![today-in-history](https://i0.wp.com/www.lifeday.in/wp-content/uploads/2025/02/today-in-history-1.jpg?resize=696%2C435&ssl=1)
ഹെയ്തിയുടെ കോളനിവത്കരണത്തിനും ദശാബ്ദങ്ങൾ നീണ്ട കുടുംബവാഴ്ചയ്ക്കും ശേഷം ജനാധിപത്യ ഭരണക്രമത്തിന് തുടക്കമായത് 1991 ഫെബ്രുവരി ഏഴിനായിരുന്നു. അന്നാണ് ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഹെയ്തിയുടെ ആദ്യ പ്രസിഡന്റ് ജീൻ ബർട്രാൻഡ് ആസ്ടൈ്രഡ് ചുമതലയേറ്റത്. ചുമതലയേറ്റയുടനെ അദ്ദേഹം സാക്ഷരതാ പ്രവർത്തനങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയുള്ള നടപടികൾക്കും തുടക്കമിട്ടു. എന്നാൽ സെപ്റ്റംബർ 30 ന് ഒരു അട്ടിമറിയിലൂടെ സൈന്യം അധികാരം പിടിച്ചെടുക്കുകയും ആസ്ടൈ്രഡ് രാജ്യം വിടുകയും ചെയ്തു. അമേരിക്കൻ സൈന്യത്തിന്റെ ഇടപെടലിലൂടെ 1994 ഒക്ടോബർ 15 നാണ് രാജ്യത്ത് വീണ്ടും ജനാധിപത്യം പുനഃസ്ഥാപിക്കപ്പെടുന്നത്. അതോടെ ആസ്ടൈ്രഡ് പ്രസിഡന്റ് സ്ഥാനത്ത് തിരിച്ചെത്തി.
യൂറോപ്യൻ യൂണിയന് ആരംഭം കുറിച്ച മാസ്ട്രിച്ച് ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടത് 1992 ഫെബ്രുവരി ഏഴിനായിരുന്നു. ബെൽജിയം, ഡെൻമാർക്ക്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, അയർലണ്ട്, ഇറ്റലി, ലക്സംബർഗ്, നെതർലാന്റ്സ്, പോർച്ചുഗൽ, സ്പെയിൻ, യുണൈറ്റഡ് കിങ്ഡം എന്നീ പന്ത്രണ്ടു രാജ്യങ്ങളിലെ പ്രതിനിധികളാണ് അന്ന് ഉടമ്പടിയിൽ ഒപ്പുവച്ചത്. 1993 നവംബർ ഒന്നു മുതൽ ഉടമ്പടി പ്രാബല്യത്തിലായി. ഇതോടെ യൂണിയനിൽ അംഗങ്ങളായ രാജ്യങ്ങളിൽ വിദേശകാര്യം, പ്രതിരോധം തുടങ്ങിയ കാര്യങ്ങളിൽ സഹകരണം ശക്തിപ്പെടുത്താനും പൊതുവായ നാണയത്തിന് രൂപം നൽകാനും തീരുമാനമായി. 1999 ൽ യൂറോ എന്ന പേരിൽ പൊതുവായ ഒരു കറൻസി നിലവിൽ വന്നു. 2002 മുതൽ അവ 12 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ഉപയോഗിച്ചുതുടങ്ങി. ബെൽജിയത്തിലെ ബ്രസൽസാണ് യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം. 2012 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയത് യൂറോപ്യൻ യൂണിയനായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഇന്നിങ്സിൽ ആദ്യമായി ഒരു ഇന്ത്യക്കാരൻ പത്തു വിക്കറ്റുകളും നേടി ചരിത്രം കുറിച്ചത് 1999 ഫെബ്രുവരി ഏഴിനായിരുന്നു. സ്പിൻ ബൗളറായ അനിൽ കുംബ്ലെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. പാക്കിസ്ഥാനെതിരെ നടന്ന മത്സരത്തിൽ ഡൽഹിയിലെ ഫിറോസ്ഷാ കോട്ല മൈതാനത്ത് വച്ചായിരുന്നു ഈ നേട്ടം. ഒരു ഇന്നിങ്സിൽ പത്ത് വിക്കറ്റ് നേടുന്ന ലോകത്തിലെ തന്നെ രണ്ടാമത്തെ ബൗളർ എന്ന റെക്കോർഡും അന്ന് കുറിക്കപ്പെട്ടു. 1956 ലെ ആഷസ് കപ്പിൽ ഓസ്ട്രേലിയയ്‌ക്കെതിരെ ഇംഗ്ലണ്ടിന്റെ ജിം ലേക്കർ ആണ് ഒരു ഇന്നിങ്സിൽ ആദ്യം പത്ത് വിക്കറ്റ് സ്വന്തമാക്കിയത്. അന്ന് രണ്ട് ഇന്നിങ്സിലായി 19 വിക്കറ്റ് ലേക്കർ നേടി. 2021 ൽ മുംബൈയിൽ ഇന്ത്യക്കെതിരെ ന്യൂസീലൻഡിന്റെ അജാസ് പട്ടേൽ ഒരു ഇന്നിങ്സിൽ പത്ത് വിക്കറ്റെടുത്ത് ഈ നേട്ടമുണ്ടാക്കുന്ന മൂന്നാമനായി. ഒരു ഇന്നിങ്സിൽ ഏറ്റവും വേഗത്തിൽ പത്ത് വിക്കറ്റ് സ്വന്തമാക്കിയത് കുംബ്ലെയാണ് – 26.3 ഓവറിൽ. ജിം ലേക്കർ 51.2 ഓവറിൽ നിന്നും അജാസ് പട്ടേൽ 47.5 ഓവറിൽ നിന്നുമാണ് പത്ത് വിക്കറ്റ് നേടിയത്.
തയ്യാറാക്കിയത്: സുനിഷ വി. എഫ്.