
നേതാവ്: പെസഹാ അനുഭവത്തിന്റെ നിമിഷങ്ങളിലാണ് നാമിപ്പോള്‍. കുര്‍ബാനയപ്പത്തിന്റെ സാമീപ്യം ആസ്വദിക്കുകയായിരുന്നു. കുര്‍ബാനയപ്പത്തിന്റെ സാന്നിധ്യം നമുക്കിപ്പോള്‍ അനുഭവിച്ചറിയാം. ആ സാന്നിധ്യം കൂടുതലായി നമുക്ക് ആസ്വദിക്കാം. നമുക്ക് കണ്ണുകളടച്ച്, കൈകള്‍ കൂപ്പി ആരാധനയുടെ ഒരു ഗാനം ഉച്ചസ്വരത്തില്‍ ഒന്നിച്ചു പാടാം.
ഗാനം: ആരാധനയ്ക്കേറ്റം യോഗ്യനായവനേ
അനശ്വരനായ തമ്പുരാനേ
അങ്ങേ സന്നിധിയില്‍ അര്‍പ്പിക്കുന്നീ കാഴ്ചകള്‍
അവിരാമം ഞങ്ങള്‍ പാടാം
ആരാധന ആരാധന നാഥാ ആരാധന
ഈ തിരുവോസ്തിയില്‍ കാണുന്നു ഞാന്‍
ഈശോയെ നിന് ദിവ്യരൂപം
ഈ കൊച്ചു ജീവിതമേകുന്നു ഞാന്‍
ഈ ബലി വേദിയിലെന്നും
അതിമോദം ഞങ്ങള്‍ പാടാം
ആരാധന ആരാധന നാഥാ ആരാധന
ഈ നിമിഷം നിനക്കേകിടാനായ്
എന്‍ കൈയ്യിലില്ലൊന്നും നാഥാ
പാപവുമെന്നുടെ ദുഃഖങ്ങളും
തിരുമുന്പിലേകുന്നു നാഥാ
അതിമോദം ഞങ്ങള്‍ പാടാം
ആരാധന ആരാധന നാഥാ ആരാധന
പ്രാര്‍ത്ഥന
നേതാവ്: വിശുദ്ധ കുര്‍ബാനയിലൂടെ ഞങ്ങള്‍ക്കായി സ്വയം നല്കുന്ന ഈശോയെ ഞങ്ങളങ്ങയെ ആരാധിക്കുന്നു. സ്തുതിക്കുന്നു. നന്ദി പറയുന്നു. പെസഹാത്തിരുന്നാളില്‍ അങ്ങ് ഞങ്ങള്‍ക്കായി വിശുദ്ധ കുര്‍ബാന സ്ഥാപിച്ചല്ലോ. ഇന്നും ഒരു പെസഹാ ദിനമാണ്. ഞങ്ങളിതാ അങ്ങയുടെ സന്നിധിയിലേക്ക് കടന്നുവന്നിരിക്കുന്നു. ആദ്യത്തെ പെസഹാദിനത്തില്‍ ഇസ്രായേല്‍ക്കാരെ മോചിപ്പിച്ചതുപോലെ, അങ്ങയുടെ പെസഹാദിനത്തില്‍ മാനവകുലത്തെ മുഴുവന്‍ മോചിപ്പിച്ചതുപോലെ ഈ പെസഹാദിനത്തില്‍ ഞങ്ങളെ ഓരോരുത്തരെയും പാപത്തില്‍ നിന്നും അടിമത്തത്തില്‍ നിന്നും മോചിപ്പിക്കണമേ. അങ്ങയുടെ വിശുദ്ധ കുര്‍ബാന സ്ഥാപനത്തിന്റെ ഓര്‍മ്മ പുതുക്കാനും അനുഭവിക്കാനും ഈ ആരാധന സമയത്തിലേക്ക് ഞങ്ങളേ വരെയും കടന്നുവന്നിരിക്കുന്നു. നാഥാ ഞങ്ങളെ അനുഗ്രഹിക്കേണമേ. യേശുവെ ഞങ്ങളില്‍ കനിയേണമെ. തമ്പുരാനേ ഞങ്ങളുടെ കൂടെ ആയിരിക്കേണമെ.
നേതാവ്: എപ്പോഴും ഞങ്ങളുടെ കൂടെ ആയിരിക്കുന്ന പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്
സമൂ: എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ.
നേതാവ്: വിശുദ്ധ കുര്‍ബ്ബാനയിലൂടെ ഞങ്ങള്‍ക്ക് സ്വയം നല്കുന്ന പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്
സമൂ: എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ.
നേതാവ്: ഓരോ നിമിഷവും ഞങ്ങളെ കാത്ത് പരിപാലിക്കുന്ന പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്
സമൂ: എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ.
(ഇരിക്കുവാന് നിര്‍ദേശം നല്കുന്നു. വിചിന്തനത്തിന് സഹായകമാകുന്ന ഉപകരണ സംഗീതം താഴ്ന്ന ശബ്ദത്തില്‍ ഉപയോഗിക്കുന്നത് നല്ലതാണ്. നിര്‍ത്തി നിര്‍ത്തി സാവകാശം വിചിന്തനം പറയുന്നു. ഇരിക്കുന്നു.)
വിചിന്തനം
നേതാവ്: പെസഹാനുഭവത്തിന്റെ ആഴങ്ങളിലേക്കിറങ്ങാന്‍ ശ്രമിക്കുകയാണ് ആരാധനയുടെ ഈ മണിക്കൂറില്‍. ഈശോയുടെ പെസഹാ ആഘോഷത്തില്‍ നമ്മള് പങ്കുചേരുന്നു. അത് നമ്മള് അനുഭവിക്കുന്നു. വി. കുര്‍ബാന സ്ഥാപനത്തിന് മുന്‍പ് യേശു രണ്ടുതരം ഒരുക്കങ്ങള്‍ നടത്തുന്നതായി നാം കാണുന്നു. ഒന്ന്, അകന്ന ഒരുക്കം- പെസഹാ ഒരുക്കാന്‍ ശിഷ്യന്മാരെ അയയ്ക്കുന്നതുവഴി ഇത് തുടരുന്നു. രണ്ട്, അടുത്ത ഒരുക്കം- ശിഷ്യരുടെ കാലുകള്‍ കഴുകി ഇത് നടത്തി. അതിനുശേഷമാണ് അവിടുന്ന് വിശുദ്ധ കുര്‍ബാന സ്ഥാപിച്ചത്.ശിഷ്യരിലൂടെ അവിടുന്നു നടത്തിയ അകന്ന ഒരുക്കത്തിലും പാദങ്ങള്‍ കഴുകി അവിടുന്ന് നടത്തിയ അടുത്ത ഒരുക്കത്തിലും പങ്കുചേര്‍ന്ന് നമ്മെ ഒരുക്കിക്കൊണ്ട് അപ്പം മുറിക്കലിന്റെ, കുര്‍ബാനയപ്പത്തിന്റെ പെസഹാനുഭവത്തില് നിറയാന്‍ നമുക്കാഗ്രഹിക്കാം. പ്രാര്‍ത്ഥിക്കാം.
വചനം: ലൂക്ക 22:7-13
പെസഹാക്കുഞ്ഞാടിനെ ബലികഴിക്കേണ്ടിയിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിനം വന്നുചേര്‍ന്നു. യേശു പത്രോസിനെയും യോഹന്നാനെയും അയച്ചുകൊണ്ടു പറഞ്ഞു: നിങ്ങള്‍ പോയി നമുക്കു പെസഹാ ഭക്ഷിക്കേണ്ടതിന് ഒരുക്കങ്ങള്‍ ചെയ്യുവിന്‍. അവര്‍ അവനോടു ചോദിച്ചു. ഞങ്ങള്‍ എവിടെ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്? അവന് പറഞ്ഞു: ഇതാ, നിങ്ങള്‍ പട്ടണത്തിലേക്കു പ്രവേശിക്കുമ്പോള്‍ ഒരു കുടം വെള്ളം ചുമന്നു കൊണ്ട് ഒരുവന് നിങ്ങള്‍ക്കെതിരേ വരും. അവന് പ്രവേശിക്കുന്ന വീട്ടിലേക്കു നിങ്ങള്‍ അവനെ പിന്തുടരുക. ആ വീടിന്റെ ഉടമസ്ഥനോടു പറയുക: ഗുരു നിന്നോടു ചോദിക്കുന്നു, എന്റെ ശിഷ്യന്മാരോടുകൂടെ ഞാന്‍ പെസഹാ ഭക്ഷിക്കുന്നതിനുള്ള വിരുന്നുശാല എവിടെയാണ്? സജ്ജീകൃതമായ ഒരു വലിയ മാളിക മുറി അവന് നിങ്ങള്‍ക്കു കാണിച്ചുതരും. അവിടെ ഒരുക്കുക. അവര്‍ പോയി അവന് പറഞ്ഞതുപോലെ കണ്ടു; പെസഹാ ഒരുക്കുകയും ചെയ്തു.
നേതാവ്: പെസഹായുടെ ഒരുക്കം തുടങ്ങുന്നു. ഈശോ പത്രോസിനെയും യോഹന്നാനെയും അയക്കുകയാണ് പെസഹാ ഒരുക്കാന്‍. തനിക്കും കൂടെയുള്ള ശിഷ്യര്‍ക്കും വേണ്ടി പെസഹാ ഒരുക്കാന്‍.
ആരാധനയുടെ നിമിഷങ്ങളില്‍ നമുക്കു തമ്പുരാനില്‍ അയയ്ക്കപ്പെടാം. പത്രോസിനെയും യോഹന്നാനെയും പോലെ. എല്ലാവര്ക്കും വേണ്ടി പെസഹാ ഒരുക്കാന്‍ നമുക്കു നമ്മുടെ വീടുകളിലേക്കു പോകാം. ജോലി സ്ഥലത്തേക്കു പോകാം. നമ്മുടെ നാട്ടിലേക്കു പോകാം. നമ്മുടെ ചുറ്റുപാടുകളിലേക്കു പോകാം. ഒത്തിരിപ്പേരുണ്ട് ഈ ആരാധനയില്‍ പങ്കുചേരാന്‍ പറ്റാത്തവര്‍. തിരക്കുകള്‍ ഉള്ളവര്‍, സമയമില്ലാത്തവര്‍, രോഗം മൂലം വരാന്‍ പറ്റാത്തവര്‍, വരാന്‍ താത്പര്യമില്ലാത്തവര്‍ – എല്ലാവരെയും നമുക്കു കൂട്ടികൊണ്ടുവരാം. അവരെ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാം. അവര്‍ക്കെല്ലാവര്‍ക്കും വേണ്ടി നമുക്കു പെസഹാ ഒരുക്കാം; യോഹന്നാനെയും പത്രോസിനെയുപോലെ.
(ഓരോ പ്രാര്‍ത്ഥനയ്ക്കു ശേഷവും സമര്‍പ്പണത്തിന്റെ ഈരടികള്‍ പാടുക. ഓരോ ഇടവകയ്ക്കും സമൂഹത്തിനും അനുയോജ്യമായ സമര്‍പ്പണത്തിന്റെ പ്രാര്‍ത്ഥനകള്‍ കൂട്ടിച്ചേര്‍ക്കാവുന്നതാണ്.)
നേതാവ്: ഈ ആരാധനയില്‍ പങ്കുചേരാന്‍ കഴിയാതെ ഞങ്ങളുടെ വീടുകളിലായിരിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ടവരെ സമര്‍പ്പിക്കുന്നു.
നാഥാ സമര്‍പ്പിക്കുന്നു ഇവരെ സമര്‍പ്പിക്കുന്നു
പൂര്‍ണ്ണമായര്‍പ്പിക്കുന്നു കാഴ്ചയായര്‍പ്പിക്കുന്നു
നേതാവ്: രോഗം മൂലം ഇവിടെ വരാന്‍ പറ്റാതെ പോയ ഞങ്ങളുടെ പ്രിയപ്പെട്ടവരെ സമര്‍പ്പിക്കുന്നു.
അര്‍പ്പണം അര്‍പ്പണം ആത്മാര്‍പ്പണം
യേശുവെ നിന് മുമ്പില്‍ ഹൃദയാര്‍പ്പണം…
നേതാവ്: ജോലിയില്‍ നിന്നും അവധി കിട്ടാത്തതിനാല്‍ ഈ ആരാധനയില്‍ പങ്കുകൊള്ളാന്‍ പറ്റാതെ പോയവരെ
സമര്‍പ്പണത്തിന് സമയമായി സമര്പ്പിക്കുവിന് സകലതും
ദൈവം നിന്നോടു ചോദിപ്പതൊക്കെയും നല്കുവാന് ഒരുങ്ങീടുവിന്‍
നേതാവ്: തിരക്കുപിടിച്ച യാത്രകളിലായതിനാല്‍ ആരാധനയില്‍ പങ്കുചേരാന്‍ പറ്റാത്തവരെ…
നേതാവ്: വിശ്വാസം ഉപേക്ഷിച്ച് ആരാധനയുടെ ഒന്നും ആവശ്യമില്ല എന്നു കരുതിക്കഴിയുന്നവരെ…
നേതാവ്: അന്നന്നത്തെ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കുന്നതിനാല്‍ വരാന്‍ പറ്റാത്തവരെ…
നേതാവ്: ഒപ്പം നമ്മുടെ രാഷ്ട്രത്തെ – രാഷ്ട്രീയ നേതാക്കളെ; എല്ലാ ജനങ്ങളെയും.
നേതാവ്: സഭയെ സമര്‍പ്പിക്കാം; സഭയ്ക്കു നേതൃത്വം നല്‍കുന്നവരെ;
നേതാവ്: ഇടവകയെ സമര്‍പ്പിക്കാം. നയിക്കുന്ന ബഹു. വികാരിയച്ചനെയും സഹവികാരിയച്ചനേയും
നേതാവ്: ഇടവകയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ബഹു. സിസ്റ്റേഴ്സിനെയും
നേതാവ്: ഇടവകയിലെ ഓരോ കുടുംബത്തെയും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാം.
(അനുയോജ്യമായ പ്രാർത്ഥനകൾ കൂട്ടിച്ചേർക്കാവുന്നതാണ്.)
നേതാവ്: എഴുന്നേറ്റ് നിന്ന് ഇരുകരങ്ങളും നെഞ്ചോടു ചേര്‍ത്തുപിടിച്ച് ചൊല്ലിത്തരുന്ന പ്രാര്‍ത്ഥന ഏറ്റു ചെല്ലാം.
(എഴുന്നേല്ക്കുന്നു. പ്രാര്‍ത്ഥന ചൊല്ലിക്കൊടുക്കുന്നു)
പ്രാര്‍ത്ഥന
നേതാവ്: ദിവ്യകാരുണ്യമേ/ നല്ല ഈശോയെ/ ഞങ്ങളുടെ മനസ്സിലുള്ള സകല വിചാരങ്ങളും/ വികാരങ്ങളും/ ആശങ്കകളും/ അസ്വസ്ഥതകളും/ ആശയും നിരാശയും/ സ്നേഹവും വെറുപ്പും/ നിനക്കു സമര്‍പ്പിക്കുന്നു/. തമ്പുരാനെ/ ഉള്ളിലുള്ള നന്മയും തിന്മയും/ വിശുദ്ധിയും അശുദ്ധിയും/ നിനക്കു തരുന്നു/ തമ്പുരാനെ/ എന്റെ സ്വപ്നങ്ങളും/ പ്രതീക്ഷകളും/ നിന്റെ മുമ്പില്‍ കാഴ്ചവക്കുന്നു/ നാഥാ/ ഞങ്ങളെ കഴുകി വിശുദ്ധീകരിക്കണേ/ ഞങ്ങളുടെ ചിന്തകളെ/ വിശുദ്ധീകരിക്കണേ/ ഞങ്ങളുടെ വികാരങ്ങളെ/ വിശുദ്ധീകരിക്കണേ/ നാഥാ/ എന്നും/ ഞങ്ങളുടെ കൂടെ ആയിരിക്കണേ.
