ലത്തീൻ: ജൂൺ 19 ബുധൻ, മത്തായി 6: 1-6; 16-18 പ്രവൃത്തികൾ പ്രാർഥനകളാക്കാൻ

ഉപവാസം, പ്രാർഥന, ദാനധർമ്മം എന്നീ പുണ്യപ്രവൃത്തികൾ യഹൂദരെ സംബന്ധിച്ച് അവരുടെ ജീവിതത്തിൽ പാലിക്കേണ്ട സത്പ്രവൃത്തികളാണ്. എന്നാൽ യഹൂദർ ഇത് പാലിക്കുന്നുവെങ്കിലും പലപ്പോഴും അത് യാന്ത്രികമായിപ്പോകുന്നുവെന്ന് ക്രിസ്തു വ്യക്തമായി ഈ വചനത്തിലൂടെ പറഞ്ഞുവയ്ക്കുകയാണ്. മറ്റുള്ളവരെ കാണിക്കാൻവേണ്ടി അവർ ഇത് ചെയ്യുമ്പോഴാക്കെ ആ പുണ്യങ്ങളുടെ വിലയും മാഹാത്മ്യവും അവരറിയാതെതന്നെ അവരിൽനിന്നു നഷ്ടമാകുന്നു. എന്നാൽ ക്രിസ്തുവാകട്ടെ, ഇവ എപ്രകാരം പാലിക്കണമെന്ന് ഈ വചനഭാഗത്തിലൂടെ കൃത്യമായി പഠിപ്പിക്കുന്നു. ദാനധർമ്മം ചെയ്യുമ്പോൾ അത് രഹസ്യമായി ചെയ്യണമെന്നും പ്രാർഥിക്കുമ്പോൾ അത് പിതാവിനോടു മാത്രമായിരിക്കണമെന്നും ഉപവസിക്കുമ്പോൾ അത് മറ്റുള്ളവരെ കാണിക്കാൻവേണ്ടിയുള്ളതാകരുതെന്നും അവിടുന്ന് പഠിപ്പിക്കുന്നു.

നമ്മുടെ അനുദിനജീവിതത്തിൽ നമ്മൾ എത്രയോ പ്രവൃത്തികൾ ചെയ്യുന്നു. എന്നാൽ, പ്രവൃത്തികളെയും പ്രാർഥനകളാക്കാൻ സാധിക്കുമ്പോഴാണ് നമ്മുടെയൊക്കെ ജീവിതങ്ങൾ കൂടുതൽ മൂല്യമുള്ളതാകുന്നത്. ക്രൈസ്തവജീവിതത്തിൽ നമ്മൾ ചെയ്യുന്ന പ്രവൃത്തികൾ, അത് ദൈവമഹത്വത്തിനും സമൂഹത്തിന്റെ നന്മയ്ക്കുംവേണ്ടിയുള്ളതാകുമ്പോഴാണ് അതിനു വിലയുണ്ടാകുന്നത്. രഹസ്യങ്ങളറിയുന്ന പിതാവ് നിനക്ക് പ്രതിഫലം നൽകുമെന്ന ക്രിസ്തുവിന്റെ ഓർമ്മപ്പെടുത്തൽപോലെ നമ്മുടെ ജീവിതങ്ങളും ദൈവത്തോടു ചേർന്നുനിൽക്കുമ്പോഴാണ് നമ്മുടെ പ്രവർത്തികളും ശുദ്ധിയുള്ളതാവുന്നത്. എത്രമാത്രം ചെയ്തു എന്നതല്ല ചെയ്തതത്രയും എപ്രകാരം നന്നായി ചെയ്യാൻ സാധിച്ചു എന്നുള്ളതാവട്ടെ നമ്മുടെയൊക്കെ ആത്മശോധനാവിഷയം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.