ലത്തീൻ: ജൂലൈ 02 ചൊവ്വ, മത്തായി 8: 22- 27 ക്രിസ്തുവിലേക്ക് ഉറ്റുനോക്കാം

വി. മത്തായി സുവിശേഷകന്റെ വചനഭാഗത്തിലെ, കാറ്റിനെയും കടലിനെയും ശാന്തമാക്കുന്ന ക്രിസ്തുവാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം. ക്രിസ്തുവിനെ അനുഗമിച്ച ശിഷ്യർ, തിരമാലകൾ വള്ളത്തിലേക്ക് ആഞ്ഞടിച്ചപ്പോഴും തങ്ങൾ നശിക്കാൻപോകുന്നു എന്ന് പ്രത്യാശയില്ലാതെ അലറിവിളിക്കുകയാണ് ചെയ്തത്. എന്നാൽ ആശ്രയമായി ക്രിസ്തു തങ്ങൾക്കൊപ്പമുണ്ട് എന്ന പ്രതീക്ഷയോടെ അവനെ ഉറ്റുനോക്കാൻ ശിഷ്യർ പരാജയപ്പെടുന്നു എന്ന് വചനം ഇവിടെ എടുത്തുകാട്ടുന്നു.

ജീവിതത്തിലെ സങ്കടങ്ങളും വേദനകളും തിരമാലകൾപോലെ ആഞ്ഞടിക്കുമ്പോഴും ക്രിസ്തുവിലേക്കു നോക്കാൻ പലപ്പോഴും നമ്മൾ മറന്നുപോകുന്നു. ക്രൈസ്തവജീവിതത്തിലാകട്ടെ, ഇന്നും വിശ്വാസപ്രതിസന്ധികൾ ഏറെയാണ്. ഒരു ക്രൈസ്തവനായി ജീവിക്കുക എന്നതുപോലും ഏറെ പ്രതിസന്ധികൾ ഉയർത്തുന്നതാണ്. ഈ പ്രതികൂലസാഹചര്യങ്ങളിലും ‘എന്റെ കൃപ നിനക്കു മതി’ എന്ന വചനത്തിലൂടെ വി. പൗലോസ് ശ്ലീഹായെ വിശ്വാസത്തിൽ ഊട്ടിയുറപ്പിച്ച ക്രിസ്തുവായിരിക്കട്ടെ നമ്മുടെയും പ്രതീക്ഷ. ജീവിതത്തിലെ ഏതു പ്രതികൂലസാഹചര്യങ്ങളിലും ക്രിസ്തുവിലേക്ക് ഉറ്റുനോക്കാൻ ഒരു ക്രൈസ്തവനായാൽപ്പിന്നെ അവന്റെ ജീവിതം എന്നും പ്രതീക്ഷയുടേതായിരിക്കും.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.