തിരുസഭ ഇന്ന് സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കുകയാണ്. ഇന്നത്തെ സുവിശേഷഭാഗം നമ്മെ പഠിപ്പിക്കുക സുവിശേഷഭാഗ്യങ്ങളെക്കുറിച്ചാണ്. വി. മത്തായുടെ സുവിശേഷം അഞ്ച് മുതൽ ഏഴു വരെയുള്ള അധ്യായങ്ങൾ, ക്രിസ്തു നടത്തിയ മലയിലെ പ്രസംഗത്തിലെ ഭാഗങ്ങളാണ്. ഇവിടെ മനുഷ്യൻ, ദുഃഖവും ദുരിതവും എന്നൊക്കെ പറയുന്നതിനെ ‘ഭാഗ്യം’ എന്ന് ചൊല്ലുകയാണ് ക്രിസ്തു. അവഹേളനങ്ങളെയും സങ്കടങ്ങളെയും കണ്ണീരുകളെയും ദാരിദ്ര്യത്തെയും പീഡനങ്ങളെയുമെല്ലാം ‘ഭാഗ്യം’ എന്നു ചൊല്ലി, വരാനിരിക്കുന്ന ലോകത്തിൽ അവയിൽനിന്നുണ്ടാകുന്ന സ്വർഗീയസൗഭാഗ്യങ്ങളെക്കുറിച്ച് ക്രിസ്തു ഇവിടെ പഠിപ്പിക്കുകയാണ്.
ജീവിതത്തിൽ പലപ്പോഴും സൗഭാഗ്യങ്ങളിലേക്കും സന്തോഷങ്ങളിലേക്കും മാത്രം നോക്കുന്നവരാണ് നമ്മൾ. എന്നാൽ, അവയെല്ലാം ഒരുപാട് കാലത്തേക്ക് നീണ്ടുപോകുന്നവയല്ല. പക്ഷേ ക്രിസ്തു പറയുക, ജീവിതത്തിലെ സങ്കടങ്ങളെയും ദുരിതങ്ങളെയും പീഡനങ്ങളെയുമെല്ലാം ദൈവഹിതത്തോടു ചേർത്തുവയ്ക്കുമ്പോൾ അവയെല്ലാം അനുഗ്രഹങ്ങളായും കൃപകളായും മാറുമെന്നാണ്. വിശുദ്ധരുടെ ജീവിതങ്ങൾ ഇതിന് ഉത്തമസാക്ഷ്യമാണല്ലോ. തങ്ങളുടെ ജീവിതത്തിലെ വേദനകളെല്ലാം ക്രിസ്തുവിന്റെ കുരിശിനോട് ചേർത്തുവച്ചു സഹിച്ചപ്പോൾ അതെല്ലാം അവർക്ക് വിശുദ്ധിയുടെ പടവുകൾ കയറാൻ സഹായകമായി. അതുപോലെ നമ്മുടെ സഹനങ്ങളും വേദനകളുമെല്ലാം ക്രിസ്തുവിനോടു ചേർത്തുവയ്ക്കുമ്പോൾ നമ്മുടെ ജീവിതത്തിലും അവയെല്ലാം കൃപകളായി മാറും.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS