തളിർക്കുമ്പോൾ വേനൽക്കാലം അടുത്തിരിക്കുന്നു എന്ന് മനസ്സിലാക്കുന്നതുപോലെ കാലത്തിന്റെ വ്യതിയാനങ്ങളെയും വ്യതിചലനങ്ങളെയും മനസ്സിലാക്കി ദൈവരാജ്യം സമാഗതമാകുന്നു എന്ന അറിവോടെ ജീവിക്കാവാൻ ഓരോ ക്രൈസ്തവനും സാധിക്കണം.

ദൈവരാജ്യമായിരിക്കണം നമ്മുടെ ഏറ്റവും അന്തിമമായ ലക്ഷ്യം. സ്വർഗത്തെ ലക്ഷ്യമാക്കിയുള്ളതായിരിക്കണം ഓരോ ക്രൈസ്തവന്റെയും ജീവിതമെന്ന് ക്രിസ്തു ഇവിടെ പഠിപ്പിക്കുകയാണ്. ദൈവരാജ്യത്തിനും ദൈവഹിതത്തിനും ഉതകുന്ന പ്രവർത്തികളെ ചെയ്യാനും അതിനനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്താനും നമുക്ക് പരിശ്രമിക്കാം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.