
ഞായറാഴ്ച്ചകളില്‍ അവര്‍ പുലര്‍ച്ചെ ആറു മണിക്ക് പള്ളിയിലെത്തും, പിന്നെ എട്ടര വരെ നീണ്ട പണിയാണ് – പള്ളിയുടെ പണി. എട്ടരയ്ക്ക് പ്രഭാത ഭക്ഷണം കഴിഞ്ഞാല്‍ പിന്നെ കുശലം പറഞ്ഞു നിൽക്കാൻ സമയമില്ല. 11: 30 വരെ വീണ്ടും പണിയില്‍ മുഴുകും. ശേഷം താല്‍ക്കാലികമായി ഉണ്ടാക്കിയ പള്ളിയില്‍, കുര്‍ബാന കൂടും. എല്ലാവരും ആ വിയര്‍ത്തു മുഷിഞ്ഞ വേഷത്തില്‍ തന്നെയായിരിക്കും. പക്ഷേ ആ വിയര്പ്പിന് അധ്വാനത്തിന്റെയും ആരാധനയുടെയും സുഗന്ധമുണ്ടാകും. കാരണം അവര്‍ തങ്ങള്‍ക്കായി പള്ളി നിര്‍മ്മിക്കുകയാണ്. അവര്‍ എന്ന് പറയുമ്പോള്‍, ഒന്നോ രണ്ടോ ആളുകള്‍ അല്ല. ആയിരം കുടുംബങ്ങള്‍!
എറണാകുളം– അങ്കമാലി അതിരൂപതയിലെ ആയത്തുപടി നിത്യസഹായ മാതാപള്ളിയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. ഇടവകയിലെ ആയിരം കുടുംബങ്ങള്‍ മാത്രം ചേര്‍ന്ന് ഒരു പള്ളി നിര്‍മ്മിക്കുകയാണ്. പള്ളിയുടെ പ്ലാന്‍ തയ്യാറാക്കിയതും അടിത്തറകെട്ടുന്നത് മുതല്‍ ഉള്ള എല്ലാ ജോലികളും ചെയ്യുന്നത് ഇടവകയിലെ അംഗങ്ങളാണ്.
തൂണിലും തുരുമ്പിലും ഇവരുടെ വിയര്‍പ്പുണ്ട്
“അഞ്ചു രൂപ സന്തോഷത്തോടെ തരുന്നതാണ്, 5000 രൂപ പിടിച്ചു വാങ്ങുന്നതിലും അര്‍ത്ഥവത്തായത്. ദേവാലയം പണിയാന്‍ തരുന്ന സംഭാവന മനസറിഞ്ഞുള്ളതാവണം,” ആയത്തുപടി ഇടവകയിലെ ജനങ്ങളെ വ്യത്യസ്തമായ മാര്‍ഗത്തിലൂടെ ചരിക്കുവാന്‍ പ്രേരിപ്പിച്ച ഘടകം ഇടവക വികാരി ഫാദര്‍ ജോണ്‍ പൈനുങ്കലിന്റെ ഈ വാക്കുകളായിരുന്നു
ആയത്തുപടി നിത്യസഹായ മാതാപള്ളി ഇടവകയിലെ അംഗങ്ങള്‍ കുര്‍ബനയ്ക്കായി എത്തുമ്പോള്‍ അവരില്‍ പകുതിപ്പേരും പള്ളിക്ക് വെളിയില്‍ നില്‍ക്കേണ്ട അവസ്ഥ വന്നു. ഈ അവസ്ഥ തുടര്‍ന്നപ്പോള്‍ ഇടവകക്കാര് വികാരിയായ ഫാദര്‍ ജോണ്‍ പൈനുങ്കലിന്റെ നേതൃത്വത്തില്‍ ഒരു ചര്‍ച്ച നടത്തി. ഇടവകയിലെ മുഴുവന്‍ അംഗങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു ദേവാലയം നിര്‍മ്മിക്കണമെന്ന ആവശ്യമാണ് എല്ലാവരും മുന്നോട്ടു വച്ചത്. ഇടവകാംഗങ്ങളെപ്പോലെ തന്നെ വികാരി അച്ചന്റെയും ആഗ്രഹം അത് തന്നെയായിരുന്നു.
