
2014 ല്‍ യുഎസിലെ ടെന്നിസിയിലുള്ള ഒരു ഗര്‍ഭസ്ഥ ശിശുവിനു ലഭിച്ച രോഗസൗഖ്യമാണ് ഫാ. മൈക്കിള്‍ മഗ്‌വീനിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനുള്ള അത്ഭുതമായി വത്തിക്കാന്‍ അംഗീകരിച്ചത്. കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ സാഹോദര്യ കൂട്ടായ്മയായ നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ സ്ഥാപകനാണ് ഫാ. മൈക്കിള്‍. കത്തോലിക്കാ സഭയില്‍ നടന്നിട്ടുള്ള മറ്റേത് അത്ഭുതങ്ങളേയുംപോലെ ഇതിനെ കാണാനാവില്ലെന്നതാണ് ഇതിലെ പ്രത്യേകത.
അതീവ ഗുരുതരമായ ഫീറ്റല്‍ ഹൈഡ്രോപ്‌സ് എന്ന അവസ്ഥയായിരുന്നു കുട്ടിയ്ക്ക്. കൂടെ ഡൗണ്‍സിന്‍ഡ്രവും സ്ഥിരീകരിച്ചു. തന്റെ പതിറ്റാണ്ടുകള്‍ നീണ്ട ആതുരസേവനത്തിനിടെ ഇതുപോലൊരു കുട്ടിയെ ജീവനോടെ ഉദരത്തില്‍ നിന്ന് പുറത്തെത്തിയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഡോക്ടറും പറഞ്ഞത്. അതുകൊണ്ട് 19 ാം ആഴ്ചയില്‍ കുട്ടിയെ അബോര്‍ഷന്‍ ചെയ്യണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടു. അതല്ലെങ്കില്‍ കുട്ടി മരിക്കുന്നതുവരെ കാത്തിരുന്നിട്ട് ചാപിള്ളയായി പുറത്തിറക്കാമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു.
ഈയവസരത്തിലാണ് ഫാ. മൈക്കിള്‍ മഗ്വീനിയുടെ മാധ്യസ്ഥ്യം തേടി കുട്ടിയുടെ മാതാപിതാക്കള്‍ പ്രാര്‍ത്ഥിച്ചത്. കുട്ടിയെ ജീവനോടെ ലഭിച്ചാല്‍ ഫാ. മൈക്കിളിന്റെ പേരു തന്നെ കുഞ്ഞിനും നല്‍കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തു. ഇതിനുശേഷം നടത്തിയ സ്‌കാനിംഗില്‍ കുട്ടിയുടെ ഫീറ്റല്‍ ഹൈഡ്രോപ്‌സ് എന്ന അവസ്ഥ അപ്രത്യക്ഷ്യമായിരുന്നു. ഡോക്ടര്‍മാര്‍ക്കു പോലും ഇത് അത്ഭുതമായിരുന്നു. കുട്ടിയ്ക്ക് ഇപ്പോള്‍ അഞ്ചു വയസുമായി. ഡൗണ്‍ സിന്‍ഡ്രം മാറിയില്ലല്ലോ എന്ന ചോദ്യം ഉയര്‍ന്നെങ്കിലും മാരകരോഗം മാറി കുഞ്ഞിനെ ജീവനോടെ തിരിച്ചു തരണേ എന്നു മാത്രമാണ് തങ്ങള്‍ പ്രാര്‍ത്ഥിച്ചതെന്ന മാതാപിതാക്കളുടെ സാക്ഷ്യം ഏറെ ശ്രദ്ധേയമായി. അത്ഭുതത്തിന് വത്തിക്കാന്റെ അംഗീകാരവും ലഭിച്ചു.