വി. ലൂക്കായുടെ സുവിശേഷം 16-ാം അധ്യായം ഒന്നു മുതൽ എട്ടു വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്ന് നമ്മൾ ധ്യാനവിഷയമാകുന്നത്. കാണാതായ നാണയത്തിന്റെയും ആടിന്റെയും ഉപമയും ധൂർത്തപുത്രന്റെയും ഉപമയ്ക്കുശേഷം ക്രിസ്തു പറഞ്ഞുവയ്ക്കുന്ന അവിശസ്തനായ കാര്യസ്ഥന്റെ ഉപമയാണ് ഇത്.
നമ്മൾ ജീവിക്കുന്ന ഈ ലോകത്തിൽ എല്ലാവരുംതന്നെ പരക്കംപാച്ചിലാണ്. എപ്രകാരം ജീവിതത്തിൽ സമ്പന്നനാകാം അല്ലെങ്കിൽ വിജയിക്കാം എന്ന ചിന്തയോടെ ഓടിനടക്കുന്ന, തിരക്കുകളുടെ ചില മനുഷ്യമുഖങ്ങൾ. എന്നാൽ, പലപ്പോഴും നീതിയോടെ ജീവിക്കുന്നവരെക്കാൾ കുതന്ത്രങ്ങളോടെ ജീവിക്കുന്നവർ വിജയികളാകുന്നതും നമ്മൾ കാണാറുണ്ട്. പക്ഷേ, ആ വിജയങ്ങൾ ഒരിക്കലും ശാശ്വതമാകില്ല എന്നതും ലോകംതന്നെ കാട്ടിത്തരുന്ന വലിയ ഉദാഹരണമാണ്.
ക്രിസ്തു പറഞ്ഞവയ്ക്കുന്ന അവിശ്വസ്തനായ ഈ കാര്യസ്ഥന്റെ ഉപമയിൽ അവന്റെ പ്രവർത്തനത്തെ ന്യായീകരിക്കുകയല്ല ക്രിസ്തു ചെയ്യുന്നത്, മറിച്ച് ഈ യുഗത്തിന്റെ മക്കള്‍ തങ്ങളുടെ തലമുറയിലെ വെളിച്ചത്തിന്റെ മക്കളെക്കാള്‍ ബുദ്ധിശാലികളാണ് എന്ന് പഠിപ്പിക്കാൻ ക്രിസ്തു ഉപയോഗിക്കുന്ന ഒരു ഉദാഹരണം മാത്രമാണിത്. ദൈവത്തിന്റെ മുൻപിൽ ചെറിയ കാര്യങ്ങൾക്കുപോലും വിശ്വസ്തത പാലിക്കാൻ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവരായ നാം. കാരണം, ദൈവം നമുക്കു നൽകുന്ന ജീവിതം ഒരിക്കലും നമ്മുടെ സ്വന്തമല്ല, നമ്മൾ വെറും കാര്യസ്ഥർ മാത്രമാണ്. എപ്പോൾ ഈ ചിന്ത നമ്മിൽനിന്ന് മറയുന്നുവോ, അപ്പോൾ മുതൽ അവിശ്വസ്തനായ കാര്യസ്ഥനു തുല്യരാകും നമ്മളും. ചെറിയ കാര്യങ്ങളിൽ വിശ്വസ്തരായവരെയാണ് ദൈവം വലിയ കാര്യങ്ങൾ ഭരമേൽപിക്കുന്നത് എന്ന ചിന്ത നമ്മുടെ ഹൃദയങ്ങളിൽ എന്നും നിലനിൽക്കട്ടെ.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS