ലത്തീൻ: ഒക്ടോബർ 06 ഞായർ, മർക്കോ. 10: 2-16 ദൈവം യോജിപ്പിച്ച ജീവിതങ്ങൾ

വി. മർക്കോസിന്റെ സുവിശേഷം പത്താം അധ്യായം രണ്ടു മുതൽ 16 വരെയുള്ള തിരുവചനഭാഗമാണ് ഇന്നത്തെ ധ്യാനവിഷയം. വിവാഹത്തെക്കുറിച്ചുള്ള യഹൂദരുടെ സംശയത്തെത്തുടർന്നുണ്ടായ സംവാദമാണ് ഇന്ന് നമ്മൾ ധ്യാനവിഷയമാക്കുന്നത്. വിവാഹം എന്ന കൂദാശയുടെ മാഹാത്മ്യത്തെയും പരിശുദ്ധിയെയും മറന്നുജീവിക്കുന്ന ഈ കാലഘട്ടത്തിൽ ഈ വചനഭാഗം ഏറെ പ്രസക്തമാണ്. ഇന്നുമുതൽ മരണംവരെ എന്നുപറഞ്ഞ് ആരംഭിക്കുന്ന പല ജീവിതങ്ങളും കുടുംബബന്ധങ്ങളുമെല്ലാം ഏറെ ശിഥിലമായിപ്പോകുന്ന ഈ കാലഘട്ടത്തിൽ ക്രിസ്തുവിന്റെ വചനം എന്നും ഒരു ചിന്താവിഷയമാകട്ടെ – ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ.

യഹൂദരുടെ ഈ ചോദ്യം അവരുടെ അജ്ഞത കൊണ്ടായിരുന്നില്ല, മറിച്ച് ക്രിസ്തുവിനെ പരീക്ഷിക്കാനുള്ളതായിരുന്നു. ദൈവം യോജിപ്പിച്ച ഓരോ ജീവിതങ്ങളും അത് ദൈവഹിതത്തിനൊത്തു കടന്നുപോകേണ്ടതാണെന്ന് ഒരിക്കലും മറക്കരുത്. സങ്കടങ്ങളിലും ദുഃഖങ്ങളിലും സന്തോഷത്തിലും സമ്പത്തിലുമെല്ലാം ദൈവത്തോടൊത്ത് ഒരുമനസ്സോടെ ചരിക്കാൻ ഓരോ ദാമ്പത്യജീവിതങ്ങൾക്കുമാവണം. അപ്പോഴാണ് ദൈവം യോജിപ്പിച്ച ജീവിതങ്ങളുടെ യഥാർഥമായ ആനന്ദം അനുഭവിക്കാൻ സാധിക്കുന്നത്. ക്രിസ്തുവിനൊത്തു ചരിക്കുന്ന ഓരോ ദാമ്പത്യജീവിതങ്ങളും ഓരോ ക്രിസ്തുസാക്ഷ്യങ്ങളാണെന്നു നമുക്കു മറക്കാതിരിക്കാം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.