ലത്തീൻ: ഒക്ടോബർ 30 ബുധൻ, ലൂക്കാ 13: 22-30 ഇടുങ്ങിയ വാതിൽ

വി. ലൂക്കായുടെ സുവിശേഷം 13-ാം അധ്യായം 22 മുതൽ 30 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. സ്വർഗരാജ്യത്തിലേക്കു പ്രവേശിക്കാൻ ഇടുങ്ങിയ വാതിലുകളെ തെരഞ്ഞെടുക്കാനാണ് ക്രിസ്തു ആഹ്വാനം ചെയ്യുന്നത്. മനുഷ്യൻ എപ്പോഴും എളുപ്പമാർഗങ്ങളെയാണ് ഇഷ്ടപ്പെടുന്നത്. എളുപ്പത്തിൽ എപ്രകാരം വിജയിക്കാമോ ആ മാർഗങ്ങളെ പുൽകാൻ മനുഷ്യൻ പരക്കം പായുന്നു. എന്നാൽ ക്രിസ്തു പറയുന്നു, വിശാലമായതല്ല ഇടുങ്ങിയ മാർഗങ്ങളെ തെരഞ്ഞെടുക്കണമെന്ന്.

വി. ഇഗ്നേഷ്യസ് ലയോള പഠിപ്പിക്കുന്നു: “ജീവിതത്തിൽ പ്രയാസമുള്ളതും എളുപ്പമുള്ളതുമായ മാർഗങ്ങൾ നിങ്ങൾക്കുമുന്നിൽ തെളിയുമ്പോൾ പ്രയാസമുള്ളതിനെ തെരഞ്ഞെടുക്കണം” എന്ന്. കാരണം, എളുപ്പമുള്ള മാർഗങ്ങളിലൂടെ നാം നേടുന്ന വിജയങ്ങൾ പലപ്പോഴും വിസ്മരിക്കപ്പെട്ടേക്കാം. എന്നാൽ, കഠിനാധ്വാനത്തിലൂടെയും കഷ്ടപ്പാടിലൂടെയും നേടിയെടുക്കുന്ന വിജയങ്ങൾ മനുഷ്യമനസ്സുകളിൽ എപ്പോഴും മധുരമുള്ള ഓർമകളായി നിലനിൽക്കും. ക്രൈസ്തവരായ നാം ഓരോരുത്തരും സ്വർഗരാജ്യത്തെ ലക്ഷ്യമാക്കി യാത്ര ചെയ്യുമ്പോൾ ജീവിതത്തിലെ സഹനങ്ങളെയും ദുഃഖങ്ങളെയും ക്രിസ്തുവിനോടുചേർന്ന് സ്വീകരിക്കുക. അപ്പോഴാണ് നമ്മിലും സ്വർഗരാജ്യം സാധ്യമാകുന്നത്.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.