ലത്തീൻ: സെപ്റ്റംബർ 20 വെള്ളി, ലൂക്കാ 8: 1-3 ക്രിസ്തുവിനെ അനുഗമിച്ചവർ

വി. ലൂക്കായുടെ സുവിശേഷം എട്ടാം അധ്യായം ഒന്നു മുതൽ മൂന്നു വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. ക്രിസ്തുവിനെ അനുഗമിച്ച ഒരുപാട് ശിഷ്യഗണങ്ങളെ വചനത്തിലുടനീളം നാം കണ്ടുമുട്ടുന്നുണ്ട്. എങ്കിലും, ക്രിസ്തുവിനെ അനുഗമിച്ച സ്ത്രീകളുടെ ശിഷ്യഗണത്തെ വി. ലൂക്കാ സുവിശേഷകൻ മാത്രമാണ് അവതരിപ്പിക്കുന്നത്. ക്രിസ്തു നടന്നുനീങ്ങിയ പാതകളെ അവർ അനുഗമിക്കുകയും അവന്റെ സുവിശേഷപ്രഘോഷണത്തിൽ പങ്കാളികളാകുകയും ചെയ്തവരായിരുന്നു ഈശോയുടെ ശിഷ്യർ. ഈ ശിഷ്യഗണങ്ങൾ തന്നെയാണ് പിന്നീട് ക്രിസ്തുവിനായി  സാക്ഷ്യം വഹിച്ചതും.

ക്രിസ്തുവിനെ അനുഗമിക്കുന്ന ക്രൈസ്തവരായ നാം എപ്രകാരമാണ് ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നത് എന്ന് ചിന്തിച്ചുനോക്കാം. എന്റെ ജീവിതങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ക്രിസ്തുവിന് എത്രമാത്രം സാക്ഷ്യം നൽകാൻ ഞാൻ പരിശ്രമിക്കുന്നു എന്ന് ചിന്തിക്കാം. ക്രിസ്തു ഇന്ന് എന്നിലൂടെയാണ് ജീവിക്കുന്നതും ജീവിക്കേണ്ടതുമെന്ന ചിന്ത നമ്മിൽനിന്ന് ഒരിക്കലും മായാതിരിക്കട്ടെ. ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്ന നല്ല ജീവിതങ്ങളാകാൻ നമുക്കു പരിശ്രമിക്കാം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.