ലത്തീൻ: ഒക്ടോബർ 04 വെള്ളി, ലൂക്കാ 10: 13-16 ക്രിസ്തു ആഗ്രഹിക്കുന്ന ഫലങ്ങൾ

ഇന്ന് തിരുസഭ രണ്ടാം ക്രിസ്തു എന്നറിയപ്പെടുന്ന വി. ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ആഘോഷിക്കുകയാണ്. വി. ലൂക്കായുടെ സുവിശേഷം പത്താം അധ്യായം 13 മുതൽ 16 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. ക്രിസ്തു, താൻ വചനം പ്രസംഗിച്ചതും അത്ഭുതങ്ങൾ പ്രവർത്തിച്ചതുമായ നഗരങ്ങളിൽനിന്ന് യാതൊരുവിധ അനുതാപമോ, മാനസാന്തരമോ ഇല്ലാതെവന്നപ്പോൾ അവയെ ഓർത്ത് ആകുലപ്പെടുന്ന വചനഭാഗമാണിത്. ക്രിസ്തു എന്നും തന്റെ ജനങ്ങളെ ഓർത്ത് കരുതലുള്ളവനായിരുന്നു. അതുകൊണ്ടാണല്ലോ അവരെ കണ്ടപ്പോൾ അവന് അനുകമ്പ തോന്നിയത്. കാരണം, അവർ ഇടയനില്ലാത്ത ആടുകളെപ്പോലെയായിരുന്നു.

അനുദിനം പരിശുദ്ധ കുർബാന സ്വീകരിച്ച് നാം നവീകരിക്കപ്പെടുമ്പോഴും വചനം കേട്ട് ജീവിതത്തെ കൂടുതൽ അഭിഷേകമുള്ളതാക്കുമ്പോഴും ജീവിതത്തിൽ നല്ല ഫലങ്ങൾ ഉളവാക്കുന്നവരാകാൻ ക്രിസ്തു ആഗ്രഹിക്കുന്നുണ്ട്. അഞ്ചു താലന്ത് കിട്ടിയവനിൽനിന്ന് പത്തും ഒരു താലന്ത് കിട്ടിയവനിൽനിന്ന് നാലും ആഗ്രഹിക്കുന്ന യജമാനനെപ്പോലെ നമ്മിൽനിന്നും ക്രിസ്തു ആഗ്രഹിക്കുന്ന ഫലങ്ങളെയും പുണ്യങ്ങളെയും സാധ്യമാക്കുന്ന നല്ല മക്കളായിത്തീരാൻ നമുക്കു പരിശ്രമിക്കാം. അപ്പോഴാണ് ക്രിസ്തു നമ്മെ നോക്കി പറയുക, “ചെറിയ കാര്യങ്ങളിൽ വിശ്വസ്തനായ ഭൃത്യാ, നിന്നെ ഞാൻ വലിയ കാര്യങ്ങൾ ഏല്പിക്കും” എന്ന്. വി. പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നു: “കാര്യസ്ഥർക്ക് വിശ്വസ്തത കൂടിയേ തീരൂ” എന്ന്. വിശ്വസ്തതയും ആത്മാർഥതയുമുള്ള നല്ല ക്രിസ്തുശിഷ്യരായി ജീവിക്കാൻ നമുക്കു പരിശ്രമിക്കാം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.