![today-in-history](https://i0.wp.com/www.lifeday.in/wp-content/uploads/2025/02/today-in-history-4.jpg?resize=696%2C435&ssl=1)
1845-46 കാലഘട്ടങ്ങളിൽ നടന്ന ഒന്നാം ആംഗ്ലോ-സിഖ് യുദ്ധത്തിലെ അവസാനത്തേതും നിർണ്ണായകവുമായ ഏറ്റുമുട്ടൽ നടന്നത് 1846 ഫെബ്രുവരി പത്തിനായിരുന്നു. 1839 ൽ സിഖ് സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന രഞ്ജിത് സിംഗ് മരണമടഞ്ഞതിനുശേഷം ഉടലെടുത്ത രാഷ്ട്രീയപ്രതിസന്ധി മുതലെടുത്ത് പഞ്ചാബിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനായി ബ്രിട്ടീഷ് അധികാരികൾ നടത്തിയ യുദ്ധപരമ്പരയാണ് ഒന്നാം ആംഗ്ലോ-സിഖ് യുദ്ധം എന്നറിയപ്പെടുന്നത്. നാലു തവണയാണ് ഇരുസൈന്യങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്. അതിൽ അവസാനത്തേതായിരുന്നു സൊബ്രാവോൺ യുദ്ധം. സത്ലജ് നദിയുടെ തീരത്ത് നടന്ന ഏറ്റുമുട്ടലിൽ പതിനായിരത്തോളം സിഖ് സൈനികർ കൊല്ലപ്പെടുകയും പഞ്ചാബ് ബ്രിട്ടീഷുകാരുടെ കീഴിലാവുകയും ചെയ്തു.
ആദ്യമായി ഒരു ഇന്ത്യക്കാരന് വിമാനം നിയന്ത്രിക്കാനുള്ള പൈലറ്റ് ലൈസൻസ് ലഭിച്ചത് 1929 ഫെബ്രുവരി പത്തിനായിരുന്നു. ജെ ആർ ഡി ടാറ്റയാണ് ഈ ലൈസൻസ് സ്വന്തമാക്കി ചരിത്രം രചിച്ചത്. ഇന്ത്യൻ വ്യോമയാനത്തിന്റെ പിതാവ് എന്നാണ് അദ്ദേഹം ഇന്ന് അറിയപ്പെടുന്നത്. ടാറ്റാ ഗ്രൂപ്പുകളുടെ സ്ഥാപകനാണ് അദ്ദേഹം. ഇന്ത്യയിലെ ആദ്യ ആഭ്യന്തര വിമാനസർവീസായ എയർ ഇന്ത്യ സ്ഥാപിച്ചതും ഇദ്ദേഹം തന്നെയാണ്. 1932 ൽ സ്ഥാപിച്ച എയർ ഇന്ത്യ 1953 ൽ ദേശസാൽക്കരിക്കപ്പെട്ടെങ്കിലും 2022 ൽ വീണ്ടും ടാറ്റാ ഗ്രൂപ്പിന്റെ കൈകളിൽ തിരിച്ചെത്തി. ഇന്ത്യൻ വ്യവസായത്തിന്റെ വളർച്ചയിൽ അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളായ പദ്മവിഭൂഷണും ഭാരതരത്നയും നൽകി സർക്കാർ അദ്ദേഹത്തെ ആദരിച്ചു.
ആദ്യമായി ഒരു കമ്പ്യൂട്ടർ, ഒരു മനുഷ്യനെ ചെസ്സ് കളിയിൽ പരാജയപ്പെടുത്തിയത് 1996 ഫെബ്രുവരി പത്തിനായിരുന്നു. ലോക ചെസ്സ് ചാമ്പ്യനായിരുന്ന ഗാരി കാസ്പറോവാണ് അന്ന് ഐ ബി എം നിർമ്മിച്ച ഡീപ്പ് ബ്ലൂ എന്ന കമ്പ്യൂട്ടറിനോടു മത്സരിച്ച് പരാജയപ്പെട്ടത്. നിലവിലെ ലോകചാമ്പ്യനെ പരാജയപ്പെടുത്തുന്ന ആദ്യ കമ്പ്യൂട്ടർ എന്ന ഖ്യാദി അതോടെ ഡീപ്പ് ബ്ലൂവിന് സ്വന്തമായി. ആദ്യ സെറ്റിൽ പരാജയപ്പെട്ടെങ്കിലും തുടർന്നു നടന്ന അഞ്ചു സെറ്റുകളിൽ നാലെണ്ണത്തിലും കാസ്പറോവ് വിജയിച്ചു. 1985 ലാണ് ഈ കമ്പ്യൂട്ടറിന്റെ നിർമ്മാണം ആരംഭിച്ചത്. അമേരിക്കൻ ചെസ്സ് ഗ്രാൻഡ് മാസ്റ്ററായിരുന്ന ജോയൽ ബെഞ്ചമിനും ഇതിന്റെ നിർമ്മാണത്തിൽ പങ്കാളിയായിരുന്നു. കാസ്പറോവുമായുള്ള മാച്ചിനുശേഷം ഈ കമ്പ്യൂട്ടറിന്റെ പേര് മാറ്റാനായി ഐ ബി എം ആളുകൾക്ക് അവസരം നൽകുകയും ബിഗ് ബ്ലൂ എന്ന് പേരുമാറ്റുകയും ചെയ്തു.
തയ്യാറാക്കിയത്: സുനിഷ വി. എഫ്.