പ്രസംഗം: കൃപയുടെ ദുഃഖവെള്ളി

”പിതാവേ, അങ്ങേ കൈകളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു എന്ന് നിലവിളിച്ചുകൊണ്ട് ഈശോ മരിച്ചു.” പീഡാനുഭവ സ്മരണയില്‍ വീണ്ടുമൊരു ദുഃഖവെള്ളി. ഈശോയുടെ കുരിശുമരണത്തിന്റെ ഓര്‍മ്മയാചരണം. ഏവര്‍ക്കും ഇന്നേ ദിനത്തിന്റെ പ്രാര്‍ഥനകള്‍ ഒത്തിരി സ്‌നേഹത്തോടെ നേര്‍ന്നുകൊള്ളുന്നു.

ചരിത്രങ്ങളും പുരാണങ്ങളും ഐതിഹ്യങ്ങളും പരിശോധിക്കുമ്പോള്‍ ദൈവത്തിനുവേണ്ടി മരിച്ച മനുഷ്യരെയും ദൈവത്തിനുവേണ്ടി മനുഷ്യന്‍ നടത്തിയ യുദ്ധങ്ങളുമൊക്കെയാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. എന്നാല്‍ ലോകചരിത്രത്തില്‍ തന്നെ ആദ്യമായും അവസാനമായും മനുഷ്യനുവേണ്ടി മരിച്ച ഒരു ദൈവത്തെ ക്രിസ്തുവില്‍ മാത്രമാണ് നമ്മള്‍ കണ്ടുമുട്ടുന്നത്. മനുഷ്യന്റെ രക്ഷയ്ക്കുവേണ്ടി ഈശോ നടത്തിയത് സ്‌നേഹം കൊണ്ടുള്ള യുദ്ധം തന്നെയായിരുന്നു, ആ യുദ്ധത്തില്‍ ഈശോ നല്‍കേണ്ടിവന്നത് തന്റെ തന്നെ ജീവനായിരുന്നു.

കാല്‍വരിക്കുന്നില്‍ മൂന്നാണികളാല്‍ തറയ്ക്കപ്പെട്ട് കുരിശില്‍കിടന്ന് സ്വന്തം ജീവന്‍ ബലിയായി അര്‍പ്പിച്ച ക്രിസ്തുവിന്റെ ഓര്‍മ്മയ്ക്കു മുന്‍പിലാണ് നമ്മളിന്ന് ആയിരിക്കുന്നത്. യേശു കുരിശു ചുമന്ന് കാല്‍വരിക്കുന്നിലേക്ക് സ്വയം മരണത്തിലേക്കു നടന്നടുത്തത് മാനവകുലത്തിന്റെ രക്ഷയ്ക്കു വേണ്ടിയായിരുന്നു. മനുഷ്യകുലത്തിന്റെ പാപങ്ങള്‍ സ്വയം ഏറ്റെടുത്ത് യേശു മുള്‍ക്കിരീടം ചൂടിയതും ചാട്ടവാറടിയേറ്റതും 136 കിലോയോളം തൂക്കമുണ്ടായിരുന്ന കുരിശ് സ്വയം തോളിലേറ്റി ഗാഗുല്‍ത്താ മലയില്‍ നിന്നു തുടങ്ങിയ യാതനകളുടെ ഭാരം വഹിച്ചതുമെല്ലാം മാനവര്‍ക്കു വേണ്ടിയായിരുന്നു.

‘യഹൂദന്മാരുടെ രാജാവായ നസ്രായനായ യേശു’ (INRI) എന്ന് പടയാളികള്‍ കളിയാക്കി എഴുതി യേശുവിന്റെ കുരിശിനു മുകളില്‍ തൂക്കിയപ്പോഴും ദാഹിച്ച് തൊണ്ട വറ്റിയപ്പോള്‍ കുടിക്കാന്‍ കയ്പ്പുനീര് കൊടുത്തപ്പോഴും കൂടെയുണ്ടായിരുന്ന ശിഷ്യന്‍ തന്നെ മുപ്പതു വെളളിക്കാശിന് ഒറ്റിയപ്പോഴും ഒന്നും പറയാതെ സഹനത്തിന്റെയും ‘ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല. ദൈവമേ ഇവരോട് പൊറുക്കണമേ’ എന്ന പ്രാര്‍ഥന ഉരുവിട്ടപ്പോഴും അവന്‍ തന്നെക്കുറിച്ച് ആവലാതിപ്പെട്ടില്ല. അവസാനം മേഘങ്ങള്‍ സൂര്യനെ മറച്ച ഇരുണ്ട ഒരു വെളളിയാഴ്ച മനുഷ്യപുത്രന്‍ ഈ ലോകത്തിന്റെ പാപങ്ങള്‍ക്കുവേണ്ടി കുരിശുമരണം വരിച്ചു.

