ലത്തീൻ: ഒക്ടോബർ 17 വ്യാഴം, ലൂക്കാ 11: 47-54 ക്രിസ്തു നല്കുന്ന മുന്നറിയിപ്പ്

ഇന്ന് അന്തോക്യായിലെ വി. ഇഗ്നേഷ്യസിന്റെ തിരുനാൾ തിരുസഭ ആഘോഷിക്കുകയാണ്. വി. ലൂക്കായുടെ സുവിശേഷം 11-ാം അധ്യായം 47 മുതൽ 54 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം.

നിയമം അനുശാസിക്കുന്നവരും അത് അനുശാസിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കേണ്ടവനുമാണ് യഥാർഥ യഹൂദൻ എന്ന ഓർമപ്പെടുത്തൽ ഈ വചനഭാഗത്ത് ക്രിസ്തു നല്കുകയാണ്. എന്നാൽ, തങ്ങളുടെ ഇച്ഛകൾക്കനുസൃതമായി നിയമത്തെ വളച്ചൊടിച്ച ഒരുപറ്റം യഹൂദരുടെ കപടനാട്യങ്ങളെ ശാസിക്കുന്ന ക്രിസ്തുവിനെയാണ് ഇന്നത്തെ സുവിശേഷം നമുക്കു കാണിച്ചുതരുന്നത്. അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യുന്നതും അറിവോടെ നന്മയെ നിഷേധിക്കുന്നതും തെറ്റാണ് എന്ന് നാം ഒരിക്കലും മറക്കരുത്. ‘പ്രവർത്തികൾ കൂടാതെയുള്ള വിശ്വാസം നിർജീവമാണ്’ എന്ന് യാക്കോബ് ശ്ലീഹാ പഠിപ്പിക്കുന്നതുപോലെ, വിശ്വാസവും നിയമങ്ങളുമെല്ലാം മറ്റുള്ളവരെ തളർത്താനുള്ളതാകരുത്, മറിച്ച് ഉയർത്താനുള്ളതാകണം.

ഫ്രാൻസിസ് പാപ്പ ഇപ്രകാരം പഠിപ്പിക്കുന്നു: “നിയമങ്ങൾ ക്രിസ്തുവിലേക്ക് നമ്മെ അടുപ്പിക്കുന്നില്ലെങ്കിൽ അത് അതിനാൽത്തന്നെ നീർജീവമാണ്.” “ക്രിസ്തുവിന്റെ ശുദ്ധമായ അപ്പമാകാൻവേണ്ടി വന്യമൃഗങ്ങളുടെ പല്ലിനുകീഴിൽ പൊടിയുന്ന ഗോതമ്പുമണിക്കു തുല്യമാകുന്നു ഞാൻ” – വി. ഇഗ്നേഷ്യസിന്റെ വാക്കുകളാണിത്. ക്രിസ്തുവിനായി നാം എന്തൊക്കെ ചെയ്താലും അതിനെല്ലാം പിന്നിൽ നന്മയുടെയും കൃപയുടെയും പ്രതിഫലമുണ്ട് എന്ന് മറക്കാതിരിക്കാം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.