പക്ഷേ പുതുതായി ഒരു പള്ളി നിര്‍മ്മിക്കുക എന്ന് പറയുമ്പോള്‍, അതിന്റെ ചിലവുകള്‍ തീര്‍ച്ചയായും വലുതായിരിക്കും എന്ന് എല്ലാവര്ക്കും അറിയാമായിരുന്നു. അത്രയും പണം എവിടെ നിന്ന് കണ്ടെത്തുമെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ ഫാ. ജോണ്‍ ഒന്നു പറഞ്ഞു, “നമ്മള് നിര്‍മ്മിക്കാന്‍ ഉദേശിക്കുന്ന ദേവാലയം, ഓരോ ഇടവകാംഗത്തിന്റെയും വലിയൊരു സ്വപ്നമാണ്. ആ സ്വപ്നത്തിന്റെ ഓരോ ചെറു കണവും നെയ്യുന്നത് നമ്മള് ഓരോരുത്തരും ചേര്‍ന്നാവണം.” അദ്ദേഹത്തിന്റെ അഭിപ്രായം ഏറെ പ്രസക്തമായിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം എങ്ങനെ നടപ്പാക്കും എന്നതിനെക്കുറിച്ച് ഒരു ഊഹവും പാവം ഇടവക ജനങ്ങള്‍ക്ക് ഇല്ലായിരുന്നു. എങ്കില്‍ തന്നെയും അവര്‍ അച്ചന് മുന്നോട്ട് വെച്ച ആശയത്തെ ഒരു വെല്ലുവിളിയായി സ്വീകരിച്ചു. ദേവാലയ നിര്‍മ്മാണങ്ങളില്‍ സാധാരണ ആളുകള്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗം അവരുടെ മുന്പില് തെളിഞ്ഞു. ചിലവ് മനസിലാക്കി ബജറ്റിന് അനുസൃതമായി ആയിരം കുടുംബങ്ങളില്‍ നിന്നും ഒരു തുക ആവശ്യപ്പെടാം എന്ന ആശയവുമായി അവര്‍ അച്ചന്റെ പക്കല്‍ എത്തി. എന്നാല്‍ വികാരിയച്ചന് അത് വിലക്കി.
ദേവാലയത്തിനായി ചിലവാക്കുന്ന പണം മനസ്സറിഞ്ഞു തരേണ്ടതാണെന്നും അതിനായി നിര്‍ബന്ധിത പിരിവു ഏര്‍പ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായങ്ങളില്‍ കഴമ്പു ഉണ്ടായിരുന്നെങ്കിലും ഇതൊക്കെ എങ്ങനെ സാധ്യമാകും എന്നതില്‍ ഏറെ ആശങ്കയായിരുന്നു. എങ്കിലും അവര്‍ ആ വെല്ലുവിളിയെയും ആത്മവിശ്വാസത്തോടെ സ്വീകരിച്ചു.