ഇന്നും യേശു കുരിശില്‍ ചിന്തിയ രക്തത്തിന്റെ കറ മായാതെ കിടക്കുന്നുണ്ടെങ്കിലും അതിന്റെ അനന്തരഫലം വലിയൊരു നന്മയായി മാറുകയായിരുന്നു. അങ്ങനെ കാല്‍വരിയില്‍ യേശു ജീവാര്‍പ്പണം ചെയ്ത ദിവസം ഇംഗ്ലീഷില്‍ Good Friday (ഗുഡ് ഫ്രൈഡേ/ നല്ല വെളളി) എന്ന് അറിയപ്പെടാന്‍ തുടങ്ങി.

കുരിശില്‍ യേശു സഹിച്ചത് പീഢകളെങ്കിലും അവയുടെയെല്ലാം അനന്തരഫലം മാനവരാശിയുടെ രക്ഷ എന്നതായിരുന്നു. അതുകൊണ്ടുതന്നെ യേശുവിന്റെ കുരിശുമരണം വലിയൊരു നന്മയ്ക്കു വേണ്ടിയായിരുന്നു എന്ന അര്‍ഥത്തിലാണ് ഗുഡ് ഫ്രൈഡേ എന്നും അറിയപ്പെടുന്നത്. നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി സ്വയം ബലിയായിത്തീര്‍ന്ന ഈ ദിനം നമ്മെ ഉദ്‌ബോധിപ്പിക്കുന്നത് സഹനങ്ങളില്‍, പ്രയാസങ്ങളില്‍, ജീവിതബുദ്ധിമുട്ടുകളില്‍ പ്രത്യാശ കൈവിടാതെ അതെല്ലാം ദൈവത്തിനു സമര്‍പ്പിച്ചു ജീവിക്കണമെന്നാണ്. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങളെല്ലാം ഒന്നിന്റെയും അവസാനമായിട്ടല്ല നമ്മള്‍ കാണേണ്ടത്, മറിച്ച് അവസരങ്ങളായിട്ട് കാണുമ്പോള്‍ അത് നമ്മുടെ ജീവിതത്തില്‍ കൃപ വര്‍ഷിക്കും. ഒന്നും അവസാനമല്ല എല്ലാം അവസരമാണ് എന്ന് ഈ ദുഃഖവെള്ളി നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഇന്നത്തെ സുവിശേഷത്തിലേക്കു കടന്നുവരുമ്പോള്‍ ഈശോ, തോട്ടത്തില്‍ കണ്ണീരോടെ പ്രാര്‍ഥിക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും. കെദ്രോന്‍ അരുവിയുടെ അക്കരെയാണ് ഗത്സമെന്‍ തോട്ടം. 2 സാമു. 15-ാം അധ്യായത്തില്‍, ഉറ്റസുഹൃത്തിനാല്‍ ഒറ്റുകൊടുക്കപ്പെട്ട ദാവീദ് വേദനയാല്‍ മുഖംപൊത്തി നഗ്‌നപാദനായി കരഞ്ഞുകൊണ്ട് കെദ്രോന്‍ അരുവി കടന്ന് ഒലിവ് മല കയറുന്നത് നാം വായിക്കുന്നുണ്ട്. ദാവീദിനെ പുത്രനായ ഈശോ അതിലും രൂക്ഷമായ വേദനയാല്‍ കെദ്രോന്‍ അരുവി കടന്ന് ഗത്സമേനിയില്‍ എത്തുന്നു. ഇരുളിന്റെ കനത്ത നിശ്ശബ്ദതയില്‍ പ്രിയശിഷ്യന്‍ ചുംബനം കൊണ്ട് ഒറ്റിക്കൊടുത്തു ചിരിക്കുന്ന നെറികേടിന്റെ പൂര്‍ണ്ണതയാണ് ഗത്സമെനി. അരുമശിഷ്യര്‍ സ്വന്തം പ്രാണനെക്കാളും വലുതല്ല തന്റെ ഗുരുവും സുവിശേഷവും എന്ന് പ്രഖ്യാപിച്ച് ഓടിയകലുന്ന ഭൂമിയാണ് ഗത്സമെനി. ഒറ്റലും ഒറ്റപ്പെടുത്തലും ഒന്നുചേരുമ്പോഴാണ് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഗത്സമെനി രൂപംകൊള്ളുന്നത്. പ്രതീക്ഷയര്‍പ്പിച്ചവരുടെ പിന്മാറ്റവും കരുതലാകുമെന്ന് കരുതിയവരുടെ കാലുവാരലും തീര്‍ക്കുന്ന കണ്ണീര് കണ്ണില്‍ നിന്നല്ല, ഹൃദയത്തില്‍ നിന്നാണ് ഉദ്ഭവിക്കുന്നത്. ഗത്സമെനിയില്‍ ക്രിസ്തുവിന്റെ ഏകാന്തദുഃഖം അവന്റെ ഹൃദയധമനികളില്‍പോലും വിള്ളല്‍ വീഴ്ത്തുന്നത്തിന്റെ കാരണമിതാണ്.

ഗത്സമെന്‍ നമുക്കു നല്‍കുന്ന പാഠം, ജീവിതത്തിലെ ഒരുപാട് സഹനങ്ങളില്‍ നാം ഒറ്റയ്ക്കു നിന്നേ മതിയാകൂ. ആരും പ്രതീക്ഷിക്കാത്ത ചില ഒറ്റപ്പെടലുകളും ആരും മനസ്സിലാക്കാത്ത ചില കുറ്റപ്പെടുത്തലുകളും ആരുമറിയാത്ത ചില തേങ്ങലുകളും ആരും കാണാത്ത ചില മുറിപ്പാടുകളും ജീവിതത്തിന്റെ അനിവാര്യതയാണെന്ന് ഗത്സമെന്‍ നമ്മെ പഠിപ്പിക്കുന്നു. ഒരിക്കല്‍ ഒരു മനുഷ്യന്‍ നിരവധിയായ ജീവിതപ്രശ്‌നങ്ങളോര്‍ത്ത് വ്യാകുലപ്പെട്ട് ദൈവത്തെ പഴിച്ചുകൊണ്ട് ആത്മഹത്യ ചെയ്യാനായി ഒരു മലമുകളിലേക്കു കയറിപ്പോകുന്നു. അദ്ദേഹത്തിന് ജീവിതത്തില്‍ നടന്ന പ്രതികൂല സാഹചര്യങ്ങളെല്ലാം ദൈവമാണ് വരുത്തിയതെന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ആ ഉയര്‍ന്ന മലയില്‍നിന്ന് താഴേക്കു ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയാണ്. പക്ഷേ, പെട്ടെന്നുതന്നെ പിറകില്‍നിന്നു വന്ന ഒരാള്‍ അദ്ദേഹത്തെ രക്ഷിക്കുന്നു. തന്നെ രക്ഷിച്ച മനുഷ്യനോട് അദ്ദേഹം ചോദിച്ചു: താങ്കള്‍ എന്തിനാണ് എന്നെ രക്ഷിക്കുന്നത്. താങ്കള്‍ എന്താണ് എന്റെ ജീവിതത്തില്‍ ചെയ്യുന്നത്. പുഞ്ചിരിച്ചുകൊണ്ട് ആ മനുഷ്യന്‍ മറുപടി നല്‍കി: നിങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഒരു ഫുള്‍സ്റ്റോപ്പ് ഇടാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അവിടെ ഒരു കോമ ഇട്ടു. അതുകൊണ്ടുതന്നെ ഞാന്‍ നിങ്ങളോടു പറയുകയാണ്, ജീവിതം മുന്നോട്ടുപോകേണ്ടതാണ്. സ്‌നേഹമുള്ളവരെ ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളില്‍ എല്ലാം മറികടക്കാനും ഫുള്‍സ്റ്റോപ്പ് ഇടാതെ കോമയിട്ടു കൊണ്ട് ജീവിതം തുടരാനും നമുക്കു സാധിക്കണം. അപ്പോള്‍ മാത്രമേ ദുഃഖവെള്ളിയുടെ യഥാര്‍ഥചൈതന്യം നമ്മിലും പ്രകാശിക്കുകയുള്ളൂ.

ജീവിതപ്രതിസന്ധികള്‍ക്കിടയിലും ക്രിസ്തുവിലേക്കു കണ്ണുകളുയര്‍ത്തിയ ഒരു മനുഷ്യനാണ് നല്ല കള്ളന്‍. ജീവിതത്തില്‍ വന്നുപോയ പരാജയങ്ങളെയും പ്രതിസന്ധികളെയും ഓര്‍ത്ത് കരയാതെ ക്രിസ്തുവിലേക്ക് കണ്ണുകളുയര്‍ത്തി അവന്‍ പറുദീസ സ്വന്തമാക്കി. നല്ല കള്ളനെപ്പറ്റി പറയപ്പെടുന്ന ഒരു കഥ ഇപ്രകാരമാണ്. 33 വര്‍ഷങ്ങള്‍ക്കുശേഷം ഈ സ്വര്‍ഗത്തിലേക്ക് വീണ്ടും തിരിച്ചുകയറിച്ചെല്ലുകയാണ്. ക്രിസ്തുവിനെ കണ്ടപാടെ പിതാവായ ദൈവം അവിടുത്തെ ആശ്ലേഷിക്കുന്നു. പിതാവിന്റെ സ്‌നേഹവായ്പിനുശേഷം ഈശോ പിതാവിനോടു പറഞ്ഞു: പിതാവേ, ഞാന്‍ ഒറ്റയ്ക്കല്ല ഈ സ്വര്‍ഗത്തിലേക്കു കയറിവന്നത്. എന്റെ കൂടെ ഒരു അതിഥി കൂടിയുണ്ട്; അവനൊരു കള്ളനാണ്. പിതാവായ ദൈവം കുസൃതിയോടെ ഈശോയോടു ചോദിച്ചു: ഇത്രയും കാലം ഭൂമിയില്‍ ജീവിച്ചിട്ട് ഒരു കള്ളനെയാണോ നിനക്ക് കൂട്ടുകാരനായി ലഭിച്ചത്. ഈശോയും കുസൃതിച്ചിരിയോടെ തന്നെ പിതാവിനു മറുപടി നല്‍കി: ഭൂമിയിലെ താഴിട്ടുപൂട്ടിയ ഏതു വാതിലും തുറക്കാന്‍ ഈ കള്ളനെക്കാള്‍ മികച്ച ഒരാളെ ഞാന്‍ കണ്ടിട്ടില്ല. പ്രശ്‌നങ്ങളാലും പ്രതിസന്ധികളാലും ജീവിക്കുന്ന മനുഷ്യര്‍ക്ക് ഇവന്റെ ജീവിതം ഒരു മാതൃകയാകും. ഇന്നത്തെ സഹനങ്ങളും പ്രതിസന്ധികളും വരാനിരിക്കുന്ന നിത്യജീവിതത്തില്‍ നമുക്കു കിട്ടുന്ന പ്രതിഫലം നമുക്ക് കിട്ടുമെന്ന് ഈ കള്ളന്റെ ജീവിതം എല്ലാവരെയും പഠിപ്പിക്കുന്നു. നല്ലപോലെ ജീവിതങ്ങള്‍ തളരാതെ കരയാതെ ക്രിസ്തുവിലേക്ക് കണ്ണുകളുയര്‍ത്തി പറുദീസ സ്വന്തമാക്കാന്‍ നമുക്കും സാധിക്കട്ടെ.

പ്രിയമുള്ള സഹോദരങ്ങളെ, നമ്മുടെ ഏവരുടെയും ജീവിതത്തില്‍ നാം കടന്നുപോകുന്ന ഗത്സമെന്‍ അനുഭവങ്ങളെ ദൈവഹിതത്തോട് ചേര്‍ത്തുവയ്ക്കാനും നല്ല കള്ളന്റെ മനോഭാവത്തോടെ വൈകിയ വേളയിലും പറുദീസ സ്വന്തമാക്കാന്‍ ദൈവകരുണയാല്‍ നമുക്കു സാധിക്കുമെന്നും സഹനങ്ങളെ ഈശോയോട് ചേര്‍ന്നുനിന്നുകൊണ്ട് സ്വീകരിക്കാനും വിശുദ്ധ കുരിശിന് അവസാനശ്വാസം വരെ സാക്ഷ്യം നല്‍കാനുള്ള കൃപ ഈ ദുഃഖവെള്ളി നമുക്കു നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കാം. ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനു ഗ്രഹിക്കട്ടെ.

ബ്രദര്‍ ബിബിന്‍ കൊച്ചുപുരയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.