(തുടര്‍ന്ന് സമര്‍പ്പണ ഗാനം ആലപിക്കുന്നു)
ഗാനം: സമര്‍പ്പണം ചെയ്തിടുന്നേശുവേ
മനവും ഹൃദയവും അങ്ങേയ്ക്കിതാ
നാഥാ സ്വീകരിക്കൂ എന്നെ സ്വീകരിക്കൂ
നിന്റേതായ് തീര്‍ത്തീടുവാന്‍ കനിയൂ (2)
കാല്‍വരിയിലെ ആത്മാര്‍പ്പണം
ഓര്‍ക്കുന്ന ഈ വേളയില്‍
എനിക്കേകുവാനെന്നെ മാത്രം
നാഥാ സ്വീകരിക്കൂ എന്നെ സ്വീകരിക്കൂ
നിന്റേതായ് തീര്ത്തിടുവാന് കനിയൂ (2)
നേതാവ്: പെസഹാനുഭവത്തിന്റെ അടുത്ത ഒരുക്കത്തിലേക്ക് നമുക്കു പ്രവേശിക്കാം. നമുക്ക് വചനം ശ്രവിക്കാം.
വചനം: യോഹ. 13:4-9
അത്താഴത്തിനിടയില്‍ അവന് എഴുന്നേറ്റ്, മേലങ്കി മാറ്റി, ഒരു തൂവാലയെടുത്ത് അരയില്‍ കെട്ടി. അനന്തരം, ഒരു താലത്തില്‍ വെള്ളമെടുത്ത് ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകാനും അരയില്‍ ചുറ്റിയിരുന്ന തൂവാലകൊണ്ടു തുടയ്ക്കാനും തുടങ്ങി. അവന് ശിമയോന് പത്രോസിന്റെ അടുത്തെത്തി. പത്രോസ് അവനോടു ചോദിച്ചു: കര്‍ത്താവേ, നീ എന്റെ കാല് കഴുകുകയോ? യേശു പറഞ്ഞു: ഞാന്‍ ചെയ്യുന്നതെന്തെന്ന് ഇപ്പോള്‍ നീ അറിയുന്നില്ല; എന്നാല്‍ പിന്നീട് അറിയും. പത്രോസ് പറഞ്ഞു: നീ ഒരിക്കലും എന്റെ പാദം കഴുകരുത്. യേശു പറഞ്ഞു: ഞാന്‍ നിന്നെ കഴുകുന്നില്ലെങ്കില്‍ നിനക്ക് എന്നോടുകൂടെ പങ്കില്ല. ശിമയോന് പത്രോസ് പറഞ്ഞു: കര്‍ത്താവേ, എങ്കില്‍ എന്റെ പാദങ്ങള്‍ മാത്രമല്ല, കരങ്ങളും ശിരസ്സും കൂടി കഴുകണമേ!
(ഇരിക്കുവാന് നിര്‍ദ്ദേശം നല്കുന്നു. തുടര്‍ന്നുള്ള വിചിന്തനത്തിനും ഉപകരണ സംഗീതം ഉപയോഗിക്കാവുന്നതാണ്. എല്ലാവരും ഇരിക്കുന്നു.)
വിചിന്തനം
നേതാവ്: ശിഷ്യരായ യോഹന്നാനെയും പത്രോസിനെയും അയച്ച് അകന്ന ഒരുക്കം നടത്തിയ ഈശോ, ഇവിടെ അവിടുന്നു തന്നെ ശിഷ്യരെ പെസഹാനുഭവത്തിനായി അടുത്ത് ഒരുക്കുകയാണ്; ഓരോരുത്തരെയും വ്യക്തിപരമായി ഒരുക്കുകയാണ്. ഓരോരുത്തരുടെയും പാദങ്ങള്‍ കഴുകിത്തുടച്ച് ചുംബിച്ചു കൊണ്ട്.
നമുക്കും ഇപ്പോള്‍ ഒരുക്കപ്പെടാം തമ്പുരാനീശോയാല്. ഓരോരുത്തര്‍ക്കും വ്യക്തിപരമായി ഒരുക്കപ്പെടാം. അവിടുന്ന് എഴുന്നേറ്റ് എന്റെ മുമ്പില്‍ മുട്ടുകുത്തുകയാണ്. എന്നെയും കഴുകി ഒരുക്കുവിന്‍. അവിടുന്ന് എന്നെ കഴുകുന്നില്ലെങ്കില്‍ എനിക്ക് അവിടത്തോട് കൂടെ പങ്കില്ല. അവിടുന്ന് നമ്മുടെ ഓരോരുത്തരുടെയും പാദങ്ങള്‍ കഴുകിത്തുടച്ച് ഉമ്മവയ്ക്കുന്നതിന്റെ അനുഭവം നുകരാം. നമുക്ക് അവിടുത്തെ സന്നിധിയില്‍ നിശബ്ദരായി വെറുതെയിരിക്കാം; ചുമ്മാതിരിക്കാം.
(അല്പ നേരത്തേക്ക് നിശബ്ദത. പ്രാര്‍ത്ഥനക്ക് സഹായകമായ രീതിയില്‍ ഉപകരണ സംഗീതം ഉപയോഗിക്കാവുന്നതാണ് വിചിന്തനം തുടരുന്നു)
നേതാവ്: നമ്മുടെ വിഷമങ്ങളും വേദനകളും ആകുലതകളും ആശങ്കകളും ആശകളും അനുഗ്രഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും നമുക്ക് നമ്മുടെ ഓര്‍മ്മയിലേക്കു കൊണ്ടുവരാം. കാലുകഴുകുവാന്‍ മുട്ടുകുത്തി നില്ക്കുന്ന ഈശോയോട് എല്ലാം തുറന്നുപറയാം. എന്നില്‍ പാപമില്ലെന്ന ഭാവം എനിക്കുണ്ട്. നീതിമാനെന്ന് ചമയാറുണ്ട്. അങ്ങ് എന്റെ പാദം കഴുകേണ്ടതുണ്ടോ എന്ന് ചിന്തിച്ച നിമിഷങ്ങള്‍, അവിടുന്ന് എന്റെ മുമ്പില്‍ കാത്തിരിക്കുന്നു. എന്റെ വേദനയുടെ കഥകള്‍ കേള്‍ക്കാന്‍, എന്നെ കഴുകുത്തുടച്ച് ഉമ്മ വയ്ക്കാന്‍, നമുക്ക് മനസ് തുറന്ന് നമ്മുടെ വേദനകളെല്ലാം തമ്പുരാന്റെ മുമ്പില്‍ പങ്കിടാം. നമുക്കു പാടി പ്രാര്‍ത്ഥിക്കാം.
ഗാനം: ഒരു നിമിഷം എന്‍ യേശുവിന്മുമ്പില്
ഒന്നു മനസ്സുതുറന്ന് പങ്കിടാന്‍ ദാഹം
കദനമേറുമെന്‍ കഥപറയുമ്പോള്‍
കരുണയോടതു മുഴുവന്‍ കേള്‍ക്കാന്‍
നാഥാ നീ മാത്രം കാത്തിരുന്നിതുവരെയും
ക്രൂശില്‍ നീ ചേര്‍ത്തു എന്റെ രോഗദുരിതങ്ങളെല്ലാം… (ഒരു നിമിഷം)
കാരിരുമ്പിന് ആണിയേക്കാള്‍ കഠോരവേദനയേകി ഞാന്‍
ഏറെ നാളായ് പാപം ചെയ്ത് നിനക്കു മുള്‍മുടി മെനഞ്ഞു ഞാന്‍
ക്രൂശിതാ ക്ഷമിക്കൂ… മറന്നുപോകില്ല
നിന്‍സ്നേഹം ഞാന്‍
മനസു ഞാനങ്ങിലര്പ്പിച്ചിടാം… (ഒരു നിമിഷം…)
പാപമെന്നില്‍ ഇല്ലയെന്ന് നിരന്തരം ഞാനോര്‍ത്തുപോയ്
നീതിമാനായ് ഞാന്‍ ചമഞ്ഞ് ചെയ്യേണ്ട നന്മകള് മറന്നു പോയ്
യേശുവെ കനിയൂ…. അകന്നുപോകാതെ
നിന്നാത്മനെ പകരണേ
യെന്നുമെന്‍ ജീവനില്‍…. (ഒരു നിമിഷം)
നേതാവ്: നാം ഇപ്പോള്‍ ഒത്തിരിയേറെ ശാന്തത അനുഭവിക്കുന്നു. തമ്പുരാനില്‍ കഴുകി ഒരുക്കപ്പെട്ടതിന്റെ ശാന്തത. ഈ ശാന്തതയോടുകൂടി ഒരുക്കത്തോടെ അപ്പം മുറിക്കലിന്റെ പെസഹാനുഭവത്തിലേക്ക് നമുക്കു പോകാം.