ശാസ്ത്രീമായ ഒരു പ്ലാന്‍
ഇടവകക്കാര് മനസറിഞ്ഞു നല്കുന്ന പണത്തില്‍ നിന്നും ഒരു ദേവാലയം എന്ന ആഗ്രഹം സാഫല്യത്തില്‍ എത്തിക്കുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ലായിരുന്നു. അതിനു വ്യക്തമായ കണക്കുകൂട്ടലുകളും പ്രവര്‍ത്തിയും ഉണ്ടാകണം. ഇടവകയില്‍ 1000 കുടുംബങ്ങള്‍ ഉണ്ടെങ്കിലും, എല്ലാവരും ഒരേ സാമ്പത്തിക സ്ഥിതി ഉള്ളവര്‍ അല്ല. നിര്‍ബന്ധിതമായ പണപ്പിരിവ് ഇല്ലാത്തതിനാല്‍ തന്നെ എത്ര പണം ലഭിക്കും എന്നതിനെക്കുറിച്ച് ഒരു ഊഹവും ഇല്ല. ആകെ ഉള്ളത് പൂര്‍ണ്ണ മനസ്സോടു കൂടെ പ്രവര്‍ത്തിക്കാന്‍ തയ്യാറായ കുറെ ആളുകളാണ്. അവരെയെല്ലാം വിളിച്ചു കൂട്ടി, ഒരു കമ്മിറ്റി രൂപീകരിക്കുകയായിരുന്നു ആദ്യപടി. തുടര്‍ന്ന് എഞ്ചിനീയറെ കണ്ടു ഒരു പ്ലാന്‍ ഉണ്ടാക്കി ബജറ്റും തീരുമാനമാക്കി. പിന്നീടാണ് കാര്യങ്ങള്‍ ഉഷാറാവുന്നത്. ഒരു രൂപ പോലും പാഴാക്കി കളയാനോ മറ്റാരെയെങ്കിലും ഏല്‍പ്പിക്കാനോ താല്പര്യം ഇല്ലാത്തതിനാല്‍, എല്ലാ വശങ്ങളും ചര്‍ച്ച ചെയ്തു ഒരു സമഗ്ര പദ്ധതി തന്നെ തയ്യാറാക്കി. പള്ളിയുടെ ഓരോ നിര്‍മ്മാണപ്രക്രിയയും ഇടവകക്കാര് തന്നെ ചെയ്യാം എന്നായി.
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന സമര്‍ഥരായ ആളുകള്‍ ഇടവകയുടെ ഭാഗമായതിനാല്‍ തന്നെ ദേവാലയ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ ഉത്തരവാദിത്വപൂര്‍വ്വം ഏല്‍പ്പിക്കുവാന്‍ പുറത്തുനിന്നാരുടെയും സഹായം തേടേണ്ടി വന്നില്ല. ആളുകളെ അവരുടെ തൊഴില്‍ മേഖലയുടെ അടിസ്ഥാനത്തില്‍ വിവിധ കമ്മറ്റികളായി തിരിച്ചു. എഞ്ചിനീയര്‍മാറും കോണ്ട്രാക്ടര്മാരും ഒക്കെ അടങ്ങുന്ന ടെക്നിക്കല്‍ കമ്മിറ്റി. ബാങ്ക് ജീവനക്കാരും മറ്റു സാമ്പത്തിക ശാസ്ത്ര ബിരുദധാരികളും ഒക്കെ അടങ്ങുന്ന ഫിനാന്‍ഷ്യല്‍ കമ്മിറ്റി. വൈദ്യുതി സംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നവരുടെ ഇലക്ട്രിക്കല്‍ കമ്മിറ്റി. അങ്ങനെ വിവിധ കമ്മിറ്റികളും അവയ്ക്ക് ഓരോന്നിനുമായി ഒരു ടീം ലീഡറും. പിന്നെ എല്ലാം വളരെ എളുപ്പമായിരുന്നു. അഞ്ചു കോടി ബജറ്റ് നിശ്ചയിച്ചിരുന്ന പള്ളിയുടെ പണി അതിന്റെ പൂര്‍ണ്ണതയിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോള്‍ ഇതുവരെ ചിലവായത് 1 കോടി 45 ലക്ഷം രൂപ മാത്രം.
