ഇന്ന് തിരുസഭ അപ്പസ്തോലന്മാരായ വി. ശിമയോന്റെയും വി. യൂദാ തദേവൂസിന്റെയും തിരുനാൾ ആഘോഷിക്കുകയാണ്. വി. ലൂക്കായുടെ സുവിശേഷം ആറാം അധ്യായം 12 മുതൽ 19 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. വി. ലൂക്കായുടെ സുവിശേഷമനുസരിച്ച്, യേശുനാഥൻ തന്റെ അപ്പസ്തോലന്മാരെ തെരഞ്ഞെടുക്കുന്ന വചനഭാഗമാണ് ഇത്. തന്റെ ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങൾക്കെല്ലാംമുമ്പ് പ്രാർഥനയിലായിരിക്കുന്ന ഈശോയെ വചനത്തിൽ നാം കാണുന്നു. മലമുകൾ, പ്രാർഥനയുടെ പ്രതിബിംബമായിട്ടാണ് സുവിശേഷം അവതരിപ്പിക്കുന്നത്. തന്റെ ശിഷ്യഗണത്തിൽനിന്നാണ് ക്രിസ്തു അപ്പസ്തോലന്മാരെ (അയയ്ക്കപ്പെട്ടവൻ എന്നർഥം) തെരഞ്ഞെടുക്കുന്നത്.
അയയ്ക്കപ്പെടാൻ വിളിക്കപ്പെട്ടവനാണ് ഓരോ ക്രൈസ്തവനും. ക്രിസ്തുവിനെപ്പോലെ പ്രാർഥനയും പ്രവർത്തനവും ഒരുപോലെ നടത്തേണ്ടവൻ. മലമുകൾ മാത്രമല്ല, സമതലങ്ങളിലും ക്രിസ്തുമാർഗങ്ങളെ കാട്ടാൻ ഇന്നും തെരഞ്ഞെടുക്കപ്പെട്ടവർ ആവശ്യമാണ്. വചനം പറയുന്നു: “വിളവുകളേറെ; വേലക്കാരോ ചുരുക്കം.” ഇന്ന് ക്രിസ്തുവിന്റെ തെരഞ്ഞെടുപ്പുകളെ പ്രോത്സാഹിപ്പിക്കാനും അതിനായി മക്കളെ ഒരുക്കാനും തയ്യാറാവുന്ന കുടുംബങ്ങൾ ചുരുക്കമാണ്. പ്രാർഥനയും പ്രവർത്തനവും ഒരുപോലെ ഒരുമിപ്പിക്കുന്ന നല്ല കുടുംബബന്ധങ്ങളെ വാർത്തെടുക്കാൻ, നല്ല തെരഞ്ഞെടുപ്പുകളെ പ്രോത്സാഹിപ്പിക്കാൻ നമ്മുടെ കുടുംബങ്ങൾക്ക് ശക്തി ലഭിക്കാൻ നമുക്കു പ്രാർഥിക്കാം.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS