മാതാവിന്റെ പ്രത്യക്ഷീകരണം: പതിനേഴാം ദിവസം

ജോബിഷ് പള്ളിത്തോട്‌

മെജുഗോറിയ അമ്മ

യൂറോപ്പിലെ ബോസ്നിയ ഹെർസഗോവിന എന്ന രാജ്യത്തിലെ ഒരു കൊച്ചുഗ്രാമമാണ് മെഡ്ജുഗോറി. മെഡ്ജുഗോറി എന്ന വാക്കിന്റെ അർത്ഥം തന്നെ ‘രണ്ടു മലകൾക്കിടയിൽ’ എന്നാണ്. ക്രോസ് മൗണ്ടൻ, അപ്പാരിഷൻ ഹിൽ എന്നീ രണ്ടു മലകളണ് അവിടെ സ്ഥിതിചെയ്യുന്നത്.

1981 ജൂൺ 24 -ന് അപ്പാരിഷൻ മലയിൽ വച്ച് ഇവാൻ ഡ്രാഗിസെവിച്ച്, ഇവാൻക ഇവാൻകോവിച്ച്, ജാക്കോവ് കൊളോ, മരിജ പാവ്ലോവിച്ച്, മിർജന ഡ്രാഗിസെവിക്, വിക്ക ഇവാൻകോവിച്ച് എന്നീ ആറു കുട്ടികൾക്ക് ആണ് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടത്.

തൂവെള്ള വസ്ത്രം ധരിച്ചു നിൽക്കുന്ന ഒരു സ്ത്രീ. ഒന്നും സംസാരിച്ചില്ല. എങ്കിലും അടുത്തേക്ക് വരാൻ ആംഗ്യം കാണിച്ചു. പരിശുദ്ധ അമ്മ ആണ് അതെന്നറിഞ്ഞിട്ടും അടുത്തേക്ക് വരാൻ കുട്ടികൾക്ക് ധൈര്യമുണ്ടായിരുന്നില്ല. പിന്നീട് പല പ്രാവശ്യം മാതാവ് ഇവർക്ക് പ്രത്യക്ഷപ്പെട്ടു. സമാധാനത്തിന്റെ സന്ദേശങ്ങൾ ഇവർക്ക് നൽകിയിരുന്നു.

സമാധാനത്തിന്റെ രാജ്ഞിയാണ് താനെന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് പരിശുദ്ധ അമ്മ ഭൂമിയിലേക്ക് വന്നത്. ദൈവം ഒരു യാഥാർത്ഥ്യമാണെന്ന് ലോകത്തെ പഠിപ്പിക്കാനും മനുഷ്യജീവിതം ഹൃദയത്തെ പരിവർത്തനത്തിലൂടെയും മാനസാന്തരത്തിലൂടെയും രക്ഷിക്കാനും പ്രിയപുത്രനായ യേശു വഴി ദൈവത്തിലേക്ക് അടുക്കാനും വേണ്ടിയാണെന്ന് പല പ്രാവശ്യം മാതാവ് ഇവരിലൂടെ ലോകത്തിൽ പ്രത്യക്ഷപ്പെട്ടത്.

കമ്മ്യൂണിസത്തിന്റെ നാളുകളിൽ പോലീസ് അപ്പാരിഷൻ ഹിൽ ഏറ്റെടുക്കുകയും ഇവിടെ വരുന്നവരെ ജയിലിലടക്കുകയും ചെയ്തിരുന്നു എങ്കിലും ഇത്തരം സന്ദർഭങ്ങളിൽ പരിശുദ്ധ അമ്മ വലിയ അത്ഭുതങ്ങൾ ഗ്രാമത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. സാത്താനെതിരെ പോരാടാൻ മെജുഗോറിയിലെ അമ്മ പറഞ്ഞുതരുന്ന അഞ്ച് ആയുധങ്ങൾ ഉണ്ട്.

പ്രാർത്ഥന, ദൈവവചനം, വിശുദ്ധ കുർബാന, കുമ്പസാരം, ഉപവാസം

“ദൈവത്തോട് ഒരു സുഹൃത്തിനെപ്പോലെ സംസാരിച്ചുകൊണ്ട് പ്രാർത്ഥിക്കണം. ഭക്തിയോടെ ജപമാല ചൊല്ലി എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കണം” എന്ന് അമ്മ ആഹ്വാനം ചെയ്യുന്നു.

അനുദിനം രാവിലെ ദൈവവചനം വായിക്കുകയും ധ്യാനിക്കുകയും അതനുസരിച്ച് ജീവിക്കുകയും മാസത്തിലൊരിക്കലെങ്കിലും അനുതാപത്തോടെ ഒരുങ്ങി കുമ്പസാരിക്കുകയും പാപികളുടെ മാനസാന്തരത്തിനായി എല്ലാ ബുധനാഴ്ചകളിലും വെള്ളിയാഴ്ചകളിലും ഉപവസിക്കുന്നതു വഴി സാത്താന്റെ കുടിലതന്ത്രങ്ങളെ ചെറുക്കാന്‍ നമുക്ക് സാധിക്കുമെന്ന് പരിശുദ്ധ അമ്മ നമ്മെ പഠിപ്പിക്കുന്നു. അമ്മ നിർദ്ദേശിച്ച അഞ്ച് മാർഗ്ഗങ്ങളിലൂടെ പിശാചിനെതിരെ നമുക്ക് പൊരുതാം.

പരിശുദ്ധ അമ്മേ, പ്രാർത്ഥന, ദൈവവചനം, വിശുദ്ധ കുർബാന, കുമ്പസാരം, ഉപവാസം
എന്നീ അഞ്ച് കാര്യങ്ങൾ ജീവിതത്തിൽ ആയുധങ്ങളാക്കി മാറ്റുവാൻ ഞങ്ങളെ സഹായിക്കണമെ.

ജോബിഷ് പള്ളിത്തോട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.