ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ഫെബ്രുവരി 03

വൈദ്യുതി ഉപയോഗിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ചത് 1925 ഫെബ്രുവരി മൂന്നിനായിരുന്നു. ബോംബെ വിക്ടോറിയ ടെർമിനൽ മുതൽ കുർള തുറമുഖം വരെയാണ് ആദ്യ വൈദ്യുത ട്രെയിൻ ഓടിയത്. പിന്നീട് ഇത് നാസിക്കിലെ ഇഗാത്പുരിയിലേക്കും പൂനെയിലേക്കും ദീർഘിപ്പിച്ചു. 1500 വോൾട്ട് ഡി സി കറണ്ട് ഉപയോഗിച്ച് വൈദ്യുതീകരിച്ചതായിരുന്നു ഈ പാത. അന്നത്തെ ബോംബെ ഗവർണറായിരുന്ന സർ ലെസ്ലി വിൽസനാണ് സർവീസ് ഫ്ളാഗ് ഓഫ് ചെയ്തത്; എഞ്ചിൻ നിയന്ത്രിച്ചത് ജഹാംഗീർ ഫ്രാംജി ദാരുവാലയും. ടാറ്റാ ഗ്രൂപ്പ് ഓഫ് ഹൈഡ്രോ ഇലക്ട്രിക് കമ്പനിയാണ് ആദ്യത്തെ ട്രെയിൻ സർവീസിനുള്ള വൈദ്യുതി ലഭ്യമാക്കിയത്. തുറമുഖപാതയുടെ മാത്രം നിർമ്മാണച്ചെലവ് എട്ടുകോടി രൂപായായിരുന്നു. കാമെൽ ലയേഡ് എന്ന ബ്രിട്ടീഷ് കമ്പനിയാണ് ഇന്ത്യയിൽ ആദ്യമായി ഓടിയ ഇലക്ടിക് ട്രെയിനിന്റെ എഞ്ചിൻ നിർമ്മിച്ചത്.

1928 ഫെബ്രുവരി മൂന്നിനാണ് സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തിയത്. 1919 ലെ മൊണ്ടേഗു ചെംസ്ഫോർഡ് പരിഷ്കാരങ്ങളുടെ പരാജയത്തെക്കുറിച്ച് പഠിച്ച് നിർദേശങ്ങൾ സമർപ്പിക്കാനായി ബ്രിട്ടീഷ് സർക്കാർ നിയമിച്ച ഏഴംഗ കമ്മീഷനാണ് സൈമൺ കമ്മീഷൻ. ജോൺ സൈമൺ ആയിരുന്നു കമ്മീഷന്റെ അധ്യക്ഷൻ. ഇന്ത്യയിൽനിന്നുള്ള ഒരാൾപോലും കമ്മീഷനിൽ ഇല്ലാതിരുന്നത് ഇന്ത്യക്കാരെ പ്രകോപിതരാക്കി. കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ കമ്മീഷനെ ബഹിഷ്കരിക്കാൻ തീരുമാനിച്ചു. കമ്മീഷൻ ഇന്ത്യയിലെത്തിയ ദിവസം അഖിലേന്ത്യ ഹർത്താൽ പ്രഖ്യാപിക്കുകയും യൂസഫ് മെഹ്ലി രൂപം കൊടുത്ത സൈമൺ ഗോ ബാക്ക് എന്ന മുദ്രാവാക്യം ഉയർത്തി ജനകീയപ്രക്ഷോഭം നടത്തുകയും ചെയ്തു. ഇതൊന്നും വകവയ്ക്കാതെ പ്രവർത്തിച്ച കമ്മീഷൻ 1929 മാർച്ച് മൂന്നിന് തിരിച്ചുപോയി 1930 ൽ റിപ്പോർട്ട് സമർപ്പിച്ചു. സൈമൺ കമ്മീഷന്റെ പല നിർദേശങ്ങളും ഉൾപ്പെടുത്തിയാണ് 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് നിലവിൽവന്നത്.

ഇടമലയാർ ജലവൈദ്യുതപദ്ധതി പ്രവർത്തനം ആരംഭിച്ചത് 1987 ഫെബ്രുവരി മൂന്നിനായിരുന്നു. പെരിയാറിന്റെ പോഷകനദിയായ ഇടമലയാറിനു കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ ചെറുകിട ജലവൈദ്യുതപദ്ധതി എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിലാണ് സ്ഥിതിചെയ്യുന്നത്. കോൺക്രീറ്റ് ഉപയോഗിച്ചാണ് ഡാം നിർമ്മിച്ചിരിക്കുന്നത്. 75 മെഗാവാട്ട് ഉത്പാദനശേഷിയുള്ള പദ്ധതിയുടെ പരമാവധി ജലസംഭരണ ശേഷി 171 മീറ്ററാണ്. വൈദ്യുതോൽപാദനത്തിനു പുറമെ കാർഷികാവശ്യങ്ങൾക്കായുള്ള ജലസേചനം, വ്യാവസായിക, ഗാർഹിക ആവശ്യങ്ങൾക്കുള്ള ജലവിതരണം തുടങ്ങിയവയ്ക്കും ഡാമിലെ ജലം പ്രയോജനപ്പെടുത്തുന്നുണ്ട്.

തയ്യാറാക്കിയത്: സുനിഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.