വി. ലൂക്കായുടെ സുവിശേഷം 21-ാം അധ്യായം 20 മുതൽ 28 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. ക്രിസ്തു അവസാന നാളുകളെക്കുറിച്ച് മനുഷ്യർക്കു നൽകുന്ന ചില മുന്നറിയിപ്പുകളാണ് വചനഭാഗം അവതരിപ്പിക്കുന്നത്. ജെറുസലേമിന്റെ പതനത്തെക്കുറിച്ചും അവസാന നാളത്തെ ചില അടയാളങ്ങളെക്കുറിച്ചുമൊക്കെ ക്രിസ്തു ഇവിടെ പ്രതിപാദിക്കുകയാണ്. പ്രകൃതിയുടെ ഭാവഭേദത്തിനൊത്ത് മനുഷ്യൻ കാലത്തിന്റെ വ്യതിയാനങ്ങളെ മനസ്സിലാക്കുന്നതുപോലെ ഓരോ ക്രൈസ്തവനും അവസാന നാളുകളെ തിരിച്ചറിയണമെന്നാണ് ക്രിസ്തു പഠിപ്പിക്കുന്നത്.
സദാ ജാഗരൂകരായിരിക്കാൻ ക്രിസ്തു ഈ വചനഭാഗത്ത് പഠിപ്പിക്കുന്നുണ്ട്. ഇപ്രകാരം കാലത്തിന്റെ വ്യതിയാനങ്ങളെയും മാറ്റങ്ങളെയും തിരിച്ചറിഞ്ഞ്, അവസാന നാളുകൾക്കായി മനുഷ്യൻ എപ്പോഴും ഒരുങ്ങിയിരിക്കണമെന്ന് ക്രിസ്തു ഉദ്ബോധിക്കുകയാണ്. ജീവിതം എന്നത് ദൈവത്തിന്റെ ദാനമാണെന്നും എത്രമാത്രം ഉയർന്നാലും ഉയർച്ച പ്രാപിച്ചാലും അവസാന നാളിൽ ആറടി മണ്ണ് മാത്രമാണ് മനുഷ്യന്റെ സ്വന്തമാകുന്നത് എന്നുമുള്ള തിരിച്ചറിവുകൾ നമ്മുടെ ജീവിതത്തിന് എന്നും ഒരു പാഠമായിരിക്കട്ടെ.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS