ലത്തീൻ: സെപ്റ്റംബർ 27 വെള്ളി, ലൂക്കാ 9: 18-22 വി. വിൻസെന്റ് ഡി പോൾ

ഇന്ന് തിരുസഭ വി. വിൻസെന്റ് ഡി പോളിന്റെ തിരുനാൾ ആഘോഷിക്കുകയാണ്. വി. ലൂക്കായുടെ സുവിശേഷം ഒൻപതാം അധ്യായം 18 മുതൽ 22 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം.    ക്രിസ്തു ആര് എന്ന ചോദ്യം, കഴിഞ്ഞ സുവിശേഷഭാഗത്ത് ഹേറോദേസാണ് ചോദിക്കുന്നതെങ്കിൽ ഇന്ന് ക്രിസ്തുതന്നെ ശിഷ്യരോട് ഈ ചോദ്യം ഉന്നയിക്കുകയാണ്. താൻ ആരെന്നാണ് ജനക്കൂട്ടം പറയുന്നത് എന്ന ചോദ്യത്തിന് നിരവധി ഉത്തരങ്ങൾ ഉയരുന്നുണ്ടെങ്കിലും താൻ ആരാണെന്നാണ് ശിഷ്യർ പറയുന്നത് എന്ന ചോദ്യത്തിന് പത്രോസ് നൽകുന്ന ഉത്തരം, ‘നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു’ എന്നാണ്. പത്രോസിന്റെ ഉത്തരം ഒരുപക്ഷേ, അവന്റെ വ്യക്തമായ ബോധ്യത്തിൽ നിന്നായിരുന്നില്ല. അതുകൊണ്ടുതന്നെ ക്രിസ്തു, താൻ സഹിക്കാനിരിക്കുന്ന പീഡാസഹനങ്ങളെ ദുഃഖങ്ങളെയും വേദനകളെയുംകുറിച്ച് അവർക്ക് വ്യക്തമാക്കിക്കൊടുക്കുന്നു.

ജീവിതത്തിൽ പലപ്പോഴും ക്രിസ്തു ആരാണ് എന്ന് വ്യക്തമായ ബോധമുള്ളവരാണോ നമ്മൾ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ജീവിതത്തിൽ പലപ്പോഴും ക്രിസ്തുവിനെ സ്വീകരിച്ചവരും ക്രിസ്തുവിന്റെ സ്വന്തമെന്നു പറയുന്നവരുമാണ് നമ്മൾ. പക്ഷേ, നമ്മുടെ ജീവിതസഹനങ്ങൾക്കിടയിലും വേദനകൾക്കിടയിലും ക്രിസ്തു എനിക്ക് ആര് എന്ന് വ്യക്തമായ ബോധ്യത്തോടെ ഉത്തരം നൽകാൻ നമുക്കാവുമോ എന്ന് ചിന്തിക്കാം. ക്രിസ്തുവിനെ വാക്കാൽ നിർവചിക്കാൻ നമുക്ക് എളുപ്പമാണ്; പക്ഷേ ജീവിതത്തിലൂടെ ക്രിസ്തു എനിക്ക് ആരാണ് എന്ന് സാക്ഷ്യം നൽകാൻ എനിക്കാവുന്നുണ്ടെൽ എന്റെ ക്രിസ്തുശിഷ്യത്വത്തിൽ ഞാൻ വളർന്നു എന്നു പറയാം.

വി. വിൻസെന്റ് ഡി പോൾ ക്രിസ്തുവിനെ കണ്ടെത്തിയത് പാവപ്പെട്ടവരിലൂടെയായിരുന്നു. അതുകൊണ്ടുതന്നെയാണ് വിശുദ്ധൻ ഇപ്രകാരം പറയുക: “പാവപ്പെട്ടവരിലേക്കു ചെല്ലുക. അവിടെ ക്രിസ്തുവിനെ കാണാൻ നിങ്ങൾക്കും സാധിക്കും.” ക്രിസ്തു എനിക്ക് ആരാണെന്ന യഥാർഥബോധ്യത്തോടെ ജീവിക്കുന്ന നല്ല വ്യക്തിത്വങ്ങളാകാൻ നമുക്കു പരിശ്രമിക്കാം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.