
അസമത്വവും പ്രകൃതി ചൂഷണവും ഒഴിവാക്കണം എന്ന് ഫ്രാൻസിസ് പാപ്പ ആവശ്യപ്പെട്ടു. സാമൂഹ്യശാസ്ത്രങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ അക്കാഡമി വത്തിക്കാനില്‍ ആരംഭിച്ച ത്രിദിന ശില്പശാലയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് പാപ്പ.
വ്യക്തികളുടെ വിഭിന്നങ്ങളായ പെരുമാറ്റരീതികളേയും ഓരോ സമൂഹത്തിന്റെയും സാമ്പത്തിക നിയമങ്ങളേയും ആശ്രയിച്ചിരിക്കുന്നതാണ് അസമത്വവും ചൂഷണവും. അവയെ വിധിയെന്നു പറയാനാകില്ലയെന്നും പാപ്പ വിശദീകരിച്ചു.
ലാഭമാണ് ലക്ഷ്യമെങ്കില്‍ പ്രജാധിപത്യം ധനാധിപത്യമായി ഭവിക്കുമെന്നും അവിടെ അസമത്വവും പ്രകൃതി ചൂഷണവും വർധിക്കുമെന്നും പാപ്പ ഓർമ്മിപ്പിച്ചു. സമ്പത്തുണ്ടാക്കുന്നതിലും സ്ഥായിയായ വളര്‍ച്ച ഉറപ്പുവരുത്തുന്നതിലും മാത്രം കാര്യക്ഷമത പുലര്‍ത്താതെ സമഗ്ര മാനവപുരോഗതിക്കായി യത്നിക്കുന്നതിനും വ്യവസായ ലോകത്തോട് ആവശ്യപ്പെടേണ്ടതുണ്ടെന്നും പാപ്പ പറഞ്ഞു. മനുഷ്യനോടും അവന്റെ ചുറ്റുപാടുകളോടും സൗഹൃദം പുലര്‍ത്തുന്ന ഒരു ധാര്‍മ്മികതയില്‍ അടിയുറച്ച വ്യാവസായിക പുരോഗതിയാണ് നാം ലക്ഷ്യം വയ്ക്കേണ്ടതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.