
അമേരിക്കയിലെ പെനിസിൽവാനിയയിൽ ആദ്യത്തെ കൽക്കരിവണ്ടി ട്രയൽ റൺ നടത്തിയത് 1831 ഫെബ്രുവരി 19 നായിരുന്നു. മത്തിയാസ് ബാൽഡ്വിൻ എന്നയാളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ബാൽഡ്വിൻ ലോക്കോമോട്ടീവ് വർക്ക്സ് എന്ന കമ്പനിയായിരുന്നു അത് നിർമ്മിച്ചത്. 1825 ൽ ബുക്ക് ബൈൻഡിംഗ് യന്ത്രങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ് അദ്ദേഹം ആദ്യം തുടങ്ങിയത്. സ്വന്തം ഉപയോഗത്തിനായി നിർമ്മിച്ച ഒരു എഞ്ചിൻ മികച്ചതാണെന്ന് കണ്ടതിനെത്തുടർന്ന് പലർക്കായി അത് നിർമ്മിച്ചു നൽകിത്തുടങ്ങി. അതിന്റെ വിജയമാണ് സ്റ്റീം എഞ്ചിനീയറിംഗിലേക്കു കടക്കാൻ അദ്ദേഹത്തിനു പ്രേരണയായത്. 1831 ൽ കൽക്കരിയിൽ പ്രവർത്തിക്കുന്ന ആദ്യ ലോക്കോമോട്ടീവ് എഞ്ചിൻ നിർമ്മിച്ചു. അത് വിജയമായതിനെത്തുടർന്ന് അതേവർഷം തന്നെ ഒരു റെയിൽവേ കമ്പനിയിൽനിന്ന് എഞ്ചിൻ നിർമ്മിക്കാൻ ഓർഡർ ലഭിച്ചു. 1831 ൽ പരീക്ഷിച്ച് വിജയിച്ച ആദ്യത്തെ ലോക്കോമോട്ടീവ് എഞ്ചിൻ 60 വർഷത്തിലധികം ഉപയോഗിച്ചശേഷം ഇപ്പോൾ വാഷിംഗ്ടണിലുള്ള സ്മിത്ത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷനിൽ പ്രദർശനത്തിന് വച്ചിരിക്കുന്നു. 1831 ൽ തന്നെ ഫിലാഡെൽഫിയ മ്യൂസിയത്തിന്റെ ആവശ്യപ്രകാരം അതിന്റെ ഒരു മിനിയേച്ചറും ബാൽഡ്വിൻ നിർമ്മിച്ചുനൽകി.
തോമസ് എഡിസന്റെ ആദ്യത്തെ ശ്രദ്ധേയമായ കണ്ടെത്തലുകളിലൊന്നായ ടിൻഫോയിൽ ഫോണോഗ്രാഫിന് പേറ്റന്റ് ലഭിക്കുന്നത് 1878 ഫെബ്രുവരി 19 നാണ്. ശബ്ദം റെക്കോർഡ് ചെയ്യാനും പിന്നീട് കേൾക്കാനും സാധിക്കുന്ന ആദ്യത്തെ ഉപകരണമായിരുന്നു ഫോണോഗ്രാഫ്. അച്ഛന്റെ മരണശേഷം തീവണ്ടികളിൽ മിഠായിയും പത്രവും വിതരണം ചെയാൻ തുടങ്ങിയ എഡിസൺ, ട്രെയിൻ അപകടത്തിൽനിന്ന് സ്റ്റേഷൻ ഏജന്റിന്റെ മൂന്നുവയസ്സു മാത്രം പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ചതിനു പ്രതിഫലമായി അവിടെ ടെലഗ്രാഫ് ഓപ്പറേറ്ററായി നിയമിതനായി. ടെലഗ്രാഫിനെയും ടെലിഫോണിനെയും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള പരീക്ഷണങ്ങളിൽ ഏർപ്പെട്ട എഡിസൻ, ടിൻഫോയിലുകൾകൊണ്ട് ആവരണം ചെയ്ത സിലിണ്ടറുകളിൽ ശബ്ദം റെക്കോർഡ് ചെയ്യാൻ കഴിയുമെന്നു കണ്ടെത്തി. 1877 ൽ ശബ്ദം റെക്കോർഡ് ചെയ്യാനും പിന്നീടത് കേൾക്കാനും സഹായിക്കുന്ന രണ്ട് സൂചികളുള്ള ഒരു ഉപകരണം അദ്ദേഹം നിർമ്മിച്ചു. മേരി ഹാഡ് എ ലിറ്റിൽ ലാംബ് (Mary had a Littlle Lamb) എന്നതായിരുന്നു അദ്ദേഹം തന്റെ ഉപകരണത്തിൽ ആദ്യം റെക്കോർഡ് ചെയ്ത വാക്കുകൾ. 1878 ൽ ഈ പുതിയ ഉപകരണം വിൽക്കുന്നതിന് – എഡിസൺ സ്പീക്കിങ് ഫോണോഗ്രാഫ് കമ്പനി – എന്നപേരിൽ ഒരു കമ്പനിയും അദ്ദേഹം ആരംഭിച്ചു.
വിപ്ലവത്തിലൂടെ അധികാരത്തിലേറി 49 വർഷം തുടർച്ചയായി ഭരണം നിർവഹിച്ചശേഷം ക്യൂബൻ പ്രസിഡന്റ് എന്ന സ്ഥാനം ഫിഡൽ കാസ്ട്രോ ഔദ്യോഗികമായി രാജിവയ്ക്കുന്നത് 2008 ഫെബ്രുവരി പത്തൊമ്പതിനാണ്. 81-ാം വയസ്സിൽ ഉദരശസ്ത്രക്രിയയ്ക്ക് വിധേയനായതിനെത്തുടർന്ന് കുറച്ചുകാലത്തേക്ക് പൊതുമണ്ഡലത്തിൽനിന്ന് മാറിനിൽക്കേണ്ടിവന്ന സമയത്താണ് ഇനി ഒരുതവണ കൂടി പ്രസിഡന്റാകാനില്ലെന്ന് കാസ്ട്രോ അറിയിച്ചത്. രാജിയെത്തുടർന്ന് അദ്ദേഹത്തിന്റെ സഹോദരൻ റൗൾ കാസ്ട്രോയാണ് അധികാരത്തിലേറിയത്.
തയ്യാറാക്കിയത്: സുനിഷ വി. എഫ്.