രണ്ടു വര്‍ഷം നീണ്ട പ്രയത്നം
അസംസ്കൃതവസ്തുക്കള്‍ പുറത്തു നിന്നു വാങ്ങുന്നത് ഒഴിച്ചാല്‍ ബാക്കി എല്ലാം ചിലവ് ഇല്ലാത്ത കാര്യങ്ങളാണ്. പള്ളിയുടെ നിര്‍മ്മാണം ഒരു ജീവിതചര്യ പോലെ രണ്ടു വര്‍ഷമായി ആയത്തുപടി പള്ളിയിലെ വിശ്വാസികള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാത്രി ആറു മുതല്‍ 10 വരെയാണ് പള്ളി നിര്‍മ്മാണം. എല്ലാവരും തങ്ങളുടെ ജോലികള്‍ അവസാനിപ്പിച്ച്, അത്താഴം കഴിച്ചു പള്ളിയില്‍ നിന്നും മടങ്ങും. ഞായറാഴ്ചകളില്‍ മാത്രം ‘സ്പെഷ്യല്‍ ടൈംടേബിള്‍’ ആണ്! അതിരാവിലെ ആറുമണിക്ക് എല്ലാവരും എത്തും. പിന്നെ 11: 30 വരെ നീണ്ടു നില്ക്കുന്ന ജോലി. ജോലിക്ക് ശേഷം അവര്‍, തങ്ങള്‍ക്ക് താല്‍ക്കാലികമായി പ്രാര്‍ത്ഥിക്കാന്‍ നിര്‍മ്മിച്ച പള്ളിയില്‍ എത്തും. അവിടെ എല്ലാവരും ചേര്‍ന്ന് നിലത്തിരുന്നു കുര്‍ബാന അർപ്പിക്കും. അവരുടെ ശരീരങ്ങള്‍ വിയര്‍പ്പില്‍ പൊതിഞ്ഞിരിക്കുകയായിരിക്കും. ജോലി ചെയ്ത അതേ വസ്ത്രങ്ങളില്‍ ഇരുന്നുള്ള പ്രാര്‍ത്ഥന. അത് ഒരിക്കലും വൃത്തിഹീനമായ ഒരു കാഴ്ചയല്ല. ദൈവത്തിനായുള്ള അവരുടെ ഏറ്റവും വലിയ സമര്‍പ്പണമാണ്. അവര്‍ തങ്ങളുടെ വിയര്‍പ്പില്‍ നിന്ന് പണിതുയര്‍ത്താന്‍ ശ്രമിക്കുന്നത് ഒരു ദേവാലയമാണ്! അതിനു വിശുദ്ധമായ ഒരു വഴി തെളിയിച്ചത് വികാരി ഫാദര്‍ ജോണ്‍ പൈനുങ്കലും.
പൈനുങ്കലച്ചനെ കേരളം അറിയും
അറിയും തോറും അകലം കൂടുന്ന മഹാ സാഗരമാണ് സംഗീതം എന്ന് പോലെയാണ് പൈനുങ്കലച്ചന്റെ കാര്യം. സംഗീതത്തെ ആത്മാവിനൊപ്പം ചേര്‍ത്ത് നിര്‍ത്തിയ അദ്ദേഹം ഒരു ഗായകനും ഗാനരചയിതാവും കൂടിയാണ്. കുര്‍ബാനകളില്‍ ആലപിക്കുന്ന നിരവധി ഗാനങ്ങൾ പൈനുങ്കൽ അച്ചന്റെതായിട്ടുണ്ട്. ഒട്ടനവധി ക്രൈസ്തവ ഭക്തി ഗാനങ്ങള്‍ നിര്‍മ്മിച്ച ഇദ്ദേഹത്തിന്റെ പ്രിയപ്പെട്ട പാട്ടുകള്‍, നീയെന്നേ മറന്നോ നാഥാ…, മിഴി പൊത്തി കരയുന്ന ദൈവം…, ദിവ്യകാരുണ്യമായി എന്റെ… എന്ന് തുടങ്ങുന്ന ഗാനങ്ങളാണ്.
ഡിസംബര്‍ 26- നു വെഞ്ചെരിപ്പ് കര്‍മ്മം നടത്താന്‍ ഒരുങ്ങുകയാണ് ഈ ദേവാലയം. ഇതു സാധാരണമായി കാണുന്നതുപോലെ ഉള്ള ഒരു പള്ളിയല്ല. മറിച്ച്, ഒരു കൂട്ടം ആളുകളുടെ കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അതിലുപരി ആരാധനയുടെയും മുഖമാണ്. ഒരേ മനസ്സോടെ ഒരേ ലക്ഷ്യത്തിലേക്ക് സഞ്ചരിച്ച ഒരു കൂട്ടം ആളുകളുടെ വേദനയുടെയും അധ്വാനത്തിന്റെയും ഫലമാണ് ഉയര്‍ന്നു വരുന്ന ആയത്തുപടിയിലെ നിത്യസഹായ മാതാപള്ളി.
ശില്പാ രാജൻ