ലത്തീൻ: ഒക്ടോബർ 16 ബുധൻ, ലൂക്കാ 11: 42-46 ക്രിസ്തുവിന്റെ ആധ്യാത്മികത

ഇന്ന് തിരുസഭ വി. മാർഗരറ്റ് മേരി അലക്കോക്കിന്റെ തിരുനാൾ ആഘോഷിക്കുകയാണ്. വി. ലൂക്കായുടെ സുവിശേഷം 11-ാം അധ്യായം 42 മുതൽ 46 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. ഫരിസേയരെയും നിയമജ്ഞരെയും അവരുടെ പ്രവർത്തനങ്ങൾക്കൊത്തു തിരുത്തുന്ന ഒരു ദൈവത്തെയാണ് ഈ വചനഭാഗത്ത് നാം കാണുക. ‘ശാപം’ എന്നൊക്കെ ഇവിടെ നാം കാണുമ്പോൾ, പലപ്പോഴും ക്രിസ്തു ശപിക്കുന്നോ എന്ന ചിന്ത നമ്മുടെ മനസ്സുകളിൽ ഉണർന്നേക്കാം. എന്നാൽ ക്രിസ്തു ആരെയും ശപിക്കുന്നില്ല, മറിച്ച് അവരുടെ പ്രവർത്തികളെയും ചിന്താഗതികളെയും ഒരു ഗുരുവിന്റെ സ്വാതന്ത്ര്യത്തോടെ ശാസിക്കുകയും തിരുത്തുകയും ചെയ്യുകയാണ് ഇവിടെ.

യഹൂദരും നിയമജ്ഞരും പലപ്പോഴും അവരുടെ ആധ്യാത്മികത എന്ന് കരുതുന്നത് തങ്ങളുടെ നിയമത്തെയും അനുശാസനങ്ങളെയും കൃത്യമായി പാലിക്കുക എന്നതായിരുന്നു. അവിടെ മാനുഷികമായ പരിഗണനയ്ക്ക് അവർ യാതൊരു വിലയും നൽകിയിരുന്നില്ല. എന്നാൽ, ക്രിസ്തുവാകട്ടെ ഈ ആധ്യാത്മികതയെ വെട്ടിത്തിരുത്തി ദൈവസ്നേഹവും മനുഷ്യസ്നേഹവും ഒത്തുചേരുന്നിടത്താണ് യഥാർഥ ആത്മീയത ഉടലെടുക്കുന്നത് എന്ന് പഠിപ്പിക്കുന്നു.

ജീവിതത്തിൽ ദൈവസ്നേഹത്തെമാത്രം കൂട്ടുപിടിച്ചാൽ ഒരുപക്ഷേ എന്റെ ആത്മീയത പൂർണ്ണമാകുമെന്നു കരുതുന്ന നമ്മുടെയൊക്കെ ജീവിതങ്ങൾക്ക് ഇതൊരു തെറ്റുതിരുത്തലാകട്ടെ. ക്രിസ്തു ദൈവത്തോടു പ്രാർഥിക്കുന്നതോടൊപ്പം മനുഷ്യരോട് സ്നേഹവും കരുണയും കാട്ടിയവനുമായിരുന്നു. ആ ക്രിസ്തുവിന്റെ ആധ്യാത്മികതയാകട്ടെ എന്നും നമ്മുടെ മാതൃക.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.