ലത്തീൻ: നവംബർ 16 ശനി, ലൂക്കാ 18: 1-8 നിരന്തരം പ്രാർഥിക്കാൻ

വി. ലൂക്കായുടെ സുവിശേഷം 18-ാം അധ്യായം ഒന്നു മുതൽ എട്ടു വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. നിരന്തരം പ്രാർഥിക്കണമെന്നു പഠിപ്പിക്കാൻ ക്രിസ്തു പറയുന്ന വിധവയുടെയും ന്യായാധിപന്റെയും ഉപമയാണ് ഇത്. തനിക്ക് നഷ്ടപ്പെട്ടേക്കാവുന്ന നീതിയെ സ്ഥിരോത്സാഹത്തോടെയും വിശ്വാസത്തോടെയും തിരിച്ചുപിടിക്കുന്ന ഈ വിധവ നമ്മുടെയൊക്കെയും ജീവിതത്തിൽ ഒരു ധ്യാനവിഷയമാകണം. ഫ്രാൻസിസ് പാപ്പ ഈ വചനത്തെക്കുറിച്ച് പഠിപ്പിക്കുക ഇപ്രകാരമാണ്: “വിധവയുടെ സ്ഥിരോത്സാഹം നീതിക്കായുള്ള അവളുടെ അഭ്യർഥനയായിരുന്നു. ആ സ്ഥിരോത്സാഹം അതിന്റെ ലക്ഷ്യം നേടി. നീതിരഹിതനായ ന്യായാധിപന്റെ ഇഷ്ടം വളച്ചൊടിക്കാൻ അവൾക്കായെങ്കിൽ നല്ലവനും നീതിമാനുമായ പിതാവ് തന്നോട് നിലവിളിക്കുന്നവരോട് നീതി പുലർത്തുകയില്ലേ.”

അതുകൊണ്ട് ജീവിതത്തിൽ പ്രാർഥിക്കുന്നവരാകാം. ഒരു ക്രൈസ്തവൻ എന്ന നിലയിൽ ഒരിക്കലും പ്രാർഥനയിൽ മടുപ്പ് തോന്നരുത്. ഫ്രാൻസിസ് പാപ്പ പഠിപ്പിക്കുന്നു: “പ്രാർഥനയില്ലെങ്കിൽ വിശ്വാസം കാത്തുസൂക്ഷിക്കുക ഏറെ പ്രയാസകരമാണ്.” ഗത്സെമനിയിലെ ക്രിസ്തുവിനെപ്പോലെ ജീവിതത്തിന്റെ അസ്തമയസമയങ്ങളിലും വിശ്വാസത്തോടെ പ്രാർഥിക്കാൻ നമുക്കാകട്ടെ.

ഫാ. ചാക്കോ കടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.