വചനം: മര്‍ക്കോ. 14:22-25
അവര്‍ ഭക്ഷിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു അപ്പമെടുത്ത്, ആശീര്‍വദിച്ച്, മുറിച്ച്, അവര്‍ക്കു നല്‍കിക്കൊണ്ട് അരുളിച്ചെയ്തു: ഇതു സ്വീകരിക്കുവിന്‍; ഇത് എന്റെ ശരീരമാണ്. അനന്തരം, പാനപാത്രം എടുത്ത്, കൃതജ്ഞതാസ് തോത്രം ചെയ്ത്, അവര്‍ക്കു നല്കി. എല്ലാവരും അതില്‍ നിന്നു പാനം ചെയ്തു. അവന് അവരോട് അരുളിച്ചെയ്തു: ഇത് അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്തമാണ്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവരാജ്യത്തില്‍ ഞാന്‍ ഇതു നവമായി പാനം ചെയ്യുന്ന ദിവസംവരെ മുന്തിരിയുടെ ഫലത്തില്‍ നിന്ന് ഇനി ഞാന്‍ കുടിക്കുകയില്ല.
വിചിന്തനം
നേതാവ്: ഈശോ മുറിയപ്പെടുകയാണ്. എനിക്കുവേണ്ടി ഈശോ തന്നത്തന്നെ മുറിച്ചു വിളമ്പുകയാണ്. ഈശോ ക്ഷണിക്കുകയാണ് എന്നെ ‘വരിക, എന്റെ അടുത്തു വരിക. കാണുക, ഇതാ എന്റെ ശരീരം. ഇത് നീ ഭക്ഷിക്കുക. ഇതാ എന്റെ രക്തം; ഇത് നീ കുടിക്കുക.’ ഈശോ മുറിയപ്പെടുകയാണ് എനിക്കുവേണ്ടി. ഈശോ തന്നെത്തന്നെ മുറിച്ചു വിളമ്പുകയാണ്. എന്റെ അപ്പമായിത്തീരുകയാണ്.
ഗാനം: ദിവ്യകാരുണ്യമേ ബലിവേദിയില്‍
ഞങ്ങള്‍ക്കായ് മുറിയും അപ്പമാണു നീ
ജീവന് സമൃദ്ധമായ് ഉണ്ടാകുവാന്‍
സ്വയമെ ശൂന്യമാകുന്നു. (ദിവ്യകാരുണ്യ…)
മേശയ്ക്കുചുറ്റും ഒരുമിച്ചുകൂട്ടുന്ന സ്നേഹവിരുന്നാണ് നീ (2)
ഭിന്നതകള്‍ വെടിഞ്ഞൊന്നുചേരാന്
കൂട്ടായ്മയില്‍ വളര്‍ന്നീടാന്‍
ഐക്യത്തില്‍ ഞങ്ങള്‍ പുലരാന്‍ തുണയ്ക്കും
പങ്കുവയ്പ്പനുഭവം നല്കിയാലും (ദിവ്യകാരുണ്യ…)
അനുരജ്ഞനത്തിന്റെ വരദാനമേകുന്ന കൂദാശയര്‍പ്പണമല്ലോ (2)
ശത്രുതകള്‍ അകന്നൊന്നു ചേരാന്‍
രമ്യതയില്‍ തഴച്ചീടാന്‍
സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ വാഴാന്‍ തുണയ്ക്കും
ബലിദാന ചൈതന്യമേകിയാലും (ദിവ്യകാരുണ്യ…)
നേതാവ്: ഈശോ എന്റെ ഉള്ളിലാവുകയാണ്. ഈശോയുടെ കൂടെ ആയിരിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. എന്നാല്‍ അവിടുന്ന് എന്റെ ഉള്ളിലാവുകയാണ്. ഇതാണ് കുര്‍ബാനയനുഭവം. ഇന്ന് ഇപ്പോള്‍ നാം ഇത് അനുഭ വിക്കുന്നു. മുട്ടുകുത്തി നിന്ന് ചൊല്ലിത്തരുന്ന പ്രാര്‍ത്ഥന നമുക്ക് ഏറ്റു ചൊല്ലാം.
