വഴി നടത്തുന്ന ദൈവം

സീറോ മലബാര്‍: ദനഹാക്കാലം രണ്ടാം ഞായറാഴ്ച വചനവിചിന്തനം

നിയമാവര്‍ത്തനം 31: 1-8; ഏശയ്യാ 41: 8-16; ഫിലിപ്പി. 3: 4-16; മര്‍ക്കോ. 3: 7-19

ധ്യാനം

ദനഹാക്കാലം വെളിപ്പെടുത്തലിന്റെ കാലമാണ്. ഈശോമിശിഹായെക്കുറിച്ചുള്ള രക്ഷാകര വെളിപാടുകളിലേക്ക് ദൈവജനം നടന്നടുക്കന്ന കാലം. രക്ഷാനുഭവം സ്വന്തമാക്കണമെങ്കില്‍ ദൈവജനം രക്ഷകനായ ദൈവത്തോട് ചേര്‍ന്നുനില്‍ക്കണമെന്നതാണ് ഇന്നത്തെ നാലു വായനകളും നമ്മെ പഠിപ്പിക്കുന്നത്.

വഴിനടത്തുന്ന തമ്പുരാന്‍ കൂടെയുണ്ടെന്നുള്ള ചിന്തയില്‍ ഭയപ്പെടാതെ മുന്നോട്ട് നീങ്ങണമെന്ന സന്ദേശമാണ് രണ്ട് പഴയനിയമ വായനകളുടെയും പൊരുള്‍. 120 വയസ്സായ മോശയുടെ വാക്കുകളില്‍ ഇന്നും ഹൊറേബിലെ ജ്വലിക്കുന്ന അഗ്നിയുടെ ചൂട് നമുക്ക് വായിച്ചറിയാന്‍ സാധിക്കും. മൊവാബ് സമതലം തന്റെ വിടവാങ്ങലിന്റെ വേദിയാകുമ്പോള്‍ വാഗ്ദത്തദേശം ഒരു ദൂരക്കാഴ്ച മാത്രമായി മങ്ങിനില്‍ക്കുമ്പോള്‍ അവിടെയൊരിക്കല്‍ കാലെടുത്തു വയ്ക്കാനാകുമെന്ന മോഹം സാധിക്കാനാകില്ലെന്നറിയുമ്പോള്‍ മോശയുടെ സ്വരത്തില്‍ പരാതിയോ, പരിഭവമോ ഇല്ല. നേതൃസ്ഥാനത്തേക്ക് ജോഷ്വയെ നിയോഗിച്ച് ദൈവജനത്തെയും ജോഷ്വയെയും ധൈര്യപ്പെടുത്തുന്നവനായി ദൈവനിയോഗത്തിന്റെ കല്‍പനകളെ ഏറ്റെടുക്കുന്നവനായി മോശ മാറുന്നു.

വിപ്രവാസകാലത്തിന്റെ യാതനകളെ അതിജീവിക്കാന്‍ ജനത്തിന് ശക്തി നല്‍കുന്നവയാണ് ഏശയ്യായുടെ വചനങ്ങള്‍. “ഭയപ്പെടേണ്ട ഞാന്‍ നിന്നോട് കൂടെയുണ്ട് സംഭ്രമിക്കേണ്ട ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്‍റെ വിജയകരമായ വലത്തുകൈ കൊണ്ട് ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും” (ഏശയ്യാ 41,10). താങ്ങിനിര്‍ത്തുന്നവനും കൂടെ നില്‍ക്കുന്നവനുമായ ദൈവം പകരുന്ന മനോബലമുണ്ടെങ്കില്‍ ഏത് ദുരിതത്തെയും അതിജീവിക്കാനാകുമെന്ന് ഏശയ്യാ പ്രവാചകന്‍ ഇസ്രയേല്‍ ജനത്തെ പഠിപ്പിക്കുന്നു.

