ലത്തീൻ: ഒക്ടോബർ 05 ശനി, ലൂക്കാ 10: 17-24 ക്രിസ്തു നൽകുന്ന പാഠങ്ങൾ

ഇന്ന് തിരുസഭ വി. മരിയ ഫൗസ്റ്റീനായുടെ തിരുനാൾ ആഘോഷിക്കുകയാണ്. വി. ലൂക്കായുടെ സുവിശേഷം പത്താം അധ്യായം 17 മുതൽ 24 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. പ്രേഷിതപ്രവർത്തനത്തിനായി ക്രിസ്തു അയച്ച 72 ശിഷ്യർ, ആ അനുഭവത്തിൽനിന്നു ലഭിച്ച വിജയത്തിന്റെയും അത്ഭുതങ്ങളുടെയും കഥ പറയുമ്പോൾ ക്രിസ്തു അവരെ പഠിപ്പിക്കുന്ന എളിമയുടെ മനോഭാവവും അവർക്കു നൽകുന്ന ബോധ്യങ്ങളുമാണ് ഇവിടെ നമ്മൾ കാണുന്നത്. അനന്തരം പരിശുദ്ധാത്മാവില്‍ ആനന്ദിച്ച്‌, ക്രിസ്തു പ്രാർഥിക്കുന്നത് ഇപ്രകാരമാണ്: “പിതാവ് ജ്‌ഞാനികളില്‍നിന്നും ബുദ്ധിമാന്മാരില്‍നിന്നും സകല സ്വർഗീയരഹസ്യങ്ങളും മറച്ചുവച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തി.”

ഓരോ ക്രിസ്തുശിഷ്യനും തന്റെ ജീവിതത്തിൽ പാലിക്കേണ്ട എളിമയുടെ  മനോഭാവത്തെയാണ് ക്രിസ്തു ഇവിടെ എടുത്തുകാണിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ശിഷ്യർക്കിടയിൽത്തന്നെ തങ്ങളിൽ ആരാണ് വലിയവൻ എന്ന തർക്കമുണ്ടായപ്പോൾ ഒരു ശിശുവിനെ ഉയർത്തിക്കാട്ടി എളിമയുടെ പാഠം ക്രിസ്തു പഠിപ്പിക്കുന്നത്. ഗുരു ആയവൻ ശിഷ്യരുടെ കല്പാദങ്ങൾ കഴുകി എളിമയുടെ പാഠം അവരെ പഠിപ്പിച്ചു. ജീവിതത്തിൽ നാം എത്ര വില വിജയങ്ങൾ നേടിയാലും എളിമയില്ലെങ്കിൽ തകർച്ചകൾ മാത്രമായിരിക്കും നമുക്കു സ്വന്തം. അതുകൊണ്ട് ക്രിസ്തുശിഷ്യർക്ക് ഉണ്ടാകേണ്ട എളിമയുടെ മനോഭാവത്തെ നമുക്ക് കൂട്ടുപിടിക്കാം; അതെന്നും മനസ്സിൽ കോറിയിടാം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.