(എല്ലാവരും മുട്ടുകുത്തുന്നു. പ്രാര്‍ത്ഥന ചൊല്ലിക്കൊടുക്കുന്നു)
നേതാവ്: എന്റെ ഈശോയെ/ നീ എന്റെ ഉള്ളില്‍ വന്നതിനുശേഷം/ എന്നെ വിട്ട്/ എങ്ങും പോകരുതേ/ അങ്ങേയ്ക്കിഷ്ടമുള്ള/ പ്രവൃത്തികള്‍ ചെയ്ത്/ എന്റെ ഹൃദയത്തില്‍/ ഒരു നല്ല പൂമണ്ഡലം/ ഒരുക്കാം/ എപ്പോഴും/ അങ്ങ് എന്റെ കൂടെ/ ഉണ്ടായിരിക്കണമേ/ എന്റെ എല്ലാ പ്രവര്‍ത്തികളെയും/ വിശുദ്ധീകരിക്കണമെ/ സദാ/ എന്നെ നയിക്കേണമെ/ ഒരിക്കലും/ എന്നില്‍ നിന്ന്/ അകന്നുപോകരുതേ.
നേതാവ്: നമുക്ക് കൈകള്‍ യാചനാ രൂപത്തില്‍ പിടിച്ച് ”വാവാ യേശു നാഥാ” എന്ന ഗാനം പാടിക്കൊണ്ട് യേശുവിന്റെ ആശീര്‍വാദം സ്വീകരിക്കാം.
ഗാനം: വാവാ യേശുനാഥാ വാവാ സ്നേഹനാഥാ
ഹായെന്‍ ഹൃദയം തേടീടും സ്നേഹമേ നീ (വാവാ യേശുനാഥാ…)
നീയെന്‍ പ്രാണനാഥന് നീയെന്‍ സ്നേഹരാജന്
നിന്നിലെല്ലാമെന്‍ ജീവനും സ്നേഹവുമേ… (വാവാ യേശുനാഥാ…)
പാരിലില്ലിതുപോല്‍ വാനിലില്ലിതുപോല്‍
നീയൊഴിഞ്ഞുള്ളോരാനന്ദം ചിന്തിച്ചീടാന്‍ (വാവാ യേശുനാഥാ…)
പൂക്കള്‍ക്കില്ല പ്രഭ തേന്‍ മധുരമല്ല
നീ വരുമ്പോഴെന്നാനന്ദം വര്‍ണ്ണ്യമല്ല (വാവാ യേശുനാഥാ…)
വേണ്ട പോകരുതേ നാഥാ നില്ക്കേണമേ
തീര്ത്തുക്കൊള്ളാം ഞാന്‍ നല്ലൊരു പൂമണ്ഡപം (വാവാ യേശു..)
ആധി ചേരുകിലും വ്യാധി നോവുകിലും
നീയരികിലെന്നാലെനിക്കാശ്വാസമേ (വാവാ യേശുനാഥാ…)
ഫാ. വിന്‍സന്റ് ശ്രാമ്പിക്കല്‍