പ്രത്യേകം പരാമര്‍ശിക്കാവുന്ന ചില ആവര്‍ത്തനങ്ങള്‍ ഇന്നത്തെ രണ്ട് പഴയനിയമ ഗ്രന്ഥ വായനകളുടെ പ്രത്യേകതകളാണ്. നാല് പ്രാവശ്യമാണ്, രണ്ട് വായനകളിലും ‘കൂടെ, ഭയപ്പെടേണ്ട’ എന്ന പദം ആവര്‍ത്തിച്ചിരിക്കുന്നത് (നിയമാ. 31:6.8; ഏശയ്യാ 41: 10.14) മൂന്ന് പ്രാവശ്യം ദൈവം കൂടെയുണ്ട് എന്ന് നാം കാണുന്നു (നിയമാ. 31: 6.8; ഏശയ്യാ 41:10) രണ്ട് പ്രാവശ്യം ശക്തരും ധീരരുമായിരിക്കുവിന്‍ എന്ന ആഹ്വാനം ആവര്‍ത്തിച്ചിട്ടുണ്ട് (നിയമാ. 31: 6.7) ദൈവം ശക്തിപ്പെടുത്തും എന്ന് ഏശയ്യാ പ്രവാചകന്‍ 41,10 ലൂടെ അനുസ്മരിപ്പിക്കുന്നു. രണ്ട് പ്രാവശ്യം ദൈവം സഹായിക്കും എന്ന് ആവര്‍ത്തിച്ചിരിക്കുന്നു (ഏശയ്യാ 41: 13.14). അതിനാല്‍ത്തന്നെ ശക്തിപ്പെടുത്തുന്ന ധൈര്യപ്പെടുത്തുന്ന കൂടെ നില്‍ക്കുന്ന ദൈവത്തില്‍ അഭയം തേടാനും അവിടുത്തോട് ചേര്‍ന്നു നില്‍ക്കാനുമുള്ള ആഹ്വാനം നല്‍കുകയാണ് പഴയനിയമ വായനകള്‍. ഈ ആഹ്വാനപ്രകാരം പരസ്പരം ധൈര്യപ്പെടുത്തുകയും ദൈവാശ്രയത്വം വളര്‍ത്തുകയും ഐക്യത്തില്‍ മുന്നേറുകയുമാണ് ക്രൈസ്തവസമൂഹത്തിന്റെ ഉത്തരവാദിത്വം.

വി. പൗലോസ് ശ്ലീഹ ഫിലിപ്പിയയിലെ സഭാസമൂഹത്തിനെഴുതിയ 3: 4-16 ഇപ്രകാരം ധീരതയോടെ യേശുവിനോടൊപ്പവും യേശുവിന് വേണ്ടിയും ജീവിക്കുന്നതിന്റെ ആത്മാഭിമാനം കുറിക്കുന്ന വരികളാണ്. നേട്ടങ്ങളനേകമുണ്ടായിരുന്നിട്ടും എല്ലാം ഉപേക്ഷിച്ച് യേശുവിനു വേണ്ടി ജീവിക്കാന്‍ തയ്യാറാകുന്ന ഒരു ക്രിസ്തുശിഷ്യനോ/ ക്രിസ്തുശിഷ്യയോ അനവധി നാളുകളുടെ ജീവിതസമര്‍പ്പണത്തിനു ശേഷം മനസ്സിലനുഭവിക്കുന്ന ആനന്ദമെന്തെന്നും അഭിമാനമെന്തെന്നും നമ്മെ മനസ്സിലാക്കിത്തരാന്‍ ഈ വാക്കുകള്‍ക്ക് സാധിക്കുമെന്നത് തീര്‍ച്ചയാണ്. എന്റെ കര്‍ത്താവായ യേശുക്രിസ്തുവിനെപ്പറ്റിയുള്ള ജ്ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വ്വവും നഷ്ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെപ്രതി ഞാന്‍ സകലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ഠം പോലെ കരുതുകയുമാണ് (ഫിലിപ്പി 31:8) എന്ന പൗലോസ് ശ്ലീഹയുടെ വാക്കുകളില്‍ എന്റെ കര്‍ത്താവായ യേശുക്രിസ്തു എന്ന് പറയാന്‍ മാത്രമുള്ള വ്യക്തി ബന്ധം അപ്പസ്തോലനുണ്ടായിരുന്നു എന്നത് വ്യക്തമാകുന്നു. ഇത്രയും നാളത്തെ ക്രൈസ്തവജീവിതത്തിനിടയില്‍, പരിശുദ്ധ കുര്‍ബാന അനുഭവങ്ങള്‍ക്കൊടുവില്‍ പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ എന്റെ കര്‍ത്താവാണ് എന്റെ കണ്‍മുമ്പിലും എന്റെ ജീവിതത്തിലുമെന്ന അനുഭവം സ്വന്തമാക്കാനായില്ലെങ്കില്‍ നമ്മുടെയൊക്കെ ക്രൈസ്തവജീവിതങ്ങള്‍ എവിടെ വരെ മാത്രം എത്തിനില്‍ക്കുന്നു എന്ന് നാം ആത്മപരിശോധനക്ക് വിഷയമാക്കേണ്ടതുണ്ട്.

രണ്ട് പഴയ നിയമ വായനകളെയും വി. പൗലോസ് ശ്ലീഹയുടെ ലേഖനത്തെയും യേശുജീവിതത്തെ മുന്‍നിറുത്തി കാച്ചിക്കുറുക്കിയെടുക്കുമ്പോള്‍ ഇന്നത്തെ സുവിശേഷഭാഗമായി. കര്‍ത്താവായിരിക്കും നിങ്ങള്‍ക്ക് മുന്‍പേ നീങ്ങുന്നതെന്ന് മൊവാബ് സമതലത്തില്‍ വച്ചു മുഴങ്ങിയ മോശയുടെ വാക്കുകള്‍ ആവര്‍ത്തിക്കും വിധം മുന്‍പേ നീങ്ങുന്നവനാകുന്ന യേശുവിനെ നാമിവിടെ കാണുന്നു. മര്‍ക്കോ. 3:7 യേശു ശിഷ്യന്മാരോട് കൂടെ കടല്‍ത്തീരത്തേക്കു പോയി, ഗലീലിയില്‍ നിന്ന് ഒരു വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു എന്ന് നാം വായിക്കുന്നിടത്ത് കൃത്യമായ സൂചനകള്‍ നമുക്ക് ലഭിക്കുന്നു. മര്‍ക്കോ. 3:13 -ല്‍ പിന്നെ അവന്‍ മലമുകളിലേക്ക് കയറി തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്ക് വിളിച്ചു. അവര്‍ അവന്റെ സമീപത്തേക്ക് ചെന്നു. എന്നുള്ള വരികളിലും ഇന്നത്തെ ആദ്യ മൂന്ന് വായനകളുടെയും ചുരുക്കം കാണാം. തന്നോട് കൂടെ ആയിരിക്കാനും പ്രസംഗിക്കാന്‍ അയക്കുന്നതിനും പിശാചുക്കളെ ബഹിഷ്കരിക്കാന്‍ അധികാരം നല്‍കുന്നതിനുമായി അവന്‍ പന്ത്രണ്ടു പേരെ നിയോഗിച്ചു (മര്‍ക്കോ. 3:15).

ദർശനം

ദൈവത്തിന്റെ കൈ വിടാതെ ജീവിച്ച പൂര്‍വ്വപിതാക്കന്മാരുടെ ജീവിതമാണ് നമ്മുടെ കണ്‍മുമ്പില്‍ ദര്‍ശനത്തിനായി നല്‍കുന്നത്. തന്റെ മരണവും വ്യാകുലവും കണ്‍മുമ്പില്‍ നില്‍ക്കുമ്പോഴും ദൈവത്തെ കൂടെ നിര്‍ത്തണമെന്ന് ഇസ്രയേല്‍ സമൂഹത്തോടു മുഴുവനായും ജോഷ്വയോട് വ്യക്തിപരമായും പറഞ്ഞ് യാത്രയാകുന്ന മോശ നമുക്ക് പ്രചോദനമാകേണ്ടതാണ്. ആയുസ്സിന്റെ കടല്‍ തുഴഞ്ഞ് മറുകരെ നില്‍ക്കുമ്പോള്‍ ആ 120 വയസ്സുകാരന്റെ വാക്കുകളില്‍ ജ്വലിച്ച ധൈര്യവും ജീവിതകാലത്തുടനീളം ദൈവം എന്നോട് കൂടെയുണ്ടായിരുന്നു എന്ന ബോധവും നമുക്ക് തുണയാകുമോയന്ന് ചിന്തിക്കേണ്ടതുണ്ട്. വിപ്രവാസത്തിന്റെറെ നിരാശകളില്‍, ദൈവമെന്തിനിങ്ങനെ ഞങ്ങളോടിടപെടുന്നു എന്ന് വിലപിക്കുന്ന ഇസ്രയേല്‍ സമൂഹത്തിനോട് ദൈവം ദൂരെയെങ്ങും പോയിട്ടില്ല, നമ്മുടെ വലത്തുകരം ചേര്‍ത്തു പിടിച്ച് കൂടെയവന്‍ നില്‍പ്പുണ്ട് എന്ന് പറയുന്ന ഏശയ്യായുടെ വചനങ്ങള്‍ ഈ ആഗോള രോഗകാലത്തില്‍ നെടുവീര്‍പ്പെടുന്ന ഓരോ മനസ്സിനും നല്‍കുന്ന ധൈര്യവും പ്രത്യാശയും ചെറുതല്ല. എന്റെ കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള ജ്ഞാനമാണെനിക്ക് വലുതെന്ന് പറയുന്ന പൗലോസ് ശ്ലീഹയുടെ അഭിമാന ബോധം ഇന്നത്തെ സമര്‍പ്പിതരിലും വൈദികരിലും സന്യസ്തരിലും നിറഞ്ഞുനില്‍ക്കേണ്ടതാണ്. നേടിയെടുത്തതിനെ കൈവിടാതെയാകണം നമ്മുടെ പ്രവര്‍ത്തനമെന്ന് ഫിലിപ്പിയ സമൂഹത്തെ ഓര്‍മ്മിപ്പിക്കുന്ന പൗലോസ് ശ്ലീഹ, നാമെന്താണ് നേടിയതെന്ന ചോദ്യം കേരളത്തിലെ സഭാസമൂഹത്തോട് ചോദിക്കുന്നുണ്ട്. മാര്‍ത്തോമാശ്ലീഹാ പകര്‍ന്നു നല്‍കിയ വിശ്വാസം വഴി നാം നേടിയത് ക്രിസ്തുവിനെയാണ്, എന്നാല്‍ രണ്ടായിരം വര്‍ഷത്തിന്റെ ദീര്‍ഘകാലത്തെ ഈ മണ്ണിലെ വാസത്തിനൊടുവില്‍ ക്രിസ്തു ഉള്ളില്‍ തുടിക്കുന്ന ക്രൈസ്തവരെത്രയിവിടെ കാണുമെന്നത് ചിന്തിക്കേണ്ടതാണ്. നാം നേടിയതെല്ലാം നേട്ടങ്ങളായിരുന്നില്ല നഷ്ടങ്ങള്‍ മാത്രമായിരുന്നു എന്നാല്‍ ക്രിസ്തുവിനെ നേടുന്നതാണ് യഥാര്‍ത്ഥമായ നേട്ടമെന്ന് പൗലോസ് ശ്ലീഹ നമ്മെ ബോധ്യപ്പെടുത്തുന്നു. മലമുകളിലേക്ക് നടന്നുകയറിയ യേശു വീണ്ടും നമ്മെ വിളിക്കുന്നുണ്ട്. ശിഷ്യര്‍ ഉടനെ അവന്റെ സമീപത്തെത്തിയതു പോലെ നമുക്കും അവനരികിലേക്ക് നടക്കാം.

ദിവ്യകാരുണ്യം

ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്നവന്‍ വിളിക്കപ്പെടും എന്ന പ്രവാചകവചനം പോലെ അവന്‍ നമുക്കിടയില്‍ വന്നു പിറന്നു. യുഗാന്ത്യം വരെ ഞാന്‍ നിങ്ങളോടു കൂടെയുണ്ടായിരിക്കുമെന്ന അവിടുത്തെ വാഗ്ദാനമനുസരിച്ച് അപ്പമായിന്നും കൂടെ വസിക്കുന്നു. ഓരോ ദിവ്യകാരുണ്യസ്വീകരണവും അവിടുന്ന് കൂടെയുണ്ട് എന്ന ഉറപ്പാണ് നല്‍കുന്നത്. നമുക്കവനെ വിസ്മരിക്കാതിരിക്കാം, നഷ്ടപ്പെടുത്താതിരിക്കാം.

ഫാ. ജസ്റ്റിന്‍ കാഞ്ഞൂത്തറ എംസിബിഎസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.