ലത്തീൻ: സെപ്റ്റംബർ 28 ശനി, ലൂക്കാ 9: 43-45 സഹനങ്ങളെ വിജയങ്ങളാക്കാൻ

വി. ലൂക്കായുടെ സുവിശേഷം ഒൻപതാം അധ്യായം 43 മുതൽ 45 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം. വി. ലൂക്കായുടെ സുവിശേഷമനുസരിച്ച്, ക്രിസ്തു തന്റെ പീഡാസഹനത്തെയും മരണത്തെയും കുറിച്ചു പ്രവചിക്കുന്ന രണ്ടാം ഭാഗമാണിത്. സമാന്തരസുവിശേഷകന്മാരായ വി. മർക്കോസിന്റെയും മത്തായിയുടെയും സുവിശേഷത്തിലും ഈ വചനഭാഗത്തെ നമുക്കു കാണാം.

ക്രിസ്തുവിന്റെ ഈ പാഠങ്ങൾ ശിഷ്യർക്ക് അത്ര മനസ്സിലായില്ല എന്ന് വചനം ഇവിടെ വ്യക്തമാക്കുന്നുണ്ട്. വി. ലൂക്കായുടെ സുവിശേഷം ഒൻപതാം അധ്യായത്തിൽ, ക്രിസ്തുവിന്റെ രൂപാന്തരീകരണത്തെയും അപ്പം വർധിപ്പിക്കലിനെയും എടുത്തുകാട്ടുന്നുണ്ട്. ശിഷ്യരുടെ ചിന്താഗതികളനുസരിച്ച്, ക്രിസ്തു അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനും വിജയങ്ങൾ കൈവരിക്കുന്നവനുമായിരുന്നു. അതുകൊണ്ടുതന്നെയാവണം ക്രിസ്തു താൻ സഹിക്കാനിരിക്കുന്ന സഹനങ്ങളെക്കുറിച്ചു പറഞ്ഞപ്പോൾ അത് ശിഷ്യർക്ക് അത്രയ്ക്ക് ബോധ്യമാകാതിരുന്നത്.

ജീവിതത്തിൽ പലപ്പോഴും പലതരത്തിലുള്ള സഹനങ്ങൾ നേരിടുന്നവരാണ് നമ്മളും. പക്ഷേ, ക്രൈസ്തവ അധ്യാത്മികതയിൽ സഹനങ്ങൾ രക്ഷയിലേക്കുള്ള മാർഗമാണെന്ന് മറക്കാതിരിക്കാം. ജീവിതത്തിൽ സഹനങ്ങൾ നേരിടുമ്പോൾ പലപ്പോഴും അത് നമ്മുടെ പരാജയമാണെന്ന് നാം ചിന്തിച്ചേക്കാം. അത് നമ്മെ നിരാശയിലേക്കും തകർച്ചയിലേക്കും നയിക്കും. എന്നാൽ, ക്രൈസ്തവരായ നാം സഹനങ്ങളെ രക്ഷയിലേക്കുള്ള മാർഗമാണെന്നു മനസ്സിലാക്കിജീവിക്കുമ്പോഴാണ് സഹനത്തിന്റെ മാർഗങ്ങളെ വിജയത്തിന്റെ മാർഗങ്ങളാക്കിമാറ്റാൻ നമുക്കു സാധ്യമാകുന്നത്.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.