ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ഫെബ്രുവരി 23

ഇന്ന് രാജ്യാന്തരമായി വ്യാപിച്ചുകിടക്കുന്ന റോട്ടറിക്ലബ്ബുകളുടെ ആരംഭം ഒരു ഫെബ്രുവരി 23 നായിരുന്നു. പോൾ ഹാരിസ് എന്ന ചിക്കാഗോ അറ്റോർണിയുടെ ദീർഘവീക്ഷണത്തിൽ ആദ്യത്തെ റോട്ടറി ക്ലബ് പിറവിയെടുക്കുന്നത് 1905 ലാണ്. ചിക്കാഗോയിലായിരുന്നു ആരംഭം. പല മേഖലകളിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്ക് സൗഹൃദങ്ങൾ സ്ഥാപിക്കാനും ആശയങ്ങൾ കൈമാറാനുമുള്ള വേദി എന്ന നിലയിലാണ് റോട്ടറി ക്ലബ് സ്ഥാപിക്കപ്പെട്ടത്. കാലാന്തരത്തിൽ മനുഷ്യസേവനം എന്ന കാഴ്ചപ്പാടിലേക്ക് അത് വളരുകയും അന്തർദേശീയമായി പടരുകയും ചെയ്തു.

ജപ്പാനും അമേരിക്കയും തമ്മിൽ 1945 ഫെബ്രുവരി 19 മുതൽ മാർച്ച് 26 വരെ നീണ്ടുനിന്ന ഇവോജിമ യുദ്ധത്തിലെ നിർണ്ണായകമായ നിമിഷങ്ങളിലൊന്ന് സംഭവിച്ചത് ഫെബ്രുവരി 23 നാണ്. അന്നാണ് അമേരിക്കൻ സേന സുരിബാച്ചി മലനിരകളിൽ ആധിപത്യം സ്ഥാപിച്ച് അവിടെ അമേരിക്കൻ പതാക ഉയർത്തുന്നത്. ഇവോജിമയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന 546 അടി ഉയരമുള്ള അഗ്നിപർവതമാണ് സുരിബാച്ചി. സമതലപ്രദേശങ്ങളിലെ ആളനക്കങ്ങളെ കൃത്യമായി നിരക്ഷിക്കാൻ കഴിയുന്ന സ്ഥലമായിരുന്നതിനാൽ തങ്ങൾക്കുനേരെ വരുന്ന അമേരിക്കൻ സൈനികരെ ആക്രമിക്കാൻ ജപ്പാൻസൈന്യം തെരഞ്ഞെടുത്ത ഇടമായിരുന്നു ആ പർവതം. അതിനു മുകളിൽ ആധിപത്യം സ്ഥാപിക്കുക എന്നത് വിജയത്തിലേക്കുള്ള ആദ്യപടിയും നിർണ്ണായക ചുവടുമാണെന്നു മനസ്സിലാക്കിയ അമേരിക്കൻ സൈന്യം അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അത് വിജയിച്ചത് ലെഫ്റ്റനന്റ് ഹരോൾഡ് ജി. ഷ്രിയറിന്റെ നേതൃത്വത്തിലുള്ള സംഘം ഫെബ്രുവരി 23 ന് ആ മലനിരകളുടെ ഉച്ചിയിലെത്തിയപ്പോഴാണ്. കൈയിൽ കരുതിയിരുന്ന പതാക അവിടെ നാട്ടുകയാണ് അവർ ആദ്യം ചെയ്തത്. അന്നുതന്നെ രണ്ടുതവണ അവർ അവിടെ കൊടി ഉയർത്തി. രണ്ടാമത് കൊടി ഉയർത്തുന്നതിന്റെ ചിത്രം അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫർ ജോ റോസെന്താൾ പകർത്തി. അധികം വൈകാതെ ജൂലൈ 15 നുതന്നെ ആ ചിത്രം അമേരിക്കയുടെ പോസ്റ്റേജ് സ്റ്റാമ്പിൽ അച്ചടിച്ചുവന്നു. പതിവുകളെ മറികടന്ന് മാസങ്ങൾക്കു മുമ്പെടുത്ത ആ ചിത്രത്തിന് ആ വർഷത്തെ പുലിസ്റ്റർ പുരസ്കാരവും ലഭിച്ചു.

സീറ്റോ എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന സൗത്ത് ഈസ്റ്റ് എഷ്യ ട്രീറ്റി ഓർഗനൈസേഷന്റെ ആദ്യത്തെ കൗൺസിൽ മീറ്റിംഗ് നടക്കുന്നത് 1955 ഫെബ്രുവരി 23 നാണ്. 1954 ൽ മനിലയിലാണ് ഓർഗനൈസേഷൻ രൂപപ്പെട്ടത്. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ആസ്ട്രേലിയ, ന്യൂസിലാന്റ്, തായിലാന്റ്, ഫിലിപ്പീൻസ്, പാക്കിസ്ഥാൻ എന്നിവയായിരുന്നു അംഗരാജ്യങ്ങൾ. 1976 ൽ ഇത് പ്രവർത്തനം അവസാനിപ്പിച്ചു.

ഇതിഹാസ സംഗീതജ്ഞനായ മൈക്കിൾ ജാക്സന്റെ റെക്കോർഡുകൾക്കു തുല്യമായി കാർലോസ് സന്താന 8 ഗ്രാമി അവാർഡുകൾ സ്വന്തമാക്കുന്നത് 2000 ഫെബ്രുവരി 23 നാണ്. 1999 ൽ പുറത്തിറക്കിയ സൂപ്പർനാച്ചുറൽ എന്ന ആൽബത്തിനാണ് അവാർഡുകൾ ലഭിച്ചത്. മെക്സിക്കോയിൽ ജനിച്ച അമേരിക്കൻ സംഗീതജ്ഞനാണ് കാർലോസ് സന്താന. പ്രശസ്ത സംഗീതജ്ഞരായ റോബ് തോമസ്, ലാരിൻ ഹിൽ, എറിക് ക്ലാപ്റ്റൺ, കൈ്ലവ് ഡേവിസ് എന്നിവരോട് ചേർന്നാണ് സൂപ്പർ നാച്ചുറൽ പുറത്തിറക്കിയത്. ആ വർഷത്തെ ഏറ്റവും മികച്ച ആൽബം സൂപ്പർ നാച്ചുറലായിരുന്നു. ഏറ്റവും മികച്ച ഗാനം സൂപ്പർനാച്ചുറലിലെ സ്മൂത്ത് എന്ന ഗാനവും.

തയ്യാറാക്കിയത്: സുനിഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.