ലത്തീൻ: ഒക്ടോബർ 29 ചൊവ്വ, ലൂക്കാ 13: 18-21 സ്വർഗരാജ്യം നേടാൻ

വി. ലൂക്കായുടെ സുവിശേഷം 13-ാം അധ്യായം 18 മുതൽ 21 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം. സ്വർഗരാജ്യം വളരെപ്പെട്ടെന്ന് ആഗതമാകുമെന്നു വിശ്വസിച്ചിരുന്ന യഹൂദരുടെ ചിന്തകളെ തകിടംമറിച്ചുകൊണ്ടുള്ള ക്രിസ്തുവിന്റെ പാഠങ്ങളാണ് ഇന്നത്തെ സുവിശേഷം. ക്രിസ്തു സ്വർഗരാജ്യത്തെ അവർക്കുമുമ്പിൽ അവതരിപ്പിക്കുക വിത്തിനോടും പുളിമാവിനോടും ചേർത്താണ്. ഈ രണ്ട് ഉപമകളിലും ക്രിസ്തു അവതരിപ്പിച്ച ഈ വസ്തുക്കൾക്ക് മാറ്റങ്ങൾ അനിവാര്യമാണ്. എങ്കിലേ അതിന്റെ ജീവിതത്തിൽ അർഥമുണ്ടാകൂ.

നമ്മുടെ ജീവിതത്തിലും സ്വർഗരാജ്യം രൂപപ്പെടണമെങ്കിൽ മാനസാന്തരത്തിന്റെ ‘ചില മാറ്റങ്ങൾ’ എന്നിലും അനിവാര്യമാണ് എന്ന് ഓർമപ്പെടുത്തുകയാണ് ക്രിസ്തു ഇവിടെ. അവൻ തന്റെ ദൗത്യം ആരംഭിച്ചതും, ‘മാനസാന്തരപ്പെടുവിൻ സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു’ എന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ്. ഇനിയെങ്കിലും ക്രിസ്തുശിഷ്യരായ നാം മാനസാന്തരത്തിന്റെ വഴികൾ കണ്ടെത്തി ജീവിക്കണം. എങ്കിലേ ക്രിസ്തുവിലേക്കുള്ള ദൂരം കുറയൂ.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.