വി. മർക്കോസിന്റെ സുവിശേഷം പന്ത്രണ്ടാം അധ്യായം 38 മുതൽ 44 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. നിയമജ്ഞരുടെ പ്രവർത്തനങ്ങളെ ശാസിക്കുകയും എന്നാൽ വിധവയുടെ പ്രവർത്തനത്തെ പ്രശംസിക്കുകയും ചെയ്യുന്ന ക്രിസ്തുവിനെ ഈ വചനഭാഗത്ത് നമ്മൾ കണ്ടുമുട്ടുന്നു. എന്തു കൊടുത്തു, എത്ര കൊടുത്തു എന്നതിലല്ല, എപ്രകാരം കൊടുത്തു എന്നതിലാണ് കാര്യമെന്ന് വിധവയുടെ കാണിക്ക നമ്മെ പഠിപ്പിക്കുന്നു. സമ്പന്നർ പലതും സമർപ്പിച്ചിട്ടും ക്രിസ്തു അതിനെ പ്രശംസിക്കുന്നില്ല. പക്ഷേ, വിധവ സമർപ്പിച്ച വിലകുറഞ്ഞ കൊച്ചുകാശിനെയാണ് ക്രിസ്തു പ്രശംസിക്കുന്നത്. അതായത്, തന്റെ ഇല്ലായ്മയിൽനിന്നും പൂർണ്ണമായി സമർപ്പിച്ച വിധവയുടെ മനസ്സിനെയാണ് ക്രിസ്തു പ്രശംസിക്കുന്നത്.
ജീവിതത്തിൽ ഒത്തിരിയൊന്നും കൊടുക്കാനില്ലാത്തവരായിരിക്കും നമ്മൾ. പക്ഷേ, കൊടുക്കുമ്പോൾ പൂർണ്ണമനസ്സോടെ, നിറഞ്ഞ പുഞ്ചിരിയോടെ കൊടുക്കാൻ നമുക്കു സാധിക്കണം; അത് മനുഷ്യനായാലും ദൈവത്തിനായാലും. വിധവയുടെ ജീവിതത്തിലെ ഈ സമ്പൂർണ്ണസമർപ്പണം നമ്മുടെ ജീവിതത്തിലും എന്നും ഒരു ധ്യാനവിഷയമാകട്ടെ.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS