ഏഴ് കൂദാശകളെയും കുറിച്ച് ബൈബിള്‍ പറയുന്നത് എന്തൊക്കെയാണ്

മാമ്മോദീസ, സ്ഥൈര്യലേപനം, കുര്‍ബാന, കുമ്പസാരം, രോഗീലേപനം, തിരുപ്പട്ടം, വിവാഹം. ദൈവം സ്ഥാപിച്ച ഏഴ് പരിശുദ്ധ കൂദാശകള്‍. ക്രിസ്തീയ ജീവിതത്തിലെ പ്രധാന സംഭവങ്ങളിലൂടെ കടന്നുപോകുന്നതാണ് ഈ ഏഴ് കൂദാശകളും. ഈ ലോക ജീവിത്തെയും ആത്മീയ ജീവിതത്തെയും ബന്ധിപ്പിച്ച് നിര്‍ത്തുന്ന കണ്ണികളാണ് കൂദാശകള്‍.

മാര്‍പാപ്പമാരോ ബിഷപ്പുമാരോ സ്ഥാപിച്ചവയല്ല, യേശുക്രിസ്തുവില്‍ നിന്ന് അപ്പസ്‌തോലന്മാരാല്‍ കൈമാറ്റം ചെയ്യപ്പെട്ടു വന്നവയാണ് കൂദാശകളെന്നും സഭാ മക്കള്‍ വിശ്വസിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിലും ഓരോ കൂദാശയെക്കുറിച്ചും വ്യക്തമായ പരാമര്‍ശങ്ങളുണ്ട്. പലപ്പോഴും വായിക്കുകയും കേള്‍ക്കുകയും ചെയ്തിട്ടുള്ളവയാണെങ്കിലും ഏഴ് കൂദാശകള്‍ ഓരോന്നിനെക്കുറിച്ചും വിശുദ്ധ ഗ്രന്ഥം പറയുന്നത് എന്തൊക്കെയെന്ന് ഒരിക്കല്‍ കൂടി ശ്രദ്ധിക്കാം…

1. മാമ്മോദീസ

ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. (മത്തായി 28 : 19-20)

2. സ്ഥൈര്യലേപനം

പിന്നീട്, അവരുടെമേല്‍ അവര്‍ കൈകള്‍ വച്ചു; അവര്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയും ചെയ്തു. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 8 : 17)

3. കുര്‍ബാന

അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശു അപ്പമെടുത്ത് ആശീര്‍വദിച്ചു മുറിച്ച് ശിഷ്യന്‍മാര്‍ക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: വാങ്ങി ഭക്ഷിക്കുവിന്‍; ഇത് എന്റെ ശരീരമാണ്. അനന്തരം പാനപാത്രമെടുത്ത് കൃതജ്ഞതാസ്‌തോത്രം ചെയ്ത് അവര്‍ക്കുകൊടുത്തുകൊണ്ടു പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍നിന്നു പാനം ചെയ്യുവിന്‍. ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്തമാണ്. (മത്തായി 26 : 26-28)

4. കുമ്പസാരം

നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും. (യോഹന്നാന്‍ 20 : 23)

5. രോഗീലേപനം

അനേകം പിശാചുക്കളെ പുറത്താക്കി; അനേകം രോഗികളെ തൈലംപൂശി സുഖപ്പെടുത്തി. (മര്‍ക്കോസ് 6 : 13)

6.തിരുപ്പട്ടം

പ്രവചനപ്രകാരവും സഭാേ്രശഷ്ടന്മാരുടെ കൈവയ്പൂവഴിയും നിനക്കു നല്കപ്പെട്ട കൃപാവരം അവഗണിക്കരുത്. (1 തിമോത്തേയോസ് 4 : 14)

7. വിവാഹം

എല്ലാവരുടെയിടയിലും വിവാഹം മാന്യമായി കരുതപ്പെടട്ടെ. മണവറ മലിനമാകാതിരിക്കട്ടെ. കാരണം, അസന്‍മാര്‍ഗികളെയും വ്യഭിചാരികളെയും ദൈവം വിധിക്കും.(ഹെബ്രായര്‍ 13 : 4)