ലത്തീൻ: സെപ്റ്റംബർ 29 ഞായർ, ലൂക്കാ 9: 38-43, 45, 47-48 ക്രിസ്തു നൽകുന്ന പരിഹാരമാർഗങ്ങൾ

ഇന്ന് തിരുസഭ മുഖ്യദൈവദൂതന്മാരായ വി. ഗബ്രിയേൽ, മിഖായേൽ, റപ്പായേൽ എന്നീ ദൂതന്മാരുടെ തിരുനാൾ ആഘോഷിക്കുകയാണ്. വി. ലൂക്കായുടെ സുവിശേഷം ഒൻപതാം അധ്യായം 38 മുതൽ 43 വരെയും 47, 48 തിരുവചനഭാഗങ്ങളുമാണ് നാം ഇന്ന് ധ്യാനവിഷയമാക്കുന്നത്.

പിശാചുബാധിതനായ തന്റെ മകനെ ക്രിസ്തുവിന്റെ അടുക്കലേക്കു കൊണ്ടുവന്ന് ക്രിസ്തുവിന്റെ മുമ്പിൽ തന്റെ നിസ്സഹായവസ്ഥ വെളിപ്പെടുത്തുന്ന ഒരു നല്ല പിതാവിന്റെ ചിത്രത്തോടെയാണ് ഇന്നത്തെ വചനം ആരംഭിക്കുന്നത്. എല്ലാത്തിന്റെയും, എല്ലാവരുടെയും മുമ്പിൽ പരാജയപ്പെട്ടിട്ടും ക്രിസ്തുവിന്റെ മുൻപിൽ വിജയം ഉറപ്പാണെന്നു പ്രതീക്ഷിക്കുന്ന ഒരു നല്ല പിതാവിന്റെ ചിത്രമാണ് സുവിശേഷം നമുക്കുമുമ്പിൽ എടുത്തുകാട്ടുന്നത്. എളിമയോടെ പ്രാർഥിക്കുന്നവർക്കെല്ലാം ഉത്തരം നൽകുന്നവനാണ് ക്രിസ്തു എന്ന വലിയൊരു പാഠം ഈ വചനഭാഗം നമുക്കു തരുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് 47, 48 തിരുവചനഭാഗങ്ങളും ഇതിനൊപ്പം ചേരുന്നത്. ആരാണ് വലിയവൻ എന്ന ചോദ്യത്തിന് ക്രിസ്തുവിന്റെ ഉത്തരം ‘ഒരു ശിശു’ എന്നായിരുന്നു. ശിഷ്യർ ചോദിച്ച ചോദ്യം ഒരുപക്ഷേ, ശിഷ്യഗണത്തിനുള്ളിൽത്തന്നെ ഒരുപാട് കലഹങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടായിരുന്നിട്ടും, ഒരു ശിശുവിനോളം ഉയരണമെന്ന് പഠിപ്പിച്ചുകൊണ്ട് ക്രിസ്തു അവിടെ ഒരു പരിഹാരം കണ്ടെത്തുകയാണ്.

ക്രൈസ്തവരായ നാം ഓരോരുത്തരും ചിന്തിക്കേണ്ട ഒരു വചനഭാഗമാണിത്. ദൈവത്തിന്റെ മുമ്പിൽ എളിമയോടെ നിൽക്കാൻ പഠിക്കുക. എളിമ അഭ്യസിക്കുന്നവനേ മറ്റുള്ളവരുടെ മുമ്പിലും എളിമപ്പെടാൻ സാധിക്കുകയുള്ളൂ. ജീവിതത്തിൽ കടലോളം പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനെയല്ലാം ക്രിസ്തുവിനോടൊപ്പം ചിന്തിച്ചാൽ അവയ്‌ക്കെല്ലാം നിസ്സാരമായി പരിഹാരം കണ്ടെത്താൻ സാധിക്കുമെന്ന് വചനം പഠിപ്പിക്കുകയാണ് ഇവിടെ. ക്രിസ്തുവേ, നിന്നോളം വളരാനുള്ള ശിശുമനോഭാവം എനിക്കും നൽകണമേ എന്ന് നമുക്കു പ്രാർഥിക്കാം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.