ലത്തീൻ: മാർച്ച് 26 ബുധൻ, മത്തായി 5: 17-19 സ്വർഗരാജ്യത്തിൽ വലിയവരാകാൻ

വി. മത്തായുടെ സുവിശേഷം അഞ്ചാം അധ്യായം 17 മുതൽ 19 വരെയുള്ള തിരുവചന ഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. “ഞാൻ നിയമത്തെയും പ്രവാചകന്മാരെയും മാറ്റാൻ വന്നതല്ല, മറിച്ച് അത് പൂർത്തിയാക്കാൻ വന്നവനാണ്” എന്ന് ക്രിസ്തു പഠിപ്പിക്കുന്ന വചനഭാഗമാണിത്. പഴയനിയമത്തിന്റെ പൂർത്തീകരണമാണ് പുതിയ നിയമം. പഴയ നിയമത്തെയും പുതിയ നിയമത്തെയും ബന്ധിപ്പിക്കുന്നത് ക്രിസ്തുവിലൂടെയാണ്. ക്രിസ്തുവിന്റെ മലയിലെ പ്രസംഗങ്ങൾ, അത് പഴയനിയമ പഠനങ്ങൾക്ക് ക്രിസ്തു നൽകുന്ന പുതിയൊരു മുഖച്ഛായയാണെന്നു പറയാം.

ദൈവവചനത്തിന്റെ ഏറ്റവും നിസ്സാരമായതുപോലും ലംഘിക്കുന്നവനും ലംഘിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കുന്നവനും സ്വർഗരാജ്യത്തിൽ ചെറിയവനെന്നു വിളിക്കപ്പെടും എന്ന് ക്രിസ്തു ഇവിടെ പഠിപ്പിക്കുകയാണ്. നാം വചനം പഠിപ്പിക്കുമ്പോൾ ദൈവത്തിന്റെ ഹിതം എന്താണോ അത് മറ്റുള്ളവരെ പഠിപ്പിക്കാൻ നമുക്കു സാധിക്കണം. വചനത്തെ എന്റെ ഇഷ്ടത്തിനനുസരിച്ചു വളച്ചൊടിക്കാൻ ഒരിക്കലും ഇടയാകരുത്. കാരണം, വചനം ദൈവത്തിന്റെ സ്വരമാണ്. വചനത്തെ ബഹുമാനിച്ചും അതിനുള്ളിലെ ദൈവസന്ദേശത്തെ സ്വാംശീകരിച്ചും നമ്മുടെ ജീവിതത്തെ കൂടുതൽ മനോഹരമാക്കാം. അപ്പോഴാണ് നാം സ്വർഗരാജ്യത്തിലെ വലിയവരാകുന്നത്.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.