ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ഫെബ്രുവരി 09

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സെൻസസ് നടന്നത് 1951 ഫെബ്രുവരി ഒൻപതിനായിരുന്നു. ഫെബ്രുവരി 28 വരെ അത് നീണ്ടുനിന്നു. 1948 ലെ ഇന്ത്യൻ സെൻസസ് നിയമപ്രകാരമാണ് ജനസംഖ്യാ കണക്കെടുപ്പ് നടത്തിയത്. വേദകാലങ്ങളിൽതന്നെ കണക്കെടുപ്പുകൾ നടത്തിയിരുന്നതിന്റെ സൂചനകളുണ്ടെങ്കിലും ആധുനിക രീതിയിലുള്ള സെൻസസ് ഇന്ത്യയിൽ ആദ്യം നടന്നത് 1824 ലായിരുന്നു. അലഹബാദിലാണ് അന്ന് സെൻസസ് നടന്നത്. 1872 ലാണ് രാജ്യവ്യാപകമായുള്ള ആദ്യ സെൻസസ് നടന്നത്. അതിനുശേഷം ഒരോ പത്തുവർഷത്തിലും ഇന്ത്യയിൽ ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നു. 1941 ലായിരുന്നു ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന സെൻസസ്. സ്വാതന്ത്ര്യാനന്തരം 1948 ൽ സെൻസസിനായി ഇന്ത്യ ഒരു നിയമം പാസ്സാക്കി. അതനുസരിച്ച് നടന്ന ആദ്യ സെൻസസായിരുന്നു 1951 ലേത്. ഇതിൽനിന്ന് ലഭിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ‘നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് ഓഫ് ഇന്ത്യ’ തയ്യാറാക്കിയത്.

മലയാളിയായ അന്ന ചാണ്ടി ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റത് 1959 ഫെബ്രുവരി ഒൻപതിനായിരുന്നു. ഇന്ത്യയിൽ ഒരു വനിത, ഹൈക്കോടതി ജഡ്ജിയാകുന്നത് അത് ആദ്യമായിരുന്നു. രാജ്യത്തെ ആദ്യ വനിതാ മുൻസിഫും അവർ തന്നെയായിരുന്നു. കേരളത്തിലെ ആദ്യത്തെ വനിതാ നിയമബിരുദധാരി എന്ന പേരിലും അവർ ചരിത്രത്തിൽ ഇടംനേടിയിട്ടുണ്ട്. തിരുവിതാംകൂർ സർക്കാരിന്റെ നാമനിർദേശം ചെയ്യപ്പെട്ട നിയമോപദേശ സഭയായ ശ്രീമൂലം പ്രജാസഭയ്ക്കകത്തും പുറത്തും അവർ 1934 മുതൽ 1936 വരെയുള്ള രണ്ടുവർഷം സ്ത്രീകളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തി. ക്രിമിനൽ അഭിഭാഷകയായി പേരെടുത്ത അവർ 1937 ലാണ് ഒന്നാം ഗ്രേഡ് മുൻസിഫായത്. തുടർന്ന് 1948 ൽ ജില്ലാ ജഡ്ജിയായും 1959 ൽ ഹൈക്കോടതി ജഡ്ജിയായും സ്ഥാനക്കയറ്റം ലഭിച്ചു.

1986 ഫെബ്രുവരി ഒൻപതിനാണ് ഹാലിയുടെ വാൽനക്ഷത്രം അവസാനമായി പ്രത്യക്ഷപ്പെട്ടത്. ബി സി 240 മുതൽ നീരീക്ഷിച്ചുവരുന്ന ഈ വാൽനക്ഷത്രം 75 വർഷത്തിലൊരിക്കൽ മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. പുരാതന സംസ്കാരങ്ങളിലെല്ലാം കൃത്യമായ ഇടവേളകളിൽ ഭൂമിയിലെത്തുന്ന ഈ നക്ഷത്രത്തെപ്പറ്റിയുള്ള പരാമർശങ്ങൾ കാണാം. എഡ്മണ്ട് ഹാലി എന്ന ശാസ്ത്രജ്ഞനാണ് ഈ വാൽനക്ഷത്രത്തിന്റെ വരവും ഭ്രമണപഥവും സംബന്ധിച്ച വിവരങ്ങൾ പ്രവചിച്ചത്. 1531, 1607, 1682 എന്നീ വർഷങ്ങളിൽ പ്രത്യക്ഷപ്പെട്ടത് ഒരേ വാൽനക്ഷത്രമാണെന്നും ഇത് 1758 ലോ, 1759 ലോ വീണ്ടും പ്രത്യക്ഷപ്പെടുമെന്നും അദ്ദേഹം പ്രവചിച്ചു. ഹാലി പ്രവചിച്ചതുപോലെ ഈ വാൽ നക്ഷത്രം 1759 ൽ പ്രത്യക്ഷപ്പെട്ടു. അന്നുമുതൽ ഹാലിയുടെ വാൽനക്ഷത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. എഴുപത്തിയഞ്ചോ എഴുപത്തിയാറോ വർഷങ്ങൾകൊണ്ട് ഒരു പരിക്രമണം പൂർത്തിയാക്കുന്ന ഹ്രസ്വകാല വാൽനക്ഷത്രമായ ഇത് 2061 ലാണ് ഇനി ദൃശ്യമാവുക.

തയ്യാറാക്കിയത്: സുനിഷ വി. എഫ്. 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.