ലത്തീൻ: ഒക്ടോബർ 18 വെള്ളി, ലൂക്കാ 10: 1-9 ക്രിസ്തുവിന്റെ പ്രേഷിതനാകാൻ

ഇന്ന് തിരുസഭ സുവിശേഷകനായ വി. ലൂക്കായുടെ തിരുനാൾ ആഘോഷിക്കുകയാണ്. വി. ലൂക്കായുടെ സുവിശേഷം പത്താം അധ്യായം ഒന്നുമുതൽ ഒൻപതുവരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം. ക്രിസ്തു തന്റെ 72 ശിഷ്യന്മാരെ സുവിശേഷവേലയ്ക്കായി അയയ്ക്കുന്നതും അവർക്കു നല്കുന്ന നിർദേശങ്ങളുമാണ് പ്രധാന പ്രമേയം. ചെല്ലുന്നിടത്ത് അവർക്കു ലഭിക്കുന്നത് സ്വീകരണമാണെങ്കിലും തിരസ്കരണമാണെങ്കിലും പരാതികളില്ലാതെ എല്ലാവർക്കും സമാധാനം ആശംസിച്ചു വരണമെന്ന ക്രിസ്തുവിന്റെ ആഹ്വാനം, നമ്മുടെ ഇന്നത്തെ ജീവതത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നു.

ശത്രുക്കളെ സ്നേഹിക്കാനും ദ്രോഹിക്കുന്നവർക്കു നന്മചെയ്യാനുമാണ് ക്രിസ്തു പഠിപ്പിച്ചിട്ടുള്ളതും അവിടുന്ന് ജീവിച്ചുകാണിച്ചുതന്നതും. ഇന്ന് സഭ ഏറെ വെല്ലുവിളികൾ നേരിടുമ്പോഴും അവളുടെ പ്രേഷിതപ്രവർത്തനവും പ്രേഷിതരുമെല്ലാം ഏറെ ദ്രോഹിക്കപ്പെടുമ്പോഴും സഭയെ തകർക്കാനായി ശത്രുകൾ കച്ചകെട്ടി ഇറങ്ങിത്തിരിച്ചിരിക്കുമ്പോഴുമെല്ലാം സഭ തളരുകയല്ല, വളരുകയാണ് ചെയ്തിട്ടുള്ളത്; അതിന് ചരിത്രം സാക്ഷിയാണ്. കാരണം, സഭ ക്രിസ്തുവിന്റേതാണ്. അവിടുത്തെ തിരുനിണത്താൽ സ്ഥാപിതമായ സഭ പരിശുദ്ധ കൂദാശകളാലും പരിശുദ്ധാത്മാവിനാലും നിരന്തരം ശക്തിപ്പെടുന്നു. അതുകൊണ്ട് ക്രിസ്തുവിനു സാക്ഷ്യംനല്കാൻ കിട്ടുന്ന അവസരങ്ങളെ ഭയമില്ലാതെ നമുക്ക് ഉപയോഗപ്പെടുത്താം. അതാണ് ക്രൈസ്തവരായ നമ്മുടെ ദൗത്യവും.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.