വി. ലൂക്കായുടെ സുവിശേഷം 18-ാം അധ്യായത്തിൽ, ഈശോ അന്ധനായ ഒരു യാചകനെ സുഖപ്പെടുത്തുന്ന വചനഭാഗമാണ് ഇന്ന് നമ്മൾ ധ്യാനിക്കുന്നത്. തന്റെ ജന്മസിദ്ധമായ അന്ധതയും ജനക്കൂട്ടവും തടസ്സമായിനിന്നപ്പോഴും അതിനെയെല്ലാം അതിലംഘിച്ചുകൊണ്ട് ക്രിസ്തു ദാവീദിന്റെ പുത്രനാണ് എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന അന്ധയാചകന്റെ വിശ്വാസം ക്രൈസ്തവരായ നമുക്ക് എന്നും വെല്ലുവിളിയാകണം.
ജീവിതത്തിൽ വിശ്വാസം പ്രഖ്യാപിക്കാൻ കിട്ടുന്ന അവസരങ്ങളെ ഉപയോഗപ്പെടുത്തുക. അന്ധയാചകനെപ്പോലെ, തന്റെ മുൻപിലൂടെ കടന്നുപോകുന്നവൻ സത്യദൈവമാണെന്ന് അറിഞ്ഞപ്പോൾ അവൻ തന്റെ വിശ്വാസത്തെ ഉറക്കെ പ്രഖ്യാപിച്ചതുപോലെ നമുക്കും നമ്മുടെ ക്രൈസ്തവജീവിതത്തിൽ നമ്മുടെ വിശ്വാസത്തെ പ്രഘോഷിക്കാൻ കിട്ടുന്ന അവസരങ്ങളെ, നമ്മുടെ കഴിവുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ജീവിതത്തിലൂടെയും പ്രഘോഷിക്കാം. ക്രൈസ്തവജീവിതം എന്നും ഒരു വിശ്വാസപ്രഘോഷണമാവട്ടെ. എന്റെ വിശ്വാസത്തെ തട്ടിത്തെറിപ്പിക്കാൻ ശക്തിയുളള തിരമാലകൾ ആഞ്ഞടിക്കുമ്പോഴും ക്രിസ്തു കൂടെയുണ്ടെന്ന വിചാരമാകണം ഒരു ക്രൈസ്തവന്റെ ശക